ഒടുക്കം അക്കാര്യത്തിൽ തീരുമാനമായി. അതെ, 'ലിയോ' എപ്പോൾ ഒടിടിയിൽ എത്തുമെന്ന പ്രേക്ഷകരുടെ ചോദ്യത്തിന് അവസാനമായിരിക്കുന്നു (Leo OTT release date). വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രം നവംബർ മാസം ഒടിടിയിൽ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
പിന്നാലെ മാധ്യമങ്ങളും ട്രേഡ് അനലിസ്റ്റുകളും 'ലിയോ'യുടെ ഒടിടി റിലീസ് സംബന്ധിച്ച് പല ഊഹാപോഹങ്ങളും പടച്ചുവിട്ടു. കൗതുകമെന്തെന്നാൽ നേരത്തെ ഇവർ പ്രവചിച്ച തീയതികളിലൊന്നുമല്ല 'ലിയോ' എത്തുക എന്നതാണ്. ഇന്ത്യയിലും വിദേശത്തും രണ്ട് തീയതികളിലാണ് ചിത്രം എത്തുക. സ്‌ട്രീമിംഗ് നെറ്റ്ഫ്ലിക്‌സിലൂടെ തന്നെ.
ഇന്ത്യയില്‍ നവംബര്‍ 24 നും വിദേശ രാജ്യങ്ങളില്‍ നവംബര്‍ 28 നും 'ലിയോ' എത്തുമെന്ന് നിർമാതാക്കളായ സെവൻ സ്‌ക്രീൻ സ്റ്റുഡിയോസ് ഔദ്യോഗികമായി അറിയിച്ചു. തമിഴ് ഒറിജിനലിന് പുറമെ തെലുഗു, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും പ്രേക്ഷകർക്ക് ചിത്രം കാണാനാവും. സിനിമാപ്രേമികള്‍ ഏറെനാളായി കാത്തിരിക്കുന്ന ഒടിടി റിലീസ് തീയതിയാണ് ഇപ്പോൾ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്.
നവംബര്‍ 16ന് ശേഷം 'ലിയോ' പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്ക് എത്തുമെന്നാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ എത്തിയത്. പിന്നാലെ നവംബര്‍ 17, നവംബര്‍ 23 എന്നീ തീയതികളും ഉയർന്നുകേട്ടു. ഏതായാലും നിർമാതാക്കൾ തന്നെ 'ലിയോ'യുടെ ഒടിടി റിലീസ് തീയതി പുറത്തുവിട്ടതിന്‍റെ ആവേശത്തിലാണ് ആരാധകർ.
തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയ ചിത്രങ്ങളുടെ പട്ടികയില്‍ മുൻ പന്തിയിൽ തന്നെയാണ് 'ലിയോ'യുടെ സ്ഥാനം. ബോക്‌സോഫിസിൽ റെക്കോർഡുകൾ സൃഷ്‌ടിച്ചുകൊണ്ട് ചിത്രം പ്രദർശനം തുടരുകയാണ്. ഒക്‌ടോബര്‍ 19ന് തിയേറ്ററുകളിലേക്കെത്തിയ 'ലിയോ'യ്‌ക്ക് മുൻപെങ്ങുമില്ലാത്ത വിധമുള്ള വരവേൽപ്പാണ് ആരാധകർ ഒരുക്കിയത്. 'മാസ്റ്ററി'ന് ശേഷം ലോകേഷ് കനകരാജും വിജയ്‌യും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ സമീപകാല തമിഴ് സിനിമയില്‍ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ചിത്രം കൂടിയായിരുന്നു 'ലിയോ'.
തൃഷ കൃഷ്‌ണൻ നായികയായ ചിത്രത്തിൽ ബോളിവുഡ് താരം സഞ്ജയ് ദത്ത്, ഗൗതം മേനോൻ, അർജുൻ സർജ, മാത്യു തോമസ്, ഇയാൽ മിഷ്‌കിൻ, സാൻഡി തുടങ്ങി വന്‍ താരനിരയാണ് അണിനിരന്നത്. നീണ്ട 14 വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് തൃഷയും വിജയ്‌യും വെള്ളിത്തിരയിൽ വീണ്ടും ഒന്നിച്ചത് എന്നതും 'ലിയോ'യുടെ ആകർഷണം ഇരട്ടിയാക്കി. ആഗോള ബോക്‌സോഫിസിൽ 500 കോടി രൂപയുടെ നാഴികക്കല്ല് 'ലിയോ' നേരത്തെ പിന്നിട്ടിരുന്നു.
മൻസൂർ അലി ഖാൻ തൃഷ വിവാദം :അതേസമയം 'ലിയോ' സിനിമയുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ നടൻ മൻസൂർ അലി ഖാൻ തൃഷയ്‌ക്കെതിരെ നടത്തിയ അപകീർത്തിപരവും സ്‌ത്രീ വിരുദ്ധവുമായ പരാമർശങ്ങൾ വലിയ വിവാദമായിരുന്നു. ചിത്രത്തിൽ തൃഷയുമായി ബെഡ് റൂം സീൻ പങ്കിടാന്‍ അവസരം ലഭിച്ചില്ല എന്നായിരുന്നു ഇയാൾ പറഞ്ഞത്. പിന്നാലെ മൻസൂർ അലി ഖാനെതിരെ രൂക്ഷവിമർശനവുമായി തൃഷയും രംഗത്തെത്തി.
READ MORE:സ്‌ത്രീവിരുദ്ധ പരാമർശം : മൻസൂർ അലി ഖാനെതിരെ നടപടിയെടുക്കാൻ നിർദേശം നൽകി ദേശീയ വനിത കമ്മീഷൻ
മൻസൂർ അലി ഖാനൊപ്പം സ്‌ക്രീൻ സ്‌പേസ് പങ്കിടാത്തതിൽ സന്തോഷിക്കുന്നുവെന്നും ഇനി ഒരിക്കലും താൻ അയാൾക്കൊപ്പം അഭിനയിക്കില്ലെന്നും ആയിരുന്നു തൃഷയുടെ പ്രതികരണം. സംഭവത്തിൽ മാപ്പ് പറയുന്നതിന് പകരം വിശദീകരണവുമായി മൻസൂർ അലി ഖാനും എത്തി. തന്‍റേത് തമാശ രീതിയിലുള്ള പരാമർശമായിരുന്നു എന്നും ആരോ എഡിറ്റ് ചെയ്‌ത വീഡിയോ കണ്ട് തൃഷ തെറ്റിദ്ധരിക്കുകയായിരുന്നു എന്നുമാണ് മൻസൂർ അലി ഖാൻ അവകാശപ്പെടുന്നത്. മൻസൂർ അലി ഖാനെതിരെ നടപടിയെടുക്കാൻ ദേശീയ വനിത കമ്മീഷൻ പൊലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്.