ഹൈദരാബാദ്: ലോകേഷ് കനകരാജിന്‍റെ പുതിയ ചിത്രം ലിയോ ഒക്‌ടോബർ 19ന് പുറത്തിറങ്ങാനിരിക്കെ സിനിമയുടെ പോസ്റ്ററിന് മുമ്പിൽ അനിരുദ്ധ് രവിചന്ദറിനൊപ്പം കൈ കോർത്തു നിൽക്കുന്ന ചിത്രം പുറത്ത് വിട്ട് ലോകേഷ് (Leo Tamil Movie Updates). ദളപതി വിജയ് നായകനാകുന്ന ലിയോ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ലോകേഷ് കനകരാജും പോസ്റ്ററിന് മുമ്പിൽ കൈകോർത്ത് നിൽക്കുന്ന ചിത്രം ലോക്ക്‌ഡ് ആന്‍ഡ് ലോഡഡ് എന്ന അടികുറിപ്പോടു കൂടിയാണ് എക്‌സിൽ (ട്വിറ്റർ) പങ്കു വച്ചിരിക്കുന്നത്.
ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം ഇത്തവണ സകല റെക്കോർഡുകളും തകർക്കുമെന്നാണ് ആരാധകരുടെ പ്രവചനം. മാസ്റ്റർ എന്ന ചിത്രത്തിനു ശേഷം ലോകേഷ് കനകരാജും നടൻ വിജയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. സിനിമയെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുകയാണെന്നും സാധാരണ സിനിമ പോലെ വളരെ പതുക്കെ വികസിക്കുന്ന കഥാഗതിയാണെന്നും അടുത്തിടെ നടന്ന അഭിമുഖത്തിൽ ലോകേഷ് കനകരാജ് പറഞ്ഞിരുന്നു.