കഴിഞ്ഞ ദിവസമാണ് വിജയ് ചിത്രം 'ലിയോ'യുടെ ഒടിടി റിലീസ് തീയതി നിർമാതാക്കൾ പുറത്തുവിട്ടത്. നെറ്റ്‌ഫ്ലിക്‌സാണ് ചിത്രത്തിന്‍റെ ഒടിടി അവകാശം സ്വന്തമാക്കിയത്. ഇന്ത്യയിൽ നവംബർ 24 മുതൽ 'ലിയോ' സ്‌ട്രീമിംഗ് ആരംഭിക്കും. ചിത്രത്തിന്‍റെ മലയാളം ട്രെയിലർ നെറ്റ്ഫ്ലിക്‌സ് പുറത്തുവിട്ടിരിക്കുകയാണ് (Leo Official Malayalam Trailer out).
മലയാളം, തമിഴ്, കന്നഡ, തെലുഗു ഭാഷകളിൽ പ്രേക്ഷകർക്ക് ചിത്രം ആസ്വദിക്കാനാകും. അതേസമയം വിദേശ രാജ്യങ്ങളില്‍ നവംബര്‍ 28 മുതലാണ് 'ലിയോ' സ്‌ട്രീമിംഗ് ആരംഭിക്കുക. നിർമാതാക്കളായ സെവൻ സ്‌ക്രീൻ സ്റ്റുഡിയോസ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ഒക്‌ടോബര്‍ 19ന് തിയേറ്ററുകളിലേക്കെത്തിയ വിജയ് - ലോകേഷ് കനകരാജ് ചിത്രം 'ലിയോ' ബോക്‌സോഫിസിൽ മിന്നും പ്രകടനമാണ് കാഴ്‌ചവച്ചത്. മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം വിജയ്‌യും ലോകേഷും വീണ്ടും കൈകോർത്ത ലിയോയിൽ തൃഷയായിരുന്നു നായിക. ഇതുവരെയുള്ള ബോക്‌സോഫിസ് റെക്കോർഡുകൾ തകർത്തെറിഞ്ഞ് കൊണ്ടാണ് ചിത്രം തിയേറ്ററുകളിൽ തേരോട്ടം നടത്തിയത്.
കേരളത്തിലും ചിത്രം മിന്നും വിജയം കൊയ്‌തു. കേരളത്തിൽ ഏറ്റവും വേഗത്തിൽ 50 കോടി നേടുന്ന ആദ്യ ചിത്രമായി ലിയോ മാറി. 11 ദിവസം കൊണ്ട് 50 കോടി സ്വന്തമാക്കിയ കെജിഎഫ് 2 വിന്‍റെ റെക്കോർഡാണ് ലിയോ കേരളത്തില്‍ മറികടന്നത്. കേരളത്തിൽ ആദ്യ ദിനം 12 കോടി ഗ്രോസ് കലക്ഷൻ നേടിയ ചിത്രം മറ്റെല്ലാ അന്യഭാഷ സിനിമകളുടെയും ഇതുവരെയുള്ള റെക്കോഡുകൾ പഴങ്കഥയാക്കി.