കേരളം

kerala

ETV Bharat / entertainment

മമ്മൂട്ടിയും സുരാജും ജയസൂര്യയും ഈ ആഴ്‌ച എത്തും, റിലീസിനെത്തുന്ന പുതിയ സിനിമകള്‍ - മലയാള സിനിമ

തിയേറ്ററുകള്‍ക്ക് പുറമെ ഒടിടിക്കായി നിര്‍മിക്കുന്ന സിനിമകളും മലയാളത്തില്‍ വരാറുണ്ട്. കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം സിനിമാലോകം വീണ്ടും ഉണര്‍ന്നിരിക്കുകയാണ്.

mammootty  malayalam upcoming releases  malayalam latest movies  malayalam movie news  മമ്മൂട്ടി പുഴു  പുതിയ മലയാളം റിലീസുകള്‍  മലയാള സിനിമ  ജയസൂര്യ
മമ്മൂട്ടിയും സുരാജും ജയസൂര്യയും ഈ ആഴ്‌ച എത്തും, റിലീസിനെത്തുന്ന പുതിയ സിനിമകള്‍

By

Published : May 11, 2022, 7:46 PM IST

കൊവിഡ് പ്രതിസന്ധികള്‍ മാറി മലയാള സിനിമ വീണ്ടും സജീവമായികൊണ്ടിരിക്കുന്ന കാലമാണിത്. സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകള്‍ തുടര്‍ച്ചയായി പ്രേഷകരിലേക്ക് എത്തുന്നു. തിയേറ്റര്‍ റിലീസിന് പുറമെ ഒടിടി പ്ലാറ്റ്‌ഫോം സാധ്യതകളും പല സിനിമാക്കാരും പ്രയോജനപ്പെടുത്തുന്നുണ്ട്. ബിഗ് സ്ക്രീനില്‍ റിലീസ് ചെയ്‌ത മിക്ക സിനിമകളും ഒടിടിയിലൂടെയും പ്രേഷകര്‍ക്ക് മുന്നില്‍ എത്തുന്നു.

ഭീഷ്‌മ പര്‍വത്തിന്‍റെ വമ്പന്‍ വിജയത്തിന് പിന്നാലെ മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും മലയാളത്തില്‍ തിളങ്ങിനില്‍ക്കുകയാണ്. സൂപ്പര്‍താരത്തിന്‍റെ അടുത്ത ചിത്രം ഒടിടിയിലാണ് റിലീസ് ചെയ്യുന്നത്. ഈ ആഴ്‌ച റിലീസിനെത്തുന്ന പ്രധാന സിനിമകളിലൊന്നാണ് മമ്മൂട്ടിയുടെ പുഴു. വനിത സംവിധായിക റത്തീന സംവിധാനം ചെയ്‌ത ചിത്രത്തില്‍ നെഗറ്റീവ് ഷേഡുളള കഥാപാത്രമായാണ് മെഗാസ്റ്റാര്‍ എത്തുന്നത്.

നടി പാര്‍വതി തിരുവോത്താണ് ചിത്രത്തിലെ നായിക. സോണി ലിവില്‍ മെയ് 13നാണ് മമ്മൂട്ടി ചിത്രത്തിന്‍റെ റിലീസ്. ദുല്‍ഖര്‍ സല്‍മാന്‍റെ വേ ഫെറര്‍ ഫിലിംസും എസ് ജോര്‍ജും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. ഉണ്ടയുടെ കഥാകൃത്ത് ഹര്‍ഷദ്, വൈറസ് സിനിമയിലൂടെ ശ്രദ്ധേയരായ സുഹാസ്-ഷറഫ് എന്നിവര്‍ ചേര്‍ന്നാണ് പുഴുവിന്‍റെ തിരക്കഥ എഴുതിയത്. നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മേനോന്‍ എന്നീ താരങ്ങള്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ജോസഫിന്‍റെ വന്‍വിജയത്തിന് പിന്നാലെ എം പദ്‌മകുമാര്‍ സംവിധാനം ചെയ്‌ത ത്രില്ലര്‍ ചിത്രം പത്താം വളവും മേയ് 13നാണ് റിലീസ്. സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത് സുകുമാരന്‍, അദിഥി രവി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമ തിയേറ്ററുകളിലാണ് എത്തുന്നത്. ഒരു യഥാര്‍ത്ഥ സംഭവകഥയെ ആസ്‌പദമാക്കി ഒരുക്കിയ ചിത്രത്തിന് അഭിലാഷ് പിളളയാണ് തിരക്കഥയൊരുക്കിയത്.

അജ്‌മല്‍ അമീര്‍, സുധീര്‍ കരമന, സോഹന്‍ സീനുലാല്‍, രാജേഷ് ശര്‍മ്മ, ഇടവേള ബാബു ഉള്‍പ്പെടെയുളള താരങ്ങളാണ് മറ്റ് വേഷങ്ങളിലെത്തുന്നത്. രഞ്ജിന്‍ രാജാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയത്. മേരി ആവാസ് സുനോ എന്ന ചിത്രവുമായാണ് നടന്‍ ജയസൂര്യ ഈ ആഴ്‌ച എത്തുന്നത്. ക്യാപ്‌റ്റന്‍, വെളളം എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ പ്രജേഷ് സെനാണ് സിനിമ ഒരുക്കിയത്.

ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ച സിനിമയില്‍ നടി ശിവദയും പ്രധാന വേഷത്തില്‍ എത്തുന്നു. പ്രജേഷ് സെന്‍ തന്നെ തിരക്കഥയൊരുക്കിയ ചിത്രത്തിന് സംഗീതം നല്‍കിയത് എം ജയചന്ദ്രനാണ്. മാത്യൂ തോമസ്-നസ്‌ലെന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ജോ&ജോയും മെയ് 13ന് തിയേറ്ററുകളിലെത്തും.

നവാഗതനായ അരുണ്‍ ഡി ജോസ് സംവിധാനം ചെയ്‌ത സിനിമയില്‍ നിഖില വിമലും പ്രധാന വേഷത്തില്‍ എത്തുന്നു. ജോണി ആന്‍റണി, സ്‌മിനു സി ജോയ്, ലീന ആന്‍റണി തുടങ്ങിയവരാണ് മറ്റ് വേഷങ്ങളില്‍ എത്തുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീതം നല്‍കിയിരിക്കുന്നത്. അരുണ്‍ ഡി ജോസ്, രവീഷ് നാഥ് തുടങ്ങിയവര്‍ ചേര്‍ന്ന് തിരക്കഥ എഴുതിയ സിനിമയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്.

ABOUT THE AUTHOR

...view details