കേരളം

kerala

ETV Bharat / entertainment

ജോസഫിന്‍റെ ഹിന്ദി റീമേക്കില്‍ വരുത്തിയ മാറ്റം, മനസുതുറന്ന് എം പദ്‌മകുമാര്‍ - ജോജു ജോര്‍ജ്ജ് ജോസഫ്

ജോസഫിന് പുറമെ സമീപകാലത്ത് ഇറങ്ങിയ മറ്റ് ചില മലയാള ചിത്രങ്ങള്‍ക്കും ബോളിവുഡ് റീമേക്ക് വരുന്നുണ്ട്. ഹിന്ദി പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് വലിയ മാറ്റങ്ങള്‍ വരുത്തിയാണ് റീമേക്ക് ചിത്രങ്ങള്‍ വരാറുളളത്.

m padmakumar joseph movie  sunny deol joseph remake  ജോസഫ് ഹിന്ദി റീമേക്ക്  എം പദ്‌മകുമാര്‍ ജോസഫ്  ജോജു ജോര്‍ജ്ജ് ജോസഫ്  സണ്ണി ഡിയോള്‍
ജോസഫിന്‍റെ ഹിന്ദി റീമേക്കില്‍ വരുത്തിയ മാറ്റം, മനസുതുറന്ന് എം പദ്‌മകുമാര്‍

By

Published : May 9, 2022, 3:53 PM IST

നടന്‍ ജോജു ജോര്‍ജിന്‍റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയ ചിത്രമാണ് ജോസഫ്. എം പദ്‌മകുമാറിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ പ്രേക്ഷകര്‍ക്ക് മികച്ച ത്രില്ലിങ് അനുഭവമാണ് സമ്മാനിച്ചത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട സിനിമയിലെ ജോസഫ് പാറേക്കാട്ടില്‍ എന്ന റിട്ടയേഡ് പൊലീസ് കഥാപാത്രം ജോജുവിന്‍റെ കരിയര്‍ ബെസ്റ്റ് റോളായി മാറി.

ജോജുവിനൊപ്പം സംവിധായകന്‍ ഏം പദ്‌മകുമാറിനും തന്‍റെ സിനിമാജീവിതത്തിലെ വലിയ വിജയങ്ങളിലൊന്നായി ജോസഫ് മാറി. ആത്മിയ രാജന്‍, മാളവിക മേനോന്‍, മാധുരി, സുധി കോപ്പ, ഇര്‍ഷാദ്, ജെയിംസ് ഇലിയ എന്നീ താരങ്ങളാണ് ജോസഫില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തിയത്. രഞ്ജിന്‍ രാജ് സംഗീതം നല്‍കിയ പൂമുത്തോളെ ഉള്‍പ്പടെയുളള പാട്ടുകളെല്ലാം തന്നെ സിനിമയുടെതായി തരംഗമായിരുന്നു.

ഷാഹി കബീറിന്‍റെ തിരക്കഥയില്‍ ഒരുങ്ങിയ ജോസഫ് ജോജു ജോര്‍ജ് തന്നെയാണ് നിര്‍മിച്ചത്. സിനിമയിലെ പ്രകടനത്തിലൂടെ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും നടന്‍ പുരസ്കാരങ്ങള്‍ നേടി. ജോസഫിന്‍റെ തമിഴ് പതിപ്പായ വിസിത്തിരന്‍ അടുത്തിടെയാണ് തിയേറ്ററുകളിലെത്തിയത്. എം പദ്‌മകുമാര്‍ തന്നെ സംവിധാനം ചെയ്ത സിനിമയില്‍ ആര്‍കെ സുരേഷാണ് ജോജുവിന്‍റെ റോളില്‍ അഭിനയിച്ചത്.

തമിഴിലും മികച്ച പ്രതികരണമാണ് ജോസഫ് റീമേക്കിന് ലഭിക്കുന്നത്. അതേസമയം ജോസഫിന് ബോളിവുഡിലും റീമേക്ക് ഒരുങ്ങുന്നുവെന്ന വാര്‍ത്ത അടുത്തിടെയാണ് പുറത്തുവന്നത്. ഹിന്ദിയില്‍ സണ്ണി ഡിയോളാണ് ജോസഫ് റീമേക്കില്‍ നായകവേഷത്തില്‍ എത്തുന്നത്. ബംഗാളി നടി തനുശ്രീ ചക്രവര്‍ത്തിയാണ് നായിക. എം പദ്‌മകുമാര്‍ തന്നെ സിനിമ ഹിന്ദിയിലും സംവിധാനം ചെയ്യുന്നു.

രാജസ്ഥാനിലെ ജയ്‌പൂരിലും ഉദയ്‌പൂരിലുമായാണ് സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുന്നത്. ജോസഫിന്റെ ഇമോഷണല്‍ ത്രില്ലര്‍ ട്രാക്ക് കണ്ടാണ് മറ്റു ഭാഷകളിലെ നിര്‍മാണ കമ്പനികള്‍ അവകാശം വാങ്ങിയതെന്ന് എം പദ്മകുമാര്‍ പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ മനസുതുറന്നത്. അതില്‍ തമിഴ്, ഹിന്ദി നിര്‍മ്മാതാക്കള്‍ ഞാന്‍ തന്നെ സംവിധാനം ചെയ്യണമെന്ന് പറഞ്ഞു.

മലയാളിയായ സന്തോഷ് തുണ്ടിയിലാണ് റീമേക്ക് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ഹിന്ദി സിനിമയ്ക്ക് വേണ്ട ചില മാറ്റങ്ങള്‍ വരുത്തി നിര്‍മിക്കുന്ന സിനിമ കുറച്ചുകൂടി കളര്‍ഫുള്‍ ആയിരിക്കുമെന്നും സംവിധായകന്‍ പറഞ്ഞു. ബോളിവുഡ് റീമേക്കില്‍ കൂടുതല്‍ പാട്ടുകളും ഉണ്ടാവുമെന്ന് അഭിമുഖത്തില്‍ എം പദ്‌മകുമാര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details