തമിഴ് യുവ താരനിരയില്‍ ശ്രദ്ധേയനായ ശിവകാർത്തികേയന്‍റെ (Sivakarthikeyan) റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മാവീരൻ' (Maaveeran). തെന്നിന്ത്യൻ സിനിമ ലോകത്ത് വലിയ ജനപിന്തുണയുള്ള താരങ്ങളില്‍ ഒരാളായ ശിവകാർത്തികേയന്‍റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'മാവീരനി'ലെ ലിറിക്കൽ വീഡിയോ ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടു. 'വാ വീരാ' എന്ന ഗാനമാണ് ഇപ്പോൾ റിലീസായിരിക്കുന്നത്.
ഹൃദയത്തില്‍ ആഴത്തില്‍ പതിയുന്ന വരികളും മനം കവരുന്ന സംഗീതവും കൊണ്ട് തരംഗം തീർക്കുകയാണ് ഈ ഗാനം. മഡോണി അശ്വിനാണ് (Madonne Ashwin) 'മാവീരൻ' തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സംവിധായകൻ എസ് ശങ്കറിന്‍റെ മകള്‍ അദിതി ശങ്കർ (Aditi Shankar) ആണ് ചിത്രത്തില്‍ നായികയാകുന്നത്.
ചുരുങ്ങിയ സമയം കൊണ്ട് മൂന്ന് ലക്ഷത്തിലേറെ ആളുകളാണ് യൂട്യൂബിൽ 'വാ വീരാ' ആസ്വദിച്ചത്. യുഗഭാരതിയുടെ (Yugabharathi) വരികൾക്ക് ഭരത് ശങ്കറാണ് (Bharath Sankar) മനോഹരമായ ഈണം പകർന്നിരിക്കുന്നത്. മലയാളി കൂടിയായ വൈക്കം വിജയലക്ഷ്‌മിക്കൊപ്പം ഭരത് ശങ്കർ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും. വൈക്കം വിജയലക്ഷ്‌മി (Vaikom Vijayalakshmi) പാടിയ മണിക്കുയിലേ (Manikuyil) എന്ന് തുടങ്ങുന്ന ഭാഗം കേൾവിക്കാരുടെ മനം കവരുകയാണ്.
ജൂലൈ 14 ന് ആണ് 'മാവീരൻ' സിനിമയുടെ റിലീസ്. ഉദയനിധി സ്റ്റാലിന്‍റെ ഉടമസ്ഥതയിലുള്ള റെഡ്‍ ജയന്‍റ് മൂവീസ് ആണ് ഈ ചിത്രം തമിഴ്‌നാട്ടില്‍ വിതരണം ചെയ്യുക. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്‍റെ ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് വിധു അയ്യണ്ണയാണ്. സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കിയെന്ന് ശിവകാര്‍ത്തികേയൻ നേരത്തെ അറിയിച്ചിരുന്നു.