മലയാളികളുടെ പ്രിയ ഹാസ്യ നടന്‍ കൊച്ചു പ്രേമന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മലയാളി സിനിമ ലോകം. മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, സുരേഷ് ഗോപി, ജയറാം തുടങ്ങി സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെ യുവ താരങ്ങളും അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ഒരു ലഘു അനുശോചന കുറിപ്പുമായാണ് മോഹന്‍ലാല്‍ രംഗത്തെത്തിയത്. കോളജ് പഠന കാലം മുതലുള്ള ആത്മബന്ധമാണ് കൊച്ചുപ്രേമനുമായി എന്നാണ് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്. അദ്ദേഹത്തിന്‍റെ വേര്‍പാട് തീരാ നഷ്‌ടമാണെന്നും മോഹന്‍ലാല്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.
'പ്രിയപ്പെട്ട കൊച്ചുപ്രേമൻ യാത്രയായി. ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും സ്നേഹം നേടിയെടുത്തും നമ്മളിലൊരാളായി ജീവിച്ച അനുഗ്രഹീത കലാകാരൻ ആയിരുന്നു അദ്ദേഹം. കോളജിൽ പഠിക്കുന്ന കാലം തൊട്ടേയുള്ള ആത്മബന്ധമാണ് കൊച്ചുപ്രേമനുമായി എനിക്കുണ്ടായിരുന്നത്. അവസാനമായി ഞങ്ങൾ ഒന്നിച്ചത് 'ആറാട്ട്' എന്ന സിനിമയിലാണ്. വ്യക്തിപരമായി അദ്ദേഹത്തിന്‍റെ വേർപാട് എനിക്ക് തീരാനഷ്‌ടം തന്നെയാണ്. ആ സ്നേഹച്ചിരിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.'-മോഹന്‍ലാല്‍ കുറിച്ചു.