മലയാളികളുടെ പ്രിയ സംവിധായകന്‍ സിദ്ദിഖിന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മലയാള സിനിമാലോകം. സിദ്ദിഖിന്‍റെ മരണത്തില്‍ ഹൃദയം തൊടുന്ന കുറിപ്പുകളുമായാണ് താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും നേരത്തേ സംവിധായകന് ആദരാഞ്ജലികള്‍ നേര്‍ന്നിരുന്നു. ഇതിന് പിന്നാലെ മറ്റ് താരങ്ങളും പ്രിയ സംവിധായകന്‍റെ വിയോഗത്തില്‍ അനുശോചിച്ചു.
പ്രിയ സുഹൃത്ത് സിദ്ദിഖിന് ആദരാഞ്ജലികൾ എന്നാണ് സുരേഷ് ഗോപി സോഷ്യല്‍ മീഡിയയിലൂടെ അനുശോചനം രേഖപ്പെടുത്തിയത്. തന്‍റെ ഏറ്റവും പ്രിയപ്പെട്ടവരില്‍ ഒരാള്‍ ആണ് സിദ്ദിഖ് എന്നാണ് മഞ്ജു വാര്യര്‍ കുറിച്ചിരിക്കുന്നത്. 'അങ്ങ് ഞങ്ങള്‍ക്ക് സമ്മാനിച്ച ചിരിയുടെ നിമിഷങ്ങള്‍ എന്നും നിലനില്‍ക്കും. എന്‍റെ ഏറ്റവും പ്രിയപ്പെട്ടവരില്‍ ഒരാള്‍, വിട' - മഞ്ജു വാര്യര്‍ കുറിച്ചു.
'ഏറ്റവും സൗമ്യമായ ആത്മാവ്. വളരെ ദയയുള്ള മനുഷ്യൻ. പ്രതിഭാധനനായ എഴുത്തുകാരൻ/സംവിധായകൻ. അദ്ദേഹത്തിന്‍റെ മൃദുലമായ പെരുമാറ്റത്തിന് പിന്നിൽ മറഞ്ഞിരിക്കുന്ന അവിശ്വസനീയമായ നർമം. ഒരുപാട് മികച്ച സിനിമകൾ അദ്ദേഹം നൽകി. ആ സിനിമകളിലെ പല സംഭാഷണങ്ങളും ദൈനംദിന ജീവിതത്തില്‍ നാം ഉപയോഗിക്കാറുണ്ട്. അദ്ദേഹത്തിന്‍റെ വിയോഗം നികത്താനാവാത്ത നഷ്‌ടമാണ്. കുടുംബത്തിനും പ്രിയപ്പെട്ടവർക്കും കരുത്ത് നല്‍കാന്‍ പ്രാര്‍ഥിക്കാം' - ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു.
'പ്രിയ സിദ്ദിക്കാ നിങ്ങളെ എപ്പോഴും മിസ് ചെയ്യും. നിങ്ങൾ എന്‍റെ കുടുംബത്തിന് നൽകിയ സ്നേഹത്തിനും പിന്തുണയ്‌ക്കും നന്ദി പറയാൻ എനിക്ക് വാക്കുകളില്ല. മനോഹരമായ ഓർമകൾക്ക് നന്ദി. നിങ്ങൾ നിങ്ങളായിരിക്കുന്നതിൽ നന്ദിയുണ്ട്. സിദ്ദിക്കയുടെ പുഞ്ചിരി എന്നും എന്‍റെ ഹൃദയത്തിൽ ഉണ്ടാകും' - ഫഹദ് ഫാസിൽ കുറിച്ചു.
Also Read:നര്‍മം മെനഞ്ഞ് രസച്ചരട് മുറുക്കിയ പ്രതിഭ ; സിദ്ദിഖ്, ജനപ്രിയ സിനിമയുടെ അനിഷേധ്യ പ്രയോക്താവ്
'ഹാസ്യത്തിന്‍റെ ഗോഡ്‌ഫാദറിന് വിട പറയുന്നു. സിദ്ദിഖ് ഇക്ക, ഏറ്റവും മികച്ച ഹിറ്റ് മേക്കർമാരിൽ ഒരാളെയും അതിലുപരി ഒരു യഥാർഥ മനുഷ്യനെയും നമുക്ക് നഷ്‌ടമായി. എന്‍റെ കുടുംബത്തിന് അദ്ദേഹം നൽകിയ സ്‌നേഹവും ആദരവും എക്കാലവും നിലനിൽക്കും. അദ്ദേഹത്തിന്‍റെ ആത്മാവിന് വേണ്ടി പ്രാർഥിക്കുകയും അവരുടെ വേർപാടിൽ കുടുംബത്തോടൊപ്പം ചേരുകയും ചെയ്യുന്നു' - കുഞ്ചാക്കോ ബോബൻ കുറിച്ചു.
'നാൽപ്പത് വർഷത്തെ സൗഹൃദം. വളരെ പെട്ടെന്ന് പോയി സുഹൃത്തേ '- ജയറാം കുറിച്ചു.'ചിരിയുടെ ഗോഡ് ഫാദർ വിടവാങ്ങി. പ്രിയ സുഹൃത്ത് സിദ്ദിഖിന് ബാഷ്‌പാഞ്ജലികൾ. മരണം ഒരു ചതിയനെപ്പോലെ കറങ്ങി നടക്കുന്നു എന്ന് തോന്നിപ്പോകുന്നു' - സംവിധായകന്‍ വിനയന്‍ കുറിച്ചു.
Also Read:നിസ്സീമമായ വ്യഥയെന്ന് മമ്മൂട്ടി, സിനിമയിലും ജീവിതത്തിലും ബിഗ് ബ്രദറെന്ന് മോഹന്‍ലാല്‍
'ഒരുപാട് ആഗ്രഹിച്ചിരുന്നെങ്കിലും സിദ്ദിഖ് സാറിന്‍റെ ഒരു സിനിമയിൽ പോലും അഭിനയിക്കാൻ എനിക്ക് സാധിച്ചില്ല. കാലം അതിനുള്ള അവസരങ്ങൾ ഒരുക്കി തന്നിരുന്നില്ല. ഒരു ഹാസ്യകലാകാരൻ എന്ന നിലയിൽ അതൊരു നിർഭാഗ്യമായി തന്നെ കരുതുന്നു. ബാല്യകാലം പൊട്ടിച്ചിരികളിലൂടെ രസകരമാക്കിയ സിനിമകളുടെ സൃഷ്‌ടാവിന്. എന്നും മലയാളികൾക്ക് ഓർത്തോർത്ത് ചിരിക്കാനുള്ള കഥാപാത്രങ്ങളെ സമ്മാനിച്ച അതുല്യ കലാകാരന്, ഹൃദയത്തിൽ നിന്ന് അങ്ങേയറ്റം വേദനയോടെ വിട '- സുരാജ് വെഞ്ഞാറമ്മൂട് കുറിച്ചു.
'സിദ്ദിഖ് വിട പറഞ്ഞു. എന്താണ് പ്രിയ സുഹൃത്തേ നിന്നെ കുറിച്ച് ഞാൻ എഴുതേണ്ടത് ?. എന്നിലെ കലാകാരന്‍റെ കഴിവുകൾ പരമാവധി ഉപയോഗപ്പെടുത്തിയ കഥാപാത്രങ്ങൾ, എന്നെ ഞാൻ ആക്കിയ കഥാപാത്രങ്ങൾ, മുകേഷ് എന്ന നടന് മലയാളികളുടെ ഹൃദയത്തിൽ ചിര പ്രതിഷ്‌ഠ നേടാൻ, ഒരു നൂറ്റാണ്ടിന്‍റെ സിനിമകൾ സൃഷ്‌ടിച്ച രണ്ടുപേരിൽ ഒരാൾ വിട പറഞ്ഞിരിക്കുന്നു. വ്യക്തിപരമായും ഇത് എനിക്ക് നികത്താൻ ആവാത്ത നഷ്‌ടം തന്നെയാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത വിയോഗം. ഈ സാഹചര്യത്തിൽ കൂടുതൽ പറയാൻ ഞാൻ അശക്തനാണ്. ആത്മമിത്രമേ ആദരാഞ്ജലികൾ' - മുകേഷ് കുറിച്ചു.