കേരളം

kerala

By

Published : Mar 27, 2023, 10:53 AM IST

ETV Bharat / entertainment

എന്ത്‌ പറയണമെന്നറിയാതെ മോഹന്‍ലാല്‍? നിങ്ങള്‍ എന്‍റെ കുട്ടിക്കാലമായിരുന്നുവെന്ന് ദുല്‍ഖര്‍; ഇന്നസെന്‍റിന് ആദരാഞ്ജലി

ഇന്നസെന്‍റിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മലയാള സിനിമ ലോകം. മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, സലിം കുമാര്‍, മുകേഷ് തുടങ്ങിയവരാണ് താരത്തിന് അനുശോചനം രേഖപ്പെടുത്തിയത്.

Malayalam Film Industry pays tribute to Innocent  Innocent  എന്ത്‌ പറയണമെന്നറിയാതെ മോഹന്‍ലാല്‍  എന്‍റെ കുട്ടിക്കാലമായിരുന്നുവെന്ന് ദുല്‍ഖര്‍  ദുല്‍ഖര്‍  മോഹന്‍ലാല്‍  ഇന്നസെന്‍റിന് ആദരാഞ്ജലികള്‍  ഇന്നസെന്‍റ്‌  ഇന്നസെന്‍റിനെ അനുസ്‌മരിച്ച് മോഹന്‍ലാല്‍
ഇന്നസെന്‍റിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മലയാള സിനിമ ലോകം

അന്തരിച്ച പ്രശസ്‌ത ഹാസ്യ നടന്‍ ഇന്നസെന്‍റിനെ അനുസ്‌മരിച്ച് മോഹന്‍ലാല്‍. മലയാള സിനിമയ്‌ക്ക് പകരം വയ്‌ക്കാനില്ലാത്ത ഒരു അതുല്യ പ്രഭിതയായിരുന്നു ഇന്നസെന്‍റ്‌. ഇന്നസെന്‍റിന്‍റെ വിയോഗത്തില്‍ നടന് ആദരാഞ്ജലി അര്‍പ്പിച്ച് മലയാള സിനിമ ലോകം. മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, മുകേഷ്, സലിം കുമാര്‍, ഗായകന്‍ ഉണ്ണി മേനോന്‍ തുടങ്ങി നിരവധി പേരാണ് താരത്തിന് ഫേസ്‌ബുക്കിലൂടെ അനുശോചനം രേഖപ്പെടുത്തിയത്.

എൻ്റെ ഇന്നസെൻ്റ് എന്നും കൂടെത്തന്നെ ഉണ്ടാവുമെന്നാന് മോഹന്‍ലാല്‍ കുറിച്ചത്. 'എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ്... ആ പേരു പോലെ തന്നെ നിഷ്‌കളങ്കമായി ലോകത്തിന് മുഴുവൻ നിറഞ്ഞ ചിരിയും സ്നേഹവും സാന്ത്വനവും പകർന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെ പോലെ ചേർത്തു പിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്‌കളങ്ക ചിരിയും സ്നേഹവും ശാസനയുമായി . എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടി വരാൻ ഇനിയും നിങ്ങൾ ഇവിടെത്തന്നെ കാണും...' -മോഹന്‍ലാല്‍ കുറിച്ചു.

'നമ്മുടെ നക്ഷത്രസമൂഹത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രത്തെ നമുക്ക് നഷ്‌ടപ്പെട്ടു. ഞങ്ങൾ കരയുന്നത് വരെ നിങ്ങൾ ഞങ്ങളെ ചിരിപ്പിച്ചു. ഞങ്ങളുടെ ഉള്ളു വേദനിക്കും വരെ നിങ്ങള്‍ ഞങ്ങളെ കരയിപ്പിക്കും. നിങ്ങൾ ഒരു അതുല്യ നടനായിരുന്നു. കാലാതീതനായ എക്കാലത്തെയും മഹാന്മാരിൽ ഒരാൾ. അതിനപ്പുറം നിങ്ങള്‍ അത്ഭുതമായിരുന്നു. കുടുംബമായിരുന്നു. എനിക്ക്, സ്‌ക്രീനില്‍ കണ്ട പ്രേക്ഷകര്‍ക്ക് കണ്ടുമുട്ടിയ എല്ലാവര്‍ക്കും.

നിങ്ങളെ അടുത്തറിയാനുള്ള ഭാഗ്യം എനിക്കുണ്ടായി. എന്‍റെ അച്ഛന്‍റെ സഹോദരനെ പോലെ, സുറുമിക്കും എനിക്കും അമ്മാവനെ പോലെ. നിങ്ങള്‍ എന്‍റെ കുട്ടിക്കാലമായിരുന്നു. അന്നും ഇന്നും നിങ്ങള്‍ക്ക് കഥകളായി മാറി. എപ്പോഴും ആളുകളെ ഒത്തുകൂട്ടി. എന്‍റെ എഴുത്ത് പോലെ നിങ്ങളെ കുറിച്ചുള്ള ചിന്തകള്‍ എല്ലായിടത്തും ഉണ്ട്. ഇന്നസെന്‍റ് അങ്കിള്‍ ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു.' -ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു.

'വിട... സിനിമയിലെ പോലെ ജീവിതത്തിലും നർമ്മം കാത്തു സൂക്ഷിച്ചിരുന്നുവെങ്കിലും... ഗൗരവമേറിയ പ്രതിസന്ധികളിൽ ചേട്ടൻ ഒരു വലിയ സ്വാന്തനമായിരുന്നു ... പതിറ്റാണ്ടുകളുടെ ഊഷ്‌മള ബന്ധം.. സുഖമില്ലാതെ ഇരുന്നിട്ട് കൂടി രണ്ടാമതും എനിക്കുവേണ്ടി കൊല്ലത്ത് പ്രചാരണത്തിന് എത്തിയിരുന്നു... നിലപാടുകളിൽ മായം ചേർക്കാത്ത എന്‍റെ പ്രിയപ്പെട്ട കലാകാരന്, ജ്യേഷ്‌ഠ സഹോദരന്, അന്ത്യാഭിവാദ്യങ്ങൾ' -മുകേഷ് കുറിച്ചു.

'ഇന്നസെന്‍റ് എന്ന ചിരിമഴ പെയ്‌തു തീർന്നു. എങ്കിലും ആ മഴ ചങ്കിലെ വൃക്ഷ തലപ്പുകളിൽ ബാക്കി വച്ചിട്ട് പോയ മഴത്തുള്ളികൾ ഓർമകളുടെ നനുത്ത കാറ്റിൽ ജീവിതാവസാനം വരെ നമ്മളിൽ പെയ്‌തു കൊണ്ടേയിരിക്കും. ഇന്നസെന്‍റ്‌ ചേട്ടന് ഞാൻ ആദരാഞ്ജലി അർപ്പിക്കുന്നില്ല, മരിച്ചു പോയി എന്നും ഞാൻ വിശ്വസിക്കുന്നില്ല, അദ്ദേഹം ദൂരെ എവിടെയോ, നമുക്കൊന്നും കാണാൻ പറ്റാത്ത ഒരു ലൊക്കേഷനിൽ ഷൂട്ടിങ്ങിന് പോയതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ഞാനുമുണ്ട് ആ സിനിമയിൽ പക്ഷേ എന്‍റെ ഡേറ്റ് ഇതുവരെ ആയിട്ടില്ല, ആവും, ആവാതിരിക്കാൻ പറ്റില്ലലോ. എന്നാലും മാസത്തിൽ രണ്ടു തവണയെങ്കിലും എന്‍റെ ഫോണിൽ തെളിഞ്ഞു വരാറുള്ള ഇന്നസെന്‍റ്‌ എന്ന പേര് ഇനി മുതൽ വരില്ല എന്നോർക്കുമ്പോൾ.....' -സലിം കുമാര്‍ കുറിച്ചു.

'നർമത്തിന്‍റെ തമ്പുരാന് ആദരാഞ്ജലികൾ.. എന്‍റെ ഇന്നച്ചന് വിട' - എന്ന് സുരേഷ് ഗോപിയും കുറിച്ചു. 'മലയാള മണ്ണിൽ നിന്നും ഒരിക്കലും മായാനാകാത്ത ആ ചിരിക്ക് പ്രണാമം.' -ഇപ്രകാരമാണ് പിന്നണി ഗായകന്‍ ഉണ്ണി മേനോന്‍ കുറിച്ചത്.

Also Read:വാക്കുകൾ മുറിയുന്നുവെന്ന് ദിലീപ്, നൽകിയ ചിരികൾക്ക് നന്ദി പറഞ്ഞ് മഞ്ജു, ഐതിഹാസിക അധ്യായത്തിന്‍റെ അവസാനമെന്ന് പൃഥ്വി

ABOUT THE AUTHOR

...view details