നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ അടക്കം പ്രദര്‍ശിപ്പിച്ച് പ്രേക്ഷക പ്രശംസ നേടിയ ഇറാനിയന്‍ ചിത്രമാണ് ചില്‍ഡ്രന്‍ ഓഫ് ഹെവന്‍. മജീദ് മജീദി സംവിധാനം ചെയ്ത ക്ലാസിക് ചിത്രത്തിന് ഇന്ത്യയിലും ആരാധകര്‍ ഏറെയാണ്. 1997ല്‍ പുറത്തിറങ്ങിയ സിനിമ മികച്ച വിദേശ ഭാഷാ ചിത്രത്തിനുളള ഓസ്‌കര്‍ നോമിനേഷന്‍ നേടിയിരുന്നു. ഇറാനില്‍ നിന്നും ആദ്യമായി അക്കാദമി നോമിനേഷന്‍ നേടിയ സിനിമ കൂടിയായിരുന്നു ചില്‍ഡ്രന്‍ ഓഫ് ഹെവന്‍.
ക്ലാസിക് ചിത്രത്തിന് ഒരു ഇന്ത്യന്‍ റീമേക്ക് വരുന്നു എന്ന വിവരം പുറത്തുവന്നിരിക്കുകയാണ്. അക്കാ കുരുവി എന്ന പേരില്‍ തമിഴിലാണ് ചില്‍ഡ്രന്‍ ഓഫ് ഹെവന് റീമേക്ക് വരുന്നത്. തമിഴിലെ വിവാദ സംവിധായകനായ സാമിയാണ് ചിത്രം ഒരുക്കിയത്. രണ്ട് ഷൂസിനെ കേന്ദ്രീകരിച്ചുളള പ്രമേയം പറയുന്ന സിനിമ തമിഴില്‍ പുനരാവിഷ്‌കരിക്കുക എന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് സംവിധായകന്‍ പറഞ്ഞു.
അക്കാ കുരുവിയിലെ കുട്ടികളായി അഭിനയിച്ചത് മലയാളികളായ ബാലതാരങ്ങളാണ്. ഇരുനൂറോളം പേര്‍ പങ്കെടുത്ത ഓഡിഷനില്‍ നിന്നുമാണ് മലയാളികളായ മാഹിന്‍, ഡാവിയ എന്നിവരെ സംവിധായകന്‍ തിരഞ്ഞെടുത്തത്. ഇരുവരും സഹോദരനും സഹോദരിയുമായി എത്തുന്നു. പരിയേറും പെരുമാളിലൂടെ ശ്രദ്ധേയനായ കതിര്‍, നടി വര്‍ഷ ബൊല്ലമ്മ തുടങ്ങിയ താരങ്ങള്‍ അതിഥി വേഷത്തില്‍ എത്തുന്നു.
സെന്തില്‍ കുമാറും പ്രശസ്‌ത ക്ലാസിക്കല്‍ നര്‍ത്തകി താര ജഗദാംബയും അക്കാ കുരുവിയില്‍ മാതാപിതാക്കളുടെ റോളുകളില്‍ അഭിനയിച്ചിരിക്കുന്നു. ഇസൈജ്ഞാനി ഇളയരാജയാണ് ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ തമിഴ് റീമേക്കിന് സംഗീതം നല്‍കിയിരിക്കുന്നത്. മലയാളി ഛായാഗ്രാഹകന്‍ ഉത്പല്‍ വി നായരാണ് അക്കാ കുരുവിയുടെ ക്യാമറ ചലിപ്പിച്ചത്.
അക്കാ കുരുവി കണ്ട മജീദ് മജീദി സിനിമയുടെ അണിയറ പ്രവര്‍ത്തകരെ അഭിനന്ദിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മെയ് ആറിനാണ് സിനിമ തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യുന്നത്. മെയ് മൂന്നാം വാരം സിനിമ കേരളത്തിലും പ്രദര്‍ശത്തിന് എത്തുമെന്നാണ് വിവരം.