കശ്‌മീർ :വിജയ് ആരാധകർ അക്ഷമരായി കാത്തിരിക്കുന്ന സിനിമയാണ് ലോകേഷ് കനകരാജിൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ലിയോ’. സിനിമാലോകത്തും സമൂഹമാധ്യമങ്ങളിലും ലിയോയെക്കുറിച്ച് ചര്‍ച്ചകള്‍ സജീവമായി പുരോഗമിക്കുകയാണ്. ലോകേഷ് കനകരാജിൻ്റെ ലോക്കി യൂണിവേഴ്‌സിൻ്റെ ഭാഗമായി ‘ലിയോ’ മാറുമോ എന്നതാണ് അതിലെ പ്രധാന ചോദ്യം.
ലോകേഷ് കനകരാജ് അവസാനമായി സംവിധാനം ചെയ്‌ത കമൽ ഹാസൻ ചിത്രം 'വിക്ര'ത്തിൽ തമിഴിൽ നിന്നും മലയാളത്തിൽ നിന്നുമായി ഒന്നിലധികം മുൻനിര താരങ്ങൾ അണിനിരന്നിരുന്നു. പരസ്‌പരം ബന്ധപ്പെട്ട് കിടക്കുന്ന കഥാപാത്രങ്ങളും, സാഹചര്യങ്ങളും ഉള്ള ഒന്നിലധികം ചിത്രങ്ങൾ ഉൾപ്പെട്ടതാണ് ഒരു സിനിമാറ്റിക് യൂണിവേഴ്‌സ്. ലോകേഷ് ഇതിന് മുൻപ് സംവിധാനം ചെയ്‌ത കാർത്തി നായകനായ കൈതിയും, വിക്രമും ഇങ്ങനെയുള്ള 'ലോക്കി 'യൂണിവേഴ്‌സിന്‍റെ ഭാഗമാണ്.
ആരാധകർ അത്രമേൽ കാത്തിരിക്കുന്ന സിനിമയായതിനാൽ തന്നെ ചിത്രത്തിൻ്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള വാർത്തകളും അത്രമേൽ പ്രധാനമായിരുന്നു. അതുകൊണ്ടുതന്നെ സിനിമയുടെ പ്രധാന ഷൂട്ടിങ് ലൊക്കേഷനായിരുന്ന കശ്‌മീരിൽ ‘ലിയോ’ ക്ര്യൂ നേരിട്ട വെല്ലുവിളികളെയും, കഠിനാധ്വാനത്തെയും വരച്ചുകാട്ടുന്ന അണിയറ വിശേഷങ്ങളുടെ വീഡിയോ യൂട്യൂബിൽ പങ്കുവച്ചിരിക്കുകയാണ് സിനിമയുടെ നിർമാതാക്കൾ.
-2 വരെ പോകുന്ന കാലാവസ്ഥ : -10 ഡിഗ്രി, -8 ഡിഗ്രി,തുടങ്ങി രാത്രി സമയങ്ങളിൽ -2 വരെ പോകുന്ന കാലാവസ്ഥയിൽ ജോലി ചെയ്‌ത സഹപ്രവർത്തകർ തങ്ങളുടെ അനുഭവം പങ്കുവയ്ക്കുകയാണ് വീഡിയോയിൽ. സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി ജോലി ചെയ്യുന്ന ക്ലീനിങ് തൊഴിലാളികൾ, ഭക്ഷണം പാകം ചെയ്യുന്നവർ മുതൽ ക്യാമറപേഴ്‌സണും, സംവിധായകനും വരെ അനുഭവിച്ച കഷ്‌ടപ്പാടുകൾ വീഡിയോയിൽ വിവരിക്കുന്നുണ്ട്. മരവിച്ച കൈകളുമായി ജോലി ചെയ്‌ത തങ്ങളുടെ മൂക്കിൽ നിന്നും രാത്രി കാലങ്ങളിൽ രക്‌തം വന്നത് അവർ ഓർത്തെടുക്കുന്നു. രാത്രികാലങ്ങളിൽ തീകൂട്ടി തീകായുന്ന ഇവർ പകൽ അവരവരുടെ ജോലികളിൽ നൂറ് ശതമാനം ആത്മാർഥതയോടെ മുഴുകുകയും ചെയ്‌തു.