ചെന്നൈ :ഇന്ത്യയിലെ എക്കാലത്തെയും മികച്ച സംവിധായകരില്‍ ഒരാളാണ് മണിരത്‌നം. അദ്ദേഹത്തിൻ്റെ സിനിമാജീവിതത്തിൽ ഏറ്റവും വലിയ വെല്ലുവിളിയായി അദ്ദേഹം കരുതിയ കാര്യമായിരുന്നു 1950കളിൽ പുറത്തിറങ്ങിയ, എഴുത്തുകാരൻ കൽക്കി കൃഷ്‌ണ മൂർത്തിയുടെ ‘പൊന്നിയിൻ സെൽവൻ’ എന്ന നോവലിനെ ആസ്‌ദമാക്കി സിനിമ ചെയ്യുക എന്നത്. ഏറെ കാലത്തെ അദ്ദേഹത്തിൻ്റെ കഷ്ടപ്പാടുകൾക്ക് ശേഷം കഴിഞ്ഞ വർഷം അദ്ദേഹം സ്വപ്‌നം നേടിയെടുത്തു. ചിയാൻ വിക്രം, തൃഷ, ഐശ്വര്യ റായ്, ജയം രവി, കാർത്തി, ജയറാം, റഹ്മാൻ, പ്രഭു, പ്രകാശ് രാജ്, ലാൽ, പാർഥിപൻ, റിയാസ് ഖാൻ, ബാബു ആൻ്റണി, തുടങ്ങി ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച അഭിനേതാക്കളെ അണിനിരത്തി അദ്ദേഹം ‘പൊന്നിയിൻ സെൽവൻ’ പുറത്തിറക്കി.
ബ്ലോക്ക് ബസ്റ്റർ ഹിറ്റായി മാറിയ പൊന്നിയൻ സെൽവൻ്റെ ആദ്യ ഭാഗത്തിനുശേഷം സിനിമയുടെ രണ്ടാം ഭാഗത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇതിഹാസ സിനിമയുടെ ലോകമൊട്ടാകെയുള്ള ആരാധകർക്കാശ്വാസമായി സിനിമയുടെ റിലീസ് തിയ്യതി ചിത്രത്തിൻ്റ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഏപ്രിൽ 28ന് ‘പൊന്നിയിൻ സെൽവൻ 2’ തിയേറ്ററുകളിൽ എത്തും.
ഇപ്പോഴിതാ സിനിമയിലെ വിക്രമിൻ്റെ കഥാപാത്രമായ ആദിത്യ കരികാലനിലേക്കുള്ള വിക്രമിൻ്റെ വേഷപ്പകർച്ചയുടെ വീഡിയോയാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ ചിയാൻ വിക്രമിൻ്റെ പൊന്നിയൻ സെൽവനിലെ കഥാപാത്രമാണ് ആദിത്യ കരികാലൻ. സിനിമയിലെ യുദ്ധക്കൊതിയനായ കരികാലൻ്റെ വേഷവും, പൗരുഷവും, ധൈര്യവും, ദേഷ്യവുമെല്ലാം പ്രേക്ഷകർക്ക് ഏറെ പ്രയപ്പെട്ടതായിരുന്നു.
ലൈക്ക പ്രൊഡക്‌ഷൻസ് പുറത്തുവിട്ട വീഡിയോയിൽ ഒരു പുകമറയത്തുനിന്ന് കുതിരപ്പുറത്തേറി വരുന്ന വിക്രമിനെയാണ് കാണാൻ സാധിക്കുക. തുടർന്ന് വിക്രം ധരിച്ച വേഷത്തെയും കോസ്റ്റ്യും ഡിസൈനിങ്ങ് ടീം അത് എങ്ങിനെ ഉണ്ടാക്കി എടുത്തു എന്നും കാണിക്കുന്നു. കഥാപാത്രത്തിന് അനുയോജ്യമായ വസ്ത്രം ഉണ്ടാക്കിയെടുക്കാൻ ടീം എത്രത്തോളം കഷ്‌ട്ടപ്പെടുന്നു എന്നതിനുള്ള തെളിവാണ് വീഡിയോ.