കേരളം

kerala

ETV Bharat / entertainment

Leo Movie Scenes ഈ നാടിന് ഇതെന്തുപറ്റി? ഇനിയും സഹിക്കുന്നത് എന്തിന്, സിനിമ വ്യവസായത്തെ മുറിവേല്‍പ്പിച്ചുക്കൊണ്ടുള്ള സോഷ്യല്‍ മീഡിയ പ്രചരണം - ലോകേഷ് കനകരാജ്

Leo Movie Scenes circulating through social media : പ്രേക്ഷകർ ഏറ്റവും അധികം കാണാൻ ആഗ്രഹിക്കുന്ന വിജയുടെ ഇൻട്രോ സീൻ, ക്ലൈമാക്‌സ്‌ രംഗം, ഫ്ലാഷ് ബാക്ക്, അമ്പരപ്പിക്കാൻ എത്തുന്ന മറ്റു കഥാപാത്രങ്ങൾ ഇതൊക്കെ മൊബൈൽ ഫോണിൽ പകർത്തി വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നു

Scenes from movies being circulated  Movie Circulating through social media  സോഷ്യല്‍ മീഡിയ പ്രചരണം  ലിയോ  leo movie  Copied and widely circulated on social media  Scenes Copied and widely circulated  ദളപതി ചിത്രം ലിയോ  Scenes from movies are circulating  circulating through social media  വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നു  ലോകേഷ് കനകരാജ്  Lokesh Kanagaraj
Scenes From Movies Are Circulating

By ETV Bharat Kerala Team

Published : Oct 21, 2023, 10:44 PM IST

എറണാകുളം: ഇതുവരെയുള്ള സിനിമ ചരിത്രങ്ങൾ എല്ലാം തന്നെ തിരുത്തിക്കുറിച്ചു കൊണ്ട് ലോകേഷ് കനകരാജ് ദളപതി ചിത്രം ലിയോ (Leo Movie) മുന്നേറുകയാണ്. 148.5 കോടി രൂപ ലിയോയുടെ ആദ്യ ദിന കലക്ഷൻ ആയി രേഖപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിന്‍റെ നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോസ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ഒരു ഇന്ത്യൻ സിനിമയുടെ ആദ്യ ദിനത്തിലെ മികച്ച വരുമാനമാണിത്. ലോക വ്യാപകമായുള്ള കലക്ഷൻ റെക്കോഡുകളെ അധികരിച്ചാണ് ഇത്രയും തുക കണക്കാക്കപ്പെട്ടിട്ടുള്ളത്. കേരളത്തിൽ ഏകദേശം 12 കോടിയോളം രൂപയാണ് ആദ്യദിനത്തിലെ കലക്ഷൻ.

നമ്മുടെ ഏവരുടെയും പ്രിയങ്കരനായ താരം വിജയുടെ ലിയോ ഇത്തരം കലക്ഷൻ റെക്കോഡുകൾ ഭേദിച്ച് മുന്നേറുന്നത് സന്തോഷം തന്നെ. അന്യഭാഷയോ സ്വന്തം ഭാഷയോ, തീയറ്ററുകളിലേക്ക് ജനങ്ങൾ വീണ്ടും ഇരച്ചു കയറുന്നത് സിനിമ വ്യവസായത്തിന്‍റെ നിലനിൽപ്പിന് തന്നെ ഉറപ്പ് നൽകുന്ന സംഗതിയാണ്. കൊവിഡിന് ശേഷമുള്ള സിനിമകളുടെ നിലവാര തകർച്ചയും ഒടിടികളുടെ അതിപ്രസരവും പല ചിത്രങ്ങൾക്കുനേരെയും ജനങ്ങൾ മുഖം തിരിക്കുന്ന മട്ടായിരുന്നു. അതിനൊക്കെ ഒരു മാറ്റം അനിവാര്യമാണ്. ലിയോ സിനിമ റിലീസിനു ശേഷം പ്രേക്ഷകർക്കിടയിൽ നിന്ന് പല അഭിപ്രായങ്ങളും ഉരുത്തിരിയുന്നുണ്ട്.

ലോകേഷ് കനകരാജിന്‍റെ മുൻ ചിത്രങ്ങളുടെ നിലവാരം ഇല്ലെന്നും ഇതുവരെയുള്ള ലോകേഷ് ചിത്രങ്ങളിൽ ഏറ്റവും മികച്ചതാണെന്നും ഉന്നയിച്ചു സോഷ്യൽ മീഡിയയിൽ ചർച്ചകൾ കനക്കുന്നു. സിനിമയോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നവർ അത്യാവശ്യം നെഗറ്റിവിറ്റിയും വിളമ്പുന്നുണ്ട്. കഴിഞ്ഞ രണ്ടു വർഷങ്ങളായി തമിഴ്, മലയാളം സിനിമകൾ തിയേറ്ററുകളിൽ വലിയ പരാജയങ്ങൾ ഏറ്റുവാങ്ങുമ്പോൾ മനസ്സിലാക്കേണ്ട ഒരു വസ്‌തുത ഇങ്ങനെ പരാജയങ്ങൾ തുടർന്നാൽ അഞ്ചു വർഷങ്ങൾക്കപ്പുറം സിനിമ വ്യവസായം അപ്പാടെ തകരും. ചുവരില്ലാതെ ചിത്രം എഴുതാൻ സാധിക്കില്ലല്ലോ. എല്ലാ തരം പ്രതിസന്ധികളെയും തരണം ചെയ്‌ത്‌ ലിയോ തീയേറ്ററുകളിൽ വെന്നികൊടി പാറിക്കുക തന്നെ ചെയ്യും. കുടുംബ പ്രേക്ഷകരും ചിത്രം ഏറ്റെടുത്തതോടെ ഇനി ഒന്നും ചിത്രത്തിന് സംഭവിക്കാനില്ല.

പറഞ്ഞുവരുന്നത് ഇതൊന്നുമല്ല.. ലോകേഷ് കനകരാജിന്‍റെ സംവിധാനത്തിൽ ലിയോ തിയേറ്ററുകളിൽ എത്തുമ്പോൾ ചിത്രത്തിന്‍റെ ഏറ്റവും മികച്ച ആസ്വാദന ഘടകം സർപ്രൈസ് ആയി ഒളിപ്പിച്ചു വച്ചിട്ടുള്ള ചില മൊമെന്‍റുകളാണ്. പ്രത്യേകിച്ച് ചിത്രം എൽ സി യു അതായത് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്‍റെ ഭാഗമാണോ. ലോകേഷിന്‍റെ മുൻ ചിത്രങ്ങളായ കൈതി, വിക്രം തുടങ്ങിയ സിനിമയിലെ കഥാപാത്രങ്ങൾ ലിയോയുടെ കഥാസന്ദർഭങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ടോ? ആരൊക്കെയാണ് ഇതുവരെയും പ്രേക്ഷകരുടെ കാതുകളിലേക്ക് എത്താത്ത മറ്റ് അഭിനേതാക്കൾ. ഇതൊക്കെ തീയേറ്ററിൽ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ പ്രേക്ഷകന് സർപ്രൈസ് ആയി ലഭിക്കേണ്ട ഘടകങ്ങളാണ്. പക്ഷേ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ഒരു സാധാരണക്കാരൻ അവൻ ആഗ്രഹിച്ചില്ലെങ്കിലും അവന്‍റെ മുന്നിലേക്ക് സിനിമയുടെ പല രംഗങ്ങളും കടന്നുവരികയാണ് (Leo Movie Scenes circulating through social media).

തിയേറ്ററുകളിൽ സിനിമയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിക്കാൻ പാടില്ല എന്ന പുതിയ നിയമം കാറ്റിൽ പറത്തിയാണ് ചിലരുടെയൊക്കെ പ്രവർത്തികൾ. പ്രേക്ഷകർ ഏറ്റവും അധികം കാണാൻ ആഗ്രഹിക്കുന്ന വിജയുടെ ഇൻട്രോ സീൻ, എൽ സി യു കണക്ഷൻ, ക്ലൈമാക്‌സ്‌ രംഗം, ഫ്ലാഷ് ബാക്ക്, അമ്പരപ്പിക്കാൻ എത്തുന്ന മറ്റു കഥാപാത്രങ്ങൾ ഇതൊക്കെ മൊബൈൽ ഫോണിൽ പകർത്തി വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നു. ഇതിൽ ശത്രുക്കളുമുണ്ട് മിത്രങ്ങളുമുണ്ട്. എന്തിന് വിജയിയുടെ തന്നെ ആരാധക വൃന്ദങ്ങളുടെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ ഹാൻഡിലിൽ നിന്നാണ് ഏറ്റവും അധികം വീഡിയോകൾ പോസ്റ്റ് ചെയ്‌തിട്ടുള്ളത്.

അമ്പരപ്പിക്കുന്ന ഇത്തരം രംഗങ്ങൾ കണ്ടുകഴിഞ്ഞാൽ പിന്നെ സിനിമ കാണാൻ പോകുന്ന പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം ആറിയ കഞ്ഞി പഴങ്കഞ്ഞി. സിനിമയിലെ ഏറ്റവും മികച്ച രംഗങ്ങളിൽ ഒന്നായ വിജയ്‌യും ഹൈന മൃഗവും ആയിട്ടുള്ള സംഘട്ടനം അപ്പാടെ ചിത്രീകരിച്ച് പോസ്റ്റ് ചെയ്‌തിട്ടുണ്ട്. ലിയോ ദാസിന്‍റെ ഫ്ലാഷ് ബാക്ക് രംഗങ്ങൾ മൂന്നുനാല് പോസ്റ്റുകൾ കൂട്ടിവച്ച് നോക്കിയാൽ പ്രേക്ഷകന് മനസ്സിലാക്കാം. ഇത്തരം പ്രവർത്തികൾക്ക് തടയിടാൻ എന്തുകൊണ്ട് നമ്മുടെ നിയമ സംഹിതയിലെ സൈബർ വിഭാഗത്തിന് സാധിക്കുന്നില്ല. ഒന്നോ രണ്ടോ പേരാണെങ്കിൽ ശരി. നമുക്ക് ക്ഷമിക്കാം പക്ഷേ എണ്ണിയാൽ ഒടുങ്ങാത്ത റീലുകളും യൂട്യൂബ് പോസ്റ്റുകളും ആണ് ലിയോ സിനിമയുടെ തിയേറ്റർ ക്യാപ്‌ചർ ദൃശ്യങ്ങളായി ഒഴുകി നടക്കുന്നത്.

ചിലപ്പോൾ തന്‍റെ നടനോടുള്ള അടങ്ങാത്ത ആവേശം കൊണ്ട് ചെയ്യുന്നതായിരിക്കും. പക്ഷേ അത് ആ സിനിമയെ എത്രത്തോളം പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് ഇത്തരം വ്യക്തികൾ ചിന്തിക്കുന്നില്ലേ എന്ന് സംശയമാണ്. തിയേറ്ററിൽ പേരെഴുതി കാണിക്കുമ്പോൾ മുതൽ തുടങ്ങുകയായി മൊബൈൽ ഫോൺ എടുത്ത് ചിത്രീകരിക്കാൻ. ഒരു യഥാർത്ഥ സിനിമ പ്രേമിയെ തിയേറ്ററിനുള്ളിൽ ധർമ്മ സങ്കടത്തിൽ ആക്കാൻ ഇതൊക്കെ ധാരാളം. ഒരു സിനിമ കാണുമ്പോൾ അതിന്‍റെ പ്രസക്ത രംഗങ്ങളോ നായകന്‍റെ ഇന്‍ട്രോയോ ചിത്രീകരിച്ച് അത് വാട്‌സ്‌ആപ്പ് സ്റ്റാറ്റസ് ആയോ ഇൻസ്റ്റാ സ്റ്റാറ്റസ് ആയോ പോസ്റ്റ് ചെയ്യാതെ ചിലർക്ക് ഉറക്കം വരില്ല. എന്ത് മാനസിക ഉന്മാദമാണ് ഇതിൽ നിന്ന് ലഭിക്കുന്നതെന്ന് അവ്യക്തം.

തിയേറ്ററിൽ പോയി ഞാനൊരു പുതിയ സിനിമ കണ്ടു എന്നത് ഒരു പ്രിവിലേജ് ആയി കാണുന്നതാണോ ഇത്തരം പ്രവർത്തികളുടെ മൂലകാരണമെന്ന് ഏതെങ്കിലും മനഃശാസ്ത്രജ്ഞനോട് തന്നെ ചോദിക്കണം. തിയേറ്റർ ഹാളിൽ ഒരാൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് തന്നെ അടുത്ത രണ്ട് റോയിലേ ആൾക്കാരെ ശല്യപ്പെടുത്തും. ഇത് തിരിച്ചറിയാനുള്ള ഔചിത്യ ബോധം പ്രേക്ഷകർ മനസ്സിലാക്കണം. കൂട്ടായി സിനിമ കാണുക എന്നത് ഒരു വികാരമാണ്. ഒരുപാട് പേരുടെ അധ്വാനത്തിന്‍റെ ഫലമാണ് സിനിമ.

സിനിമയുണ്ടെങ്കിലേ തീയറ്റർ വ്യവസായവും നിലനിൽക്കുകയുള്ളൂ. ചിലരുടെ ഒറ്റപ്പെട്ട ഇത്തരം പ്രവർത്തികൾ സ്വന്തം കുടുംബത്തിനുള്ളിൽ ഒരു ഹോം തിയേറ്റർ സ്ഥാപിച്ച് അങ്ങോട്ടേക്ക് ചേക്കേറാൻ ഭൂരിഭാഗം ജനങ്ങളെയും നിർബന്ധിതരാകും. സിനിമ കാണുന്നവന് തീയേറ്ററിൽ നിന്ന് തന്നെ കാണണം എന്ന് നിർബന്ധമൊന്നുമില്ല. ദയവായി സിനിമ കാണാനിരിക്കുമ്പോൾ തീയറ്ററിൽ മൊബൈൽ ഫോൺ ഉപയോഗം പരമാവധി ഒഴിവാക്കുക. സിനിമയെ അകാലത്തിൽ കൊല്ലാതിരിക്കുക. ആസ്വാദനത്തിന്‍റെ പൂർണ്ണതലം അനുഭവിച്ചറിയുക. തിയേറ്ററിലെത്തി സിനിമകൾ വിജയിപ്പിക്കുക.

ഇനിയും മനസ്സിലാകാത്ത ഒരു കാര്യം അടുത്തിരിക്കുന്നവൻ ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞിട്ടും സ്വയം ധർമ്മസങ്കടത്തിലും അസുഖകരമായി അനുഭവപ്പെട്ടിട്ടും ഞാനും നിങ്ങളും അടങ്ങുന്ന സമൂഹം പ്രതികരിക്കാത്തതെന്താ? എന്താ ആരും ഒന്നും മിണ്ടാത്തത് ഇനിയും സഹിക്കുന്നത് എന്തിന്...

ABOUT THE AUTHOR

...view details