മലയാളികൾക്ക് എക്കാലവും ഓർമിക്കാൻ, വീണ്ടും വീണ്ടും കണ്ടാസ്വദിക്കാൻ ഒട്ടനവധി ചിത്രങ്ങൾ സമ്മാനിച്ച ചലച്ചിത്രകാരനാണ് സിദ്ദിഖ്. അദ്ദേഹം തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ചിത്രങ്ങൾ ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടവയാണ്. മടുപ്പിക്കാത്ത നർമവും ഹൃദയംതൊടുന്ന കഥയും പലവിധ വികാരങ്ങളുടെ കൂടിച്ചേരലുമെല്ലാം സിദ്ദിഖ് സിനിമകളുടെ ചേരുവകളാണ്. സംവിധായകൻ എന്നതിന് പുറമെ മികച്ച തിരക്കഥാകൃത്തും നിർമാതാവുമാണ് അദ്ദേഹം.
പ്രശസ്‌ത നടനും സംവിധായകനുമായ ലാലിനോടൊന്നിച്ച് സിദ്ദിഖ് - ലാൽ എന്ന പേരിൽ അദ്ദേഹം സംവിധാനം ചെയ്‌ത സിനിമകളെല്ലാം ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചിരുന്നു. ഹാസ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ് അദ്ദേഹത്തിന്‍റെ മിക്ക സിനിമകളും എന്നതിനാൽ തന്നെ പ്രേക്ഷകർ എളുപ്പം സിദ്ദിഖ് എന്ന ചലച്ചിത്രകാരനെ നെഞ്ചേറ്റി. ഒരു കാലത്ത് സിദ്ദിഖ് - ലാൽ എന്ന പേര് തന്നെ ധാരാളമായിരുന്നു തിയേറ്ററുകളിലേക്ക് കാണികൾ ഒഴുകിയെത്താൻ. പിന്നീട് സ്വതന്ത്ര സംവിധായകൻ ആയപ്പോഴും പ്രേക്ഷകരെ നിരാശരാക്കിയില്ല സിദ്ദിഖ്.
വഴിത്തിരിവായി ഫാസിലുമായുള്ള കണ്ടുമുട്ടല്‍:മിമിക്രിയിലൂടെ ആയിരുന്നു സിദ്ദിഖിന്‍റെ തുടക്കം. കൊച്ചിൻ കലാഭവന്‍റെ വളർച്ചയിലെ അദ്ദേഹത്തിന്‍റെ പങ്ക് എടുത്തുപറയേണ്ടതാണ്. അതേസമയം, പ്രശസ്‌ത സംവിധായകൻ ഫാസിലിന്‍റെ അസിസ്‌റ്റന്‍റായാണ് സിദ്ദിഖ് തന്‍റെ സിനിമ ജീവിതം ആരംഭിക്കുന്നത്. കൊച്ചിൻ കലാഭവനിൽ മിമിക്രി അവതരിപ്പിച്ച് കൊണ്ടിരുന്ന കാലത്താണ് ഫാസിൽ, സിദ്ദിഖിനെ കണ്ടുമുട്ടുന്നതും പിന്നീട് തന്‍റെ കൂടെ കൂട്ടുന്നതും. ശേഷം, രാജ്യമറിയുന്ന സംവിധായകനിലേക്ക് അദ്ദേഹം പതിയെ നടന്നുകയറി.
സിദ്ദിഖ് ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത് 1989ൽ ആണ്. റാംജിറാവു സ്‌പീക്കിങ് എന്ന ചിത്രത്തിലൂടെ ആയിരുന്നു ഇത്. അതേസമയം 1986ൽ പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിലൂടെയാണ് ഒരു തിരക്കഥാകൃത്ത് എന്ന നിലയിൽ അദ്ദേഹം കടന്നുവരുന്നത്. അദ്ദേഹത്തിന്‍റേതായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ബിഗ് ബ്രദർ. റാംജിറാവു സ്‌പീക്കിങ്, ഇൻ ഹരിഹർ നഗർ, ടു ഹരിഹർ നഗർ ഗോഡ്‌ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല എന്നിവയാണ് അദ്ദേഹം ലാലിനോടൊപ്പം ചെയ്‌ത ചിത്രങ്ങൾ. വ്യത്യസ്‌ത കഥാപശ്ചാത്തലത്തില്‍ എത്തിയ ഈ ചിത്രങ്ങളെല്ലാം മികച്ച സിനിമാനുഭവം പ്രേക്ഷകർക്ക് സമ്മാനിച്ചു.