സംവിധായകന്‍ സിദ്ദിഖിന്‍റെ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തി മലയാള സിനിമയിലെ പ്രമുഖ സംവിധായകര്‍. വിനയന്‍, ജീത്തു ജോസഫ്, വിഎ ശ്രീകുമാര്‍, വിഎം വിനു തുടങ്ങി നിരവധി സംവിധായകര്‍ തങ്ങളുടെ ഫേസ്‌ബുക്ക് പേജിലൂടെ പ്രിയ സഹപ്രവര്‍ത്തകന് അനുശോചനം അറിയിച്ചിരിക്കുകയാണ്.
സിദ്ദിഖിന്‍റെ വിയോഗം തീരാ നഷ്‌ടം എന്നാണ് സംവിധായകന്‍ ജീത്തു ജോസഫ് പ്രതികരിച്ചിരിക്കുന്നത്. 'സിദ്ദിഖ് ഇക്കാ നമ്മളെ വിട്ട് പിരിഞ്ഞു. അതുല്യനായ ഒരു കലാകാരൻ, അതിലുമുപരി എല്ലാവരുടെയും നന്മ മാത്രം ആഗ്രഹിച്ചിരുന്ന ഒരു നല്ല മനുഷ്യൻ. അദ്ദേഹത്തിൻ്റെ വിയോഗം ഒരു തീരാ നഷ്‌ടമാണ്. നമ്മുടെയൊക്കെ മനസ്സിൽ അദ്ദേഹം എന്നും ജീവിക്കും. അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നു.' - ഇപ്രകാരമാണ് ജീത്തു ജോസഫ് ഫേസ്‌ബുക്കില്‍ കുറിച്ചത്.
ആദ്യ സിനിമ മുതൽ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച അപൂർവ്വ പ്രതിഭയാണ് സിദ്ദിഖ് എന്ന് സംവിധായകന്‍ വിഎ ശ്രീകുമാര്‍. 'സിദ്ധിഖ് - ലാൽ എന്ന് ടൈറ്റിൽ ആദ്യമായി കണ്ടത് നാടോടിക്കാറ്റിലാണ്, സ്‌റ്റോറി ഐഡിയ എന്ന ക്രെഡിറ്റ് ലൈനിൽ. പിന്നീടിങ്ങോട്ട് പൊട്ടിച്ചിരിയുടെ കൂട്ടുപേരായി സിദ്ധിഖ്. കൊള്ളാവുന്ന ചിരിയിലേക്കും കഥാപരിസരത്തേയ്‌ക്കും സിനിമയെ മാറ്റി ആ കൂട്ടുകെട്ട്. ബോഡിഗാർഡിലൂടെ ഹിന്ദിയിൽ അദ്ദേഹം നേരിട്ട് എത്തും മുൻപേ അദ്ദേഹത്തിന്‍റെ സിനിമകൾ അവിടെ ഹിറ്റടിച്ചു കഴിഞ്ഞിരുന്നു.
ഹിറ്റ്ലർ മുതൽ ബിഗ് ബ്രദർ വരെയുള്ള ഒറ്റയ്ക്കുള്ള സംവിധായക യാത്രയും സൂപ്പർ ഹിറ്റാക്കി അദ്ദേഹം. ആദ്യ സിനിമ മുതൽ എത്രയധികം സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച അപൂർവ്വ പ്രതിഭ. ചേർത്തു പിടിച്ച സ്നേഹിതൻ - സിദ്ധിഖ് സാർ അതെല്ലാമായിരുന്നു. സ്വപ്‌നത്തിൽ സിനിമയുള്ള ഓരോരുത്തർക്കും പ്രചോദനമാണ് ആ ജീവിതം. പ്രണാമം സിദ്ധിഖ് സാർ' -വിഎ ശ്രീകുമാര്‍ കുറിച്ചു.
'എന്‍റെ പ്രിയപ്പെട്ട സിദ്ദിഖ് കരയിപ്പിച്ചു കടന്നു പോയി... എന്തിനായിരുന്നു സിദ്ദിക്കേ ഇത്ര ധൃതിപിടിച്ചുള്ള യാത്ര? സിനിമ ജാടകളില്ലാത്ത, ഉള്ളു തുറന്ന ചിരിയുമായി ലാളിത്യത്തോടെ എന്നും എന്നോട് ഹൃദയം തുറന്നു സംസാരിച്ച എന്‍റെ സിദ്ദിക്കിനെ എനിക്കിനി കാണാൻ കഴിയില്ലല്ലോ... എത്ര തിരക്കിനിടയിലും രണ്ട് റിങ്ങിനപ്പുറം കാത്തു നിൽപ്പിക്കാതെ എന്‍റെ ഫോണുകൾ അറ്റൻഡ് ചെയ്യാറുള്ള, എനിക്ക് പറയാനുള്ളത് ക്ഷമയോടെ കേൾക്കുകയും, എന്‍റെ ചെറു നർമങ്ങൾ കേട്ട് ഉള്ളു തുറന്ന് ചിരിക്കുകയും ചെയ്യാറുള്ള എന്‍റെ സിദ്ദിക്കേ എന്തെ ഒരു സൂചന പോലും നൽകാതെ ഇത്ര പെട്ടെന്ന് പൊയ്ക്കളഞ്ഞത്???