മുംബൈ: നടി തുനിഷ ശർമയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ വിചാരണ നേരിട്ട സഹനടൻ ഷീസാൻ ഖാന് (28) വിദേശത്തേയ്‌ക്ക് പോവാൻ മഹാരാഷ്‌ട്ര കോടതിയുടെ അനുമതി. ടെലിവിഷൻ ഷോയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് താരം വിദേശത്തേയ്‌ക്ക് പോവാനൊരുങ്ങുന്നത്. നിലവിൽ ജോലിയില്ലാത്ത താരത്തിന് ഈ ആവശ്യത്തിനായി വിദേശരാജ്യം സന്ദർശിക്കാമെന്ന നിരീക്ഷണത്തിലാണ് കോടതി അനുമതി.
ഷൂട്ടിങ്ങിനായി വിദേശത്തേക്ക് പോവാൻ ഷീസാൻ ഖാന് അനുമതി; ഇളവ് വ്യക്തി സ്വാതന്ത്ര്യം പരിഗണിച്ച് - തുനിഷ ശർമ
തുനിഷ ശർമയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്‌റ്റ് നേരിട്ട നടൻ ഷീസാൻ ഖാന് ജോലി ആവശ്യത്തിനായി വിദേശത്തേയ്‌ക്ക് പോവാൻ അനുമതി
കഴിഞ്ഞ വർഷം ഡിസംബർ 24നാണ് മുംബൈയിൽവച്ച് ടെലിവിഷൻ ഷോയുടെ ഷൂട്ടിങ്ങിനിടെ ഷീസാന്‍റെ സഹനടിയായ തുനിഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ആത്മഹത്യാപ്രേരണ കുറ്റത്തിന് പൊലീസ് അറസ്‌റ്റ് ചെയ്‌ത ഷീസാൻ ഖാൻ മാർച്ച് അഞ്ചിനാണ് ജാമ്യം നേടി ജയിൽമോചിതനായത്. രണ്ടുമാസം നീണ്ടുനിൽക്കുന്ന ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ ദക്ഷിണാഫ്രിക്കയിലേക്ക് പോവുന്നതിനായി പാസ്‌പോർട്ട് തിരികെ ആവശ്യപ്പെട്ട് ഷീസാൻ അടുത്തിടെ കോടതിയെ സമീപിച്ചിരുന്നു.
2023 മെയ് 10 മുതൽ ജൂലൈ ആറ് വരെ നീണ്ട് നിൽക്കുന്നതാണ് ദക്ഷിണാഫ്രിക്കയിലെ ഷൂട്ടെന്നും ജോലി ആവശ്യത്തിന് യാത്രാനുമതി നൽകണമെന്നും ഷീസാൻ കോടതിയോട് അഭ്യർഥിച്ചിരുന്നു. ശേഷം തൊഴിൽ ആവശ്യത്തിനായി നടൻ വിദേശത്തേക്ക് പോവുന്നത് തടയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 21 പ്രകാരം അനുശാസിക്കുന്ന വ്യക്തി സ്വാതന്ത്ര്യത്തിൽ ഒരു പൗരന്‍റെ വിദേശ യാത്രയ്ക്കും തടസമില്ലാതെ സ്വന്തം രാജ്യത്തേക്ക് മടങ്ങാനുമുള്ള അവകാശം ഉൾപ്പെടുന്നുവെന്ന് കോടതി ഉത്തരവിൽ പറഞ്ഞു.