കോസ്റ്റ്യൂം ഡിസൈനര്‍ എന്ന നിലയില്‍ മലയാള സിനിമ രംഗത്ത് സ്ഥിരം സാന്നിധ്യമായ സ്റ്റെഫി സേവ്യറുടെ ആദ്യ സംവിധാന സംരംഭമായിരുന്നു 'മധുര മനോഹര മോഹം' (Madhura Manohara Moham). രജിഷ വിജയന്‍, സൈജു കുറുപ്പ്, ഷറഫുദ്ദീന്‍ തുടങ്ങിയവരാണ് നർമത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കിയ ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ബോക്‌സോഫിസിൽ മികച്ച പ്രകടനം കാഴ്‌ചവച്ച ചിത്രം ഇപ്പോഴിതാ പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്ക് എത്തുകയാണ്.
'മധുര മനോഹര മോഹം' ഒടിടി റിലീസിന് ഒരുങ്ങുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഓണം പ്രമാണിച്ച് ഓഗസ്റ്റ് 25നായിരിക്കും ചിത്രം ഒടിടിയില്‍ എത്തുക എന്നാണ് വിവരം. എച്ച്ആര്‍ ഒടിടിയാണ് (HR OTT) ചിത്രത്തിന്‍റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
കോമഡി - ഡ്രാമ വിഭാഗത്തില്‍ പെട്ട ഈ കുടുംബ ചിത്രം ജൂണ്‍ 16 ന് ആയിരുന്നു തിയേറ്ററുകളിൽ എത്തിയത്. കേരളത്തില്‍ നിന്ന് മാത്രം ചിത്രം ഏഴ് കോടി നേടിയതായാണ് ബോക്‌സോഫിസ് ട്രാക്കര്‍മാര്‍ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. റിലീസ് ചെയ്യപ്പെട്ട മറ്റ് വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 2.4 കോടിയും കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് 40 ലക്ഷവും നേടിയ ചിത്രത്തിന്‍റെ മൊത്തം ഗ്രോസ് 9.8 കോടി ആണെന്നാണ് കണക്കുകൾ.
ബിന്ദു പണിക്കര്‍, അര്‍ഷ, അല്‍ത്താഫ് സലിം, വിജയരാഘവൻ, സുനില്‍ സുഗത, ബിജു സോപാനം എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്. പത്തനംതിട്ടയിലെ ഒരു തറവാടിനെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്‍റെ കഥ പുരോഗമിക്കുന്നത്. ഈ കുടുംബത്തില്‍ അരങ്ങേറുന്ന കൊച്ചു കൊച്ചു കാര്യങ്ങള്‍ നര്‍മത്തിന്‍റെ മേമ്പൊടിയോടെ അവതരിപ്പിക്കുകയാണ് ചിത്രം. ഒപ്പം ചില സന്ദേശങ്ങളും ഈ ചിത്രം പ്രേക്ഷകർക്ക് നല്‍കുന്നുണ്ട്.