ഹൈദരാബാദ്:ഏറെ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രം 'ലസ്റ്റ് സ്റ്റോറീസി'ന്‍റെ രണ്ടാം ഭാഗം വരുന്നു. സിനിമാസ്വാദകർ കാത്തിരുന്ന 'ലസ്റ്റ് സ്റ്റോറീസ് 2' ട്രെയിലർ (Lust Stories 2 trailer) പുറത്തിറങ്ങി. സമൂഹത്തില്‍ വിവിധ തലത്തില്‍ ജീവിക്കുന്ന ഏതാനും സ്‌ത്രീകളുടെ ലൈംഗിക താത്‌പര്യങ്ങളിലും പ്രണയത്തിന്‍റെ പുതിയ നിർവചനങ്ങളിലും, അവരുടെ ചോയിസുകളിലും ചുറ്റിപ്പിണഞ്ഞ് കിടന്ന 'ലസ്റ്റ് സ്റ്റോറീസ്' ആദ്യ ഭാഗം പോലെ രണ്ടാം ഭാഗവും മികച്ച സിനിമാനുഭവം സമ്മാനിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
ടെലിവിഷൻ രംഗത്തെ മികച്ച പരിപാടികൾക്കുള്ള അംഗീകാരമായ അന്താരാഷ്‌ട്ര എമ്മിയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആന്തോളജി ചിത്രമാണ് 'ലസ്റ്റ് സ്റ്റോറീസ് 2' എന്നതും ചിത്രത്തിന്‍റെ പ്രതീക്ഷകൾ ഇരട്ടിയാക്കുന്നു. സീരീസിന്‍റെ സ്രഷ്‌ടാക്കൾ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന കൗതുകകരമായ ട്രെയിലറും പ്രതീക്ഷയേറ്റുന്നതാണ്. അമിത് രവീന്ദര്‍നാഥ് ശര്‍മ, ആര്‍. ബാല്‍ക്കി, കൊങ്കണ സെന്‍ ശര്‍മ, സുജോയ് ഘോഷ് എന്നിവരാണ് 'ലസ്റ്റ് സ്‌റ്റോറീസ്' രണ്ടാം ഭാഗത്തിലെ ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത്.
കജോൾ (Kajol), നീന ഗുപ്‌ത (Neena Gupta), തമന്ന ഭാട്ടിയ (Tamannaah Bhatia), വിജയ് വർമ ( Vijay Varma) , മൃണാൽ താക്കൂർ ( Mrunal Thakur), അംഗദ് ബേദി (Angad Bedi), അമൃത ശുഭാഷ് (Amruta Shubhash), തിലോത്തമ ഷോം (Tillotama Shome), കുമുദ് മിശ്ര (Kumud Mishra) എന്നിവരാണ് സീരീസില്‍ പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. തമന്ന ഭാട്ടിയ ഉൾപ്പടെയുള്ളവർ ട്രെയിലർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. സീരീസിലെ തമന്ന - വിജയ് ജോഡിയുടെ കെമിസ്‌ട്രിയും കയ്യടി നേടുന്നുണ്ട്. അടുത്തിടെയാണ് തങ്ങൾ പ്രണയത്തിലാണെന്ന് ഇരുവരും വെളിപ്പെടുത്തിയത്.