ലോകേഷ് കനകരാജിൻ്റെ സംവിധാനത്തിൽ വരാനിരിക്കുന്ന ദളപതി വിജയ്‌യുടെ പുതിയ ചിത്രമാണ് ലിയോ. കശ്‌മീരിൽ ഷൂട്ടിങ് പുരോഗമിക്കുന്ന സിനിമയുടെ സെറ്റിൽ നിന്നുള്ള നിരവധി ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം. ലിയോയിൽ ഒരു നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന സംവിധായകൻ മിഷ്‌കിൻ സിനിമയെ അഭിനന്ദിച്ചുകൊണ്ട്, തൻ്റെ ഷൂട്ടിങ് അനുഭവങ്ങൾ തുറന്നുപറയുന്ന കുറിപ്പ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.
'ഇന്ന് കശ്‌മീരിൽ നിന്ന് ചെന്നൈയിലേക്ക് മടങ്ങുന്നു. മൈനസ് 12 ഡിഗ്രിയിൽ 500 പേരടങ്ങുന്ന ലിയോ ക്രൂ എൻ്റെ ഭാഗം പൂർത്തിയാക്കാൻ കഠിനമായി പരിശ്രമിച്ചു. സ്റ്റണ്ട് മാസ്റ്റർ ഒരു ഫൈറ്റ് സീൻ ഗംഭീരമായി പൂർത്തിയാക്കി. സിനിമയിലെ അസിസ്റ്റൻ്റ് ഡയറക്‌ടർമാർ എന്നോട് കാണിച്ച സ്‌നേഹം എന്നെ അത്ഭുതപ്പെടുത്തി. ചിത്രത്തിൻ്റെ നിർമാതാവ് ലളിത് ആ തണുപ്പിൽ ഒരു സഹ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു.
ദയയുള്ളവനും, കടുംപിടുത്തക്കാരനുമായ പരിചയസമ്പന്നനായ എൻ്റെ ലോകേഷ് കനകരാജ്. ഒരു മികച്ച നായകനെപ്പോലെ അദ്ദേഹം ഫീൽഡിൽ ഓടിനടക്കുകയായിരുന്നു. എൻ്റെ അവസാന രംഗത്തിനുശേഷം അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു, എൻ്റെ നെറ്റിയിൽ ചുംബിച്ചു. ഒരു നടനെന്ന നിലയിൽ എൻ്റെ സഹോദരൻ വിജയ്‌ക്കൊപ്പം ഈ സിനിമയിൽ ജോലി ചെയ്‌തതിൽ ഞാൻ സന്തുഷ്‌ടനാണ്. അവൻ്റെ ദയയും എന്നോടുള്ള സ്നേഹവും ഞാൻ ഒരിക്കലും മറക്കില്ല. ലിയോ ഒരു വലിയ വിജയമാകും.ആത്മാർഥതയോടെ മിഷ്‌കിൻ' എന്നാണ് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
also read:ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് പുതിയ റിക്രൂട്ട്, 'റോബിൻ രാധാകൃക്ഷ്‌ണൻ
വർഷങ്ങൾക്ക് ശേഷം വിജയ് - തൃഷ എന്നിവർ ഒന്നിക്കുന്നു എന്ന പ്രത്യേകതകൂടി സിനിമക്കുണ്ട്. ഇരുതാരങ്ങളും ഒരുമിച്ച് വിമാനയാത്ര നടത്തുന്നതിൻ്റെ ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ചിത്രത്തിൽ വിജയ് ഒരു അധോലോക നായകനായാണ് വേഷമിടുന്നത്. മാസ്‌റ്ററിനു ശേഷം വിജയും ലോകേഷ് കനകരാജും ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയും ലിയോക്കുണ്ട്. തണ്ണീർമത്തൻ ദിനങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം പിടിച്ച മാത്യു തോമസും ലിയോയിൽ വേഷമിടുന്നുണ്ട്.