'ലിയോ' പ്രൊമോഷനിടെ പാലക്കാടുവച്ചാണ് ലോകേഷ് കനകരാജിന് പരിക്കേറ്റത് വിജയ് നായകനായ 'ലിയോ' സിനിമയുടെ കേരളത്തിലെ പ്രൊമോഷനിടെ പരിക്ക് പറ്റിയ സംഭവത്തിൽ പ്രതികരിച്ച് സംവിധായകൻ ലോകേഷ് കനകരാജ്. പരിക്ക് നിസാരമാണെന്നും കേരളത്തിലേക്ക് താമസിയാതെ മടങ്ങി വരുമെന്നും ലോകേഷ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. ചൊവ്വാഴ്‌ച (ഒക്‌ടോബർ 24) പാലക്കാട് അരോമ തിയേറ്ററിൽ ഉണ്ടായ തിരക്കിനിടയിലാണ് ലോകേഷ് കനകരാജിന് കാലിന് പരിക്കേറ്റത്.
ലോകേഷിന്‍റേത് ചെറിയ പരിക്ക് മാത്രമാണെന്ന് ആശുപത്രി അധികൃതരും അറിയിച്ചു. 'ലിയോ' സിനിമയുടെ കേരളത്തിലെ വിതരണക്കാരായ ഗോകുലം മൂവീസ് പൂർണ സജീകരണങ്ങളോടെ നടത്തിയ വിജയാഘോഷ പരിപാടിയിൽ ഗോകുലം എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ കൃഷ്‌ണമൂർത്തിയും പങ്കെടുത്തിരുന്നു. പരിക്ക് പറ്റിയതിന് പിന്നാലെ ലോകേഷിനെ പാലക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെന്നും പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം അദ്ദേഹം കോയമ്പത്തൂരിലെ വീട്ടിലേക്ക് മടങ്ങിയെന്നും കൃഷ്‌ണമൂർത്തി അറിയിച്ചു.
പരിപാടിക്കിടയിൽ കൃഷ്‌ണമൂർത്തിക്കും നിസാര പരിക്ക് പറ്റിയിരുന്നു. 'ലിയോ' പ്രൊമോഷന് അഭൂതപൂർവമായ തിരക്കാണ് പാലക്കാട് അനുഭവപ്പെട്ടത്. ആരാധകരുടെ ആവേശം അതിരുകടന്നപ്പോൾ പൊലീസിന് ലാത്തി വീശേണ്ടിയും വന്നിരുന്നു. രാവിലെ മുതൽ പ്രേക്ഷകരുടെ നിലക്കാത്ത പ്രവാഹമായിരുന്നു തിയേറ്ററുകളിലേക്ക് ഒഴുകിയെത്തിയത്.
അതേസമയം കേരളത്തിലെ പ്രേക്ഷകരെ കാണാൻ താൻ തീർച്ചയായും മടങ്ങി വരുമെന്ന് ലോകേഷ് എക്‌സിൽ കുറിച്ചു. 'നിങ്ങളുടെ സ്‌നേഹത്തിന് നന്ദി.. നിങ്ങളെ എല്ലാവരെയും പാലക്കാട് വച്ച് കണ്ടതിൽ അതിയായ സന്തോഷവും നന്ദിയും ഉണ്ട്.
ആൾക്കൂട്ടത്തിനിടയിൽ ഒരു ചെറിയ പരിക്ക് കാരണം, മറ്റ് രണ്ട് വേദികളിലും പത്രസമ്മേളനത്തിലും എനിക്ക് പോകാൻ കഴിഞ്ഞില്ല. കേരളത്തിൽ നിങ്ങളെ എല്ലാവരെയും കാണാൻ ഞാൻ തീർച്ചയായും മടങ്ങിവരും. അതുവരെ അതേ സ്‌നേഹത്തോടെ ലിയോ സിനിമ ആസ്വദിക്കുന്നത് തുടരുക'- സംവിധായകൻ കുറിച്ചു.
ലോകേഷിന്‍റെ വരവിനോടനുബന്ധിച്ച് ഗോകുലം മൂവീസ് പാലക്കാട് അരോമ തിയേറ്ററിൽ പൂർണ രീതിയിലുള്ള സെക്യൂരിറ്റി സംവിധാനങ്ങൾ ഉൾപ്പടെ ഒരുക്കിയിരുന്നു. എന്നാൽ രാവിലെ മുതൽ പ്രേക്ഷകരുടെ നിലക്കാത്ത പ്രവാഹമായിരുന്നു തിയേറ്ററുകളിലേക്ക് ഒഴുകിയെത്തിയത്. ഇതിനിടെയാണ് ലോകേഷിന് കാലിൽ പരിക്കേറ്റത്.
നിയന്ത്രണങ്ങൾ മറികടന്ന് അതിരുവിട്ട ജനത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശുകയും ചെയ്‌തു. കാലിന് പരിക്കേറ്റ സംവിധായകൻ ലോകേഷ് കനകരാജ് മറ്റു പരിപാടികൾ റദ്ദാക്കി തിരികെ മടങ്ങിയതായി അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഇന്ന് നടത്താനിരുന്ന തൃശൂർ രാഗം തിയേറ്ററിലെയും കൊച്ചി കവിത തിയേറ്ററിലെയും തിയേറ്റർ വിസിറ്റുകളാണ് ഒഴിവാക്കിയത്. കൊച്ചിയിൽ ഇന്ന് നടത്താനിരുന്ന പ്രസ് മീറ്റ് മറ്റൊരു ദിവസം നടത്തും.
അതേസമയം കേരളത്തിൽ ഉൾപ്പടെ മികച്ച പ്രകടനമാണ് ലിയോ സിനിമ കാഴ്‌ചവയ്‌ക്കുന്നത്. കേരളത്തിലെ ഇതുവരെയുള്ള സിനിമ റിലീസുകളിൽ ചരിത്രം കുറിച്ച് 655 സ്‌ക്രീനുകളിലാണ് 'ലിയോ' പ്രദർശനം ആരംഭിച്ചത്. 12 കോടിയാണ് കേരളത്തിലെ ലിയോയുടെ ആദ്യ ദിന കലക്ഷൻ (Leo movie Becomes a Historical Hit). ഈ വർഷത്തെ ഇന്ത്യൻ സിനിമകളിലെ ഏറ്റവും വലിയ ആദ്യ ദിന കലക്ഷൻ എന്ന റെക്കോഡും ആഗോളവ്യാപകമായി നേടാൻ 'ലിയോ'യ്‌ക്കായി, ബോക്‌സോഫിസിൽ ആഗോളവ്യാപകമായി 400 കോടി ലിയോ നേടിക്കഴിഞ്ഞു.
READ ALSO:Lokesh Kanagaraj Injured : തിങ്ങിക്കൂടി ആരാധകർ; ലോകേഷ് കനകരാജിന് പരിക്ക്, ചെന്നൈയിലേക്ക് മടങ്ങി