മലയാളികളെ ഏറെ ദുഃഖത്തിലാഴ്‌ത്തിയ അപകടമായിരുന്നു അടുത്തിടെ തൃശൂര്‍ കയ്‌പമംഗലത്ത് വച്ച് നടന്നത്. ജൂൺ അഞ്ചിന് പുലർച്ചെ നാലരയോടെ കയ്‌പമംഗലം പനമ്പിക്കുന്നിൽ നടന്ന കാറപകടത്തിൽ പ്രശസ്‌ത മിമിക്രി താരം കൊല്ലം സുധിയെയാണ് കേരളത്തിന് നഷ്‌ടമായത്. ഒപ്പം യാത്ര ചെയ്‌ത മഹേഷ് കുഞ്ഞുമോന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
ആശുപത്രിവാസം കഴിഞ്ഞ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട മഹേഷ് കുഞ്ഞുമോന്‍റെ രൂപ മാറ്റം മലയാളികളെ ഏറെ ദുഃഖത്തിൽ ആഴ്‌ത്തുന്നതായിരുന്നു. താടിയെല്ലിനേറ്റ പരിക്കും മുകളിലെയും താഴത്തെയും നിരയിലെ പല്ലുകളുടെ അഭാവവും ഏറെ വേദനിപ്പിക്കുന്ന കാഴ്‌ചയായിരുന്നു. എങ്കിലും ജീവിതത്തിലേക്ക് പതിന്മടങ്ങ് ഊർജത്തോടു കൂടി തിരിച്ചു വരുമെന്നായിരുന്നു മഹേഷ് കുഞ്ഞുമോൻ ദൃഢനിശ്ചയത്തോടെ പ്രതികരിച്ചത്.
ഇപ്പോഴിതാ തന്‍റെ ഇൻസ്റ്റഗ്രാമിലൂടെ പല്ലുകൾ വച്ചുപിടിപ്പിച്ച് വശ്യമായി ചിരിക്കുന്ന ഒരു ചിത്രം പോസ്റ്റ് ചെയ്‌തിരിക്കുകയാണ് മഹേഷ്. ഒപ്പം പുഞ്ചിരിക്ക് കൂട്ടായി മലയാളികളുടെ പ്രിയതാരം സൈജു കുറുപ്പും ഉണ്ട്. കെ. ബി. ഗണേഷ് കുമാർ, ഗോകുലം ഗോപാലൻ അടക്കം നിരവധി പ്രമുഖർ മഹേഷ് കുഞ്ഞുമോനെ അപകടത്തിനുശേഷം സന്ദർശിച്ച് ചികിത്സ സഹായവും മറ്റും വാഗ്‌ദാനം നൽകിയിരുന്നു.
ഏഴ് സെന്‍റ് പുരയിടത്തിൽ പണിതീരാത്ത വീട് മാത്രം സ്വന്തമായുള്ള മഹേഷ് കുഞ്ഞുമോൻ ഇരുപത്തിയഞ്ചോളം സിനിമ താരങ്ങളുടെയും രാഷ്‌ട്രീയക്കാരുടെയും ശബ്‌ദം അനുകരിച്ചാണ് പ്രേക്ഷക പ്രീതിയാർജിക്കുന്നത്. ലോക്‌ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിലൂടെ തന്‍റെ കലാവാസന ലോകത്തെ അറിയിച്ച മഹേഷ് കുഞ്ഞുമോൻ പിന്നീട് ടെലിവിഷൻ പരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും കലാരംഗത്തേക്ക് ഉയർന്നു വരുകയായിരുന്നു.