കണ്ണൂര്‍:ചലച്ചിത്ര താരം പെരുന്താറ്റില്‍ ഗോപാലന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. ഇന്ന്(08.08.2022) പുലര്‍ച്ചെ നടന്‍റെ പെരുന്താറ്റിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് അദ്ദേഹത്തിന്‍റെ വീട്ടുവളപ്പില്‍ നടക്കും.
ഹാസ്യ കല സാമ്രാട്ടും നടനുമായിരുന്ന തലശ്ശേരി സൗഭാഗ്യയില്‍ പെരുന്താറ്റില്‍ ഗോപാലന്‍ നിരവധി വേദികളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. നൂറുകണക്കിന് വേദികളിൽ ഹാസ്യ കലാപ്രകടനങ്ങളും, കഥാപ്രസംഗങ്ങളും കാഴ്‌ചവച്ചു. നിരവധി സിനിമകളിലും അദ്ദേഹം വേഷമിട്ടു.
'വെല്ലുവിളി', 'അടവുകൾ 18', 'ഇംഗ്ലീഷ് മീഡിയം', 'കുഞ്ഞനന്തൻ്റെ കട', 'ഒരു വടക്കൻ സെൽഫി', 'വൈകിയോടുന്ന വണ്ടി' തുടങ്ങി സിനിമകളിൽ അദ്ദേഹം ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്‌തു. ആകാശവാണിയില്‍ എ ക്ലാസ് ആര്‍ട്ടിസ്‌റ്റ് ആയിരുന്നു. ഒരു കലാകാരന് പുറമെ റവന്യു ഉദ്യോഗസ്ഥന്‍ കൂടിയായിരുന്നു നടന്‍.
പരേതനായ കണ്ണന്‍ നായര്‍-ദേവകി ദമ്പതികളുടെ മകനാണ്. സത്യവതിയാണ് ഭാര്യ. പിന്നണി ഗായികയും കഥാപ്രസംഗികയുമായ സുസ്‌മിത, അധ്യാപിക സുബിത, സുകേഷ് എന്നിവര്‍ മക്കളാണ്. നിമ്മി, ജഗദീഷ്, സജിത്ത് പാറാട്ട് എന്നിവര്‍ മരുമക്കളാണ്.