മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'നന്‍പകല്‍ നേരത്ത് മയക്കം' റിലീസിനൊരുങ്ങുകയാണ്. ജനുവരി 19നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. 'ഭൂതക്കണ്ണാടി' എന്ന സിനിമയിലെ മമ്മൂട്ടിയുടെ അഭിനയപ്രകടനം പോലെ ഒന്നാണ് തന്‍റെ സിനിമയില്‍ ആഗ്രഹിച്ചിരുന്നത് എന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നത്. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
'എനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട മമ്മൂക്ക ചിത്രം 'ഭൂതക്കണ്ണാടി'യും 'തനിയാവര്‍ത്തന'വുമാണ്. മമ്മൂക്കയുടെ അടുത്ത് നന്‍പകല്‍ സിനിമ അവതരിപ്പിക്കുമ്പോള്‍ പറഞ്ഞത്, മമ്മൂക്കയെ വച്ച് എനിക്ക് ചെയ്യാന്‍ ആഗ്രഹമുള്ളത് 'ഭൂതക്കണ്ണാടി' പോലൊരു സിനിമയാണ് എന്നാണ്. അത് ലോക സിനിമയിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായാണ് ഞാന്‍ പരിഗണിച്ചിരിക്കുന്നത്.
അതുകൊണ്ടുതന്നെ അതിനെ മാച്ച് ചെയ്യിക്കുന്ന മറ്റൊരു പെര്‍ഫോമന്‍സ് തരാന്‍ മമ്മൂക്കയ്‌ക്ക് കഴിയുമോ എന്നെനിക്ക് അറിയില്ല. പക്ഷേ ഞാന്‍ ആഗ്രഹിച്ചത് അതിന് വേണ്ടിയിട്ടാണ്. അങ്ങനെയുള്ള ഒരു സിനിമയെ മമ്മൂക്കയുടെ ഭാഗമാക്കണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. അങ്ങനെ ശ്രമിച്ചതിന്‍റെ ഭാഗമാണ് നന്‍പകല്‍ നേരത്ത് മയക്കം' - ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.