മലയാളത്തിൽ നിന്നും തമിഴിൽ നിന്നുമായി നിരവധി സിനിമകളാണ് ഡിസംബർ ആദ്യവാരം ഒടിടി റിലീസിനെത്തിയത്. ഇപ്പോഴിതാ ഏറ്റവും ഒടുവിലായി 'ലിറ്റിൽ മിസ് റാവുത്തർ', 'സോമന്‍റെ കൃതാവ്', 'മന്ത് ഒഫ് മധു' സിനിമകളും ഒടിടിയിൽ സ്‌ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. കാത്തിരുന്ന ചിത്രങ്ങൾ തങ്ങളുടെ സ്വീകരണ മുറികളിൽ എത്തിയതിന്‍റെ ആവേശത്തിലാണ് പ്രേക്ഷകർ (Little Miss Rawther and Somante Krithavu started streaming on OTT).
ടൊവിനോ തോമസ് ചിത്രം 'അദൃശ്യ ജാലകങ്ങൾ, ലിറ്റിൽ മിസ് റാവുത്തർ, സോമന്‍റെ കൃതാവ്, മന്ത് ഓഫ് മധു, ജിഗർതണ്ട ഡബിൾ എക്‌സ്, ജപ്പാൻ, പെൻഡുലം, അച്ഛനൊരു വാഴവച്ചു, ദി ആർച്ചീസ്' എന്നിവയാണ് ഈ ആഴ്‌ച ഒടിടി റിലീസിനെത്തിയ ചിത്രങ്ങൾ. ടൊവിനോ തോമസിനെ നായകനാക്കി ഡോ. ബിജു സംവിധാനം ചെയ്‌ത 'അദൃശ്യ ജാലകങ്ങൾ' നവംബർ 24നാണ് തിയേറ്ററുകളിലെത്തിയത്. ഡിസംബർ എട്ടിനായിരുന്നു ഈ ചിത്രത്തിന്‍റെ ഒടിടി റിലീസ്.
നെറ്റ്ഫ്ലിക്‌സിലൂടെയാണ് 'അദൃശ്യ ജാലകങ്ങൾ' റിലീസ് ചെയ്‌തത്. ടാലിൻ ബ്ലാക്ക് നൈറ്റ്സ് രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ 'അദൃശ്യ ജാലകങ്ങൾ' തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. വേറിട്ട പ്രമേയവുമായി എത്തിയ ചിത്രത്തിൽ ഞെട്ടിപ്പിക്കുന്ന മേക്കോവറിലാണ് ടൊവിനോ പ്രത്യക്ഷപ്പെട്ടത്. നിമിഷ സജയനും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്.
'ലിറ്റിൽ മിസ് റാവുത്തർ' പ്രൈമിൽ :ഗൗരി കിഷനും ഷെർഷായും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ലിറ്റിൽ മിസ് റാവുത്തർ' ശനിയാഴ്‌ചയാണ് (ഡിസംബർ 9) ആമസോൺ പ്രൈം വീഡിയോയിൽ സ്‌ട്രീമിങ് ആരംഭിച്ചത്. '96' എന്ന സിനിമയിലൂടെ ശ്രദ്ധേയയായ താരമാണ് ഗൗരി കിഷൻ. 'ഹൃദയം' എന്ന സിനിമയിലൂടെ ഷെർഷായും പ്രേക്ഷകർക്ക് സുപരിചിതനാണ്. 'ലിറ്റിൽ മിസ് റാവുത്തർ' സിനിമയുടെ തിരക്കഥ രചിച്ചതും ഷെർഷാ തന്നെയാണ്.