തെന്നിന്ത്യൻ നടി തൃഷയ്‌ക്കെതിരെ മോശം പരാമർശം നടത്തിയ നടൻ മന്‍സൂര്‍ അലി ഖാനെതിരെ സംവിധായകൻ ലോകേഷ് കനകരാജ് രംഗത്ത്. തീർത്തും സ്‌ത്രീ വിരുദ്ധമാണ് മന്‍സൂര്‍ അലി ഖാന്‍റെ പരാമർശമെന്നും അതുകേട്ട് നിരാശയും രോഷവും തോന്നിയെന്നും ലോകേഷ് പ്രതികരിച്ചു. തൃഷയുടെ ട്വീറ്റ് റീ ട്വീറ്റ് ചെയ്‌തുകൊണ്ടായിരുന്നു ലോകേഷിന്‍റെ പ്രതികരണം.
'ഞങ്ങൾ എല്ലാവരും ഒരേ ടീമിൽ പ്രവർത്തിച്ചതിനാൽ മൻസൂർ അലി ഖാൻ നടത്തിയ സ്‌ത്രീ വിരുദ്ധ പരാമർശങ്ങൾ കേട്ട് നിരാശയും ദേഷ്യവും തോന്നി. സ്‌ത്രീകൾ, സഹ കലാകാരന്മാർ, പ്രൊഫഷണലുകൾ എന്നിവരോടുള്ള ബഹുമാനം ഒരു വ്യവസായത്തിലും വിലമതിക്കാനാവാത്ത ഒന്നായിരിക്കണം, ഈ പെരുമാറ്റത്തെ ഞാൻ തികച്ചും അപലപിക്കുന്നു'- ലിയോ സംവിധായകന്‍ കുറിച്ചു.
അടുത്തിടെ 'ലിയോ' സിനിമയുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരുമായി സംവദിക്കുന്നതിനിടെയാണ് തൃഷക്കെതിരെ നടൻ മൻസൂർ അലി ഖാൻ വെറുപ്പുളവാക്കുന്ന പരാമർശം നടത്തിയത്. ചിത്രത്തിൽ തൃഷയ്‌ക്കൊപ്പം ബെഡ് റൂം സീൻ പങ്കിടാന്‍ അവസരം ലഭിച്ചില്ലെന്നായിരുന്നു ഇയാളുടെ പരാമർശം. മുൻപ് സിനിമയിൽ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ തൃഷയെ ഇടാൻ പറ്റിയില്ലെന്നും താൻ ചെയ്‌ത സിനിമകളിലെ റേപ് സീനുകളൊന്നും 'ലിയോ'യിൽ ഇല്ലെന്നും മൻസൂർ പറഞ്ഞിരുന്നു.
സംഭവം വിവാദമായതിന് പിന്നാലെ നടനെതിരെ ആഞ്ഞടിച്ച് തൃഷ രംഗത്തെത്തി. മൻസൂർ അലി ഖാന്‍റെ വാക്കുകളെ ശക്തമായി അപലപിക്കുകയാണെന്ന് പറഞ്ഞ നടി അയാളെപ്പോലെ ഒരാൾക്കൊപ്പം സ്‌ക്രീൻ സ്‌പേസ് പങ്കിടാത്തതിൽ സന്തോഷവതിയാണെന്നും ട്വീറ്റ് ചെയ്‌തു. അശ്ലീലം, അനാദരവ്, സ്‌ത്രീവിരുദ്ധത, വെറുപ്പ്, എന്നിവ നിറഞ്ഞതാണ് അയാളുടെ വാക്കുകളെന്നും തന്‍റെ സിനിമാജീവിതത്തിൽ ഇനി ഒരിക്കലും അയാൾക്കൊപ്പം അഭിനയിക്കില്ലെന്നും തൃഷ വ്യക്തമാക്കിയിരുന്നു.
ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത ലിയോയിൽ വിജയ് - തൃഷ എന്നിവർക്കൊപ്പം മൻസൂർ അലി ഖാനും വേഷമിട്ടിരുന്നു. അതേസമയം മൻസൂർ അലി ഖാനെതിരെ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സ്‌ത്രീത്വത്തെ അപമാനിക്കുന്ന നിലയിലുള്ള നടന്‍റെ വാക്കുകൾക്കെതിരെ ചലച്ചിത്ര മേഖലയിൽ നിന്നുൾപ്പടെയുള്ളവർ രംഗത്തെത്തുകയാണ്.
ഗായിക ചിന്മയി, നിർമാതാവ് അർച്ചന തുടങ്ങിയവർ ഇതിനോടകം മൻസൂർ അലി ഖാനെതിരെ രംഗത്തുവന്നിട്ടുണ്ട്. 'മൻസൂർ അലി ഖാന്‍റേത് തികച്ചും അസ്വീകാര്യമായ പെരുമാറ്റമാണ്. ഞാൻ ഇതിനെ ശക്തമായി അപലപിക്കുന്നു. കടുത്ത നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു'- അർച്ചന ട്വീറ്റ് ചെയ്‌തു. താൻ തൃഷയ്‌ക്കൊപ്പമാണെന്നും അവർ കുറിച്ചു.
'ചില പുരുഷന്മാർ പരസ്യമായി വെറുപ്പുളവാക്കുന്നതിൽ അഭിമാനിക്കുന്നു. ഈ ആളുകൾ ഒരിക്കലും മാറില്ല, അവർ 126 വയസ് വരെ ജീവിക്കുകയും അതുവരെ ഇതുതന്നെ തുടരുകയും ചെയ്യുന്നു. ബലാത്സംഗം ചെയ്യുന്നവര്‍ അപ്രത്യക്ഷമാകുമ്പോൾ മാത്രമാണ്, വരും തലമുറ നന്നാകുന്നത്'- ഗായിക ചിന്മയിയുടെ വാക്കുകൾ ഇങ്ങനെ. ഇത്രയും നീചമായ പ്രസ്‌താവന നടത്തിയ മൻസൂർ അലിഖാനെതിരെ കേസെടുക്കണമെന്നും ജയിലിൽ അടക്കണമെന്നുമുള്ള ആവശ്യവും സമൂഹ മാധ്യമങ്ങളിൽ ശക്തമാണ്.