നാട്യങ്ങള്‍ ഇല്ലാത്ത ശങ്കരാടി: മലയാള സിനിമയുടെ കാരണവര്‍.. നാട്യങ്ങള്‍ ഇല്ലാത്ത നടന്‍... നാട്ടിന്‍ പുറത്തെ നിഷ്‌കളങ്കത വെള്ളിത്തിരയില്‍ എത്തിച്ച കലാകാരന്‍. മലയാള സിനിമയ്‌ക്ക് പകരം വയ്‌ക്കാനില്ലാത്ത ഹാസ്യ താരം. അതേ, അനുഗ്രഹീത നടന്‍ ശങ്കരാടിയുടെ ഓര്‍മയില്‍ മലയാള സിനിമ ലോകം. ശങ്കരാടി ഓര്‍മയായിട്ട് ഇന്നേയ്‌ക്ക് 22 വര്‍ഷങ്ങള്‍.
20 വര്‍ഷത്തില്‍ 700 ഓളം ചിത്രങ്ങള്‍:ഹാസ്യ നടനായും സ്വഭാവ നടനായും മലയാള സിനിമയില്‍ പകര്‍ന്നാടിയത് 700 ഓളം വേഷങ്ങള്‍. 1960 മുതൽ 1980 വരെയുള്ള 20 വര്‍ഷം മലയാള സിനിമയില്‍ ശങ്കരാടിയുടെ സുവര്‍ണ കാലഘട്ടമായിരുന്നു. 1960, 1970, 1980 കളിൽ ഹാസ്യ നടന്‍മാരായി അരങ്ങുവാണിരുന്ന അടൂർ ഭാസി, ബഹദൂർ എന്നിവര്‍ക്കൊപ്പം ശങ്കരാടിയും മലയാള സിനിമയില്‍ ആധിപത്യം ഉറപ്പിച്ചു. പിന്നീട് അദ്ദേഹം പതിയെ സ്വഭാവ നടനിലേക്ക് ചുവടുമാറി.
വെള്ളിത്തിരയില്‍ എത്തുംമുമ്പ്: മേമന പരമേശ്വര പിള്ളയുടെയും ചങ്കരാടിയിൽ തോപ്പിൽ പറമ്പിൽ ജാനകി അമ്മയുടെയും മകനായി 1924 ജൂലൈ 14ന് കൊച്ചിയിലെ ചെറായിയിൽ ജനിച്ചു. എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ഇന്‍റര്‍മീഡിയേറ്റ് പാസായി. ശേഷം ബറോഡയിൽ മറൈൻ എഞ്ചിനീയറിങ്ങിന് ചേര്‍ന്നു. എഞ്ചിനീയറിങ്ങിന് പഠിക്കുമ്പോൾ ബറോഡ റെയിൽവേയിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിൽ ചേർന്നു.
56-ാം വയസ്സില്‍ വിവാഹം: തുടര്‍ന്ന് മുംബൈ ആസ്ഥാനമായുള്ള 'ദി ലിറ്റററി റിവ്യൂ' എന്ന പത്രത്തില്‍ പത്രപ്രവർത്തകനായി ജോലി ചെയ്യാനായി അദ്ദേഹം പഠനം ഉപേക്ഷിച്ചു. 1980ലായിരുന്നു വിവാഹം. 56-ാം വയസ്സില്‍ ശാരദയെ വിവാഹം കഴിക്കുന്നത് വരെ വളരെക്കാലം അദ്ദേഹം ബ്രഹ്മചാരിയായി തുടർന്നിരുന്നു.
പാര്‍ട്ടി വിട്ട് നാടകത്തിലേക്ക്: സിനിമയിൽ പ്രവേശിക്കുന്നതിന് മുമ്പ് രാഷ്ട്രീയം, പത്രപ്രവർത്തനം, നാടകം എന്നീ മേഖലകളില്‍ സജീവമായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്ന അദ്ദേഹം പിന്നീട് കമ്മ്യൂണിസ്‌റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ഭാഗമായി. എന്നാല്‍ 1964ല്‍ സിപിഐ പിളര്‍ന്നതോടെ പാര്‍ട്ടി കാര്‍ഡ് തിരികെ നല്‍കി അദ്ദേഹം നാടകത്തില്‍ സജീവമായി.
കുഞ്ചാക്കോയുടെ കടലമ്മയിലൂടെ അരങ്ങേറ്റം:1960കളുടെ മധ്യത്തിൽ നാടക രംഗത്ത് സജീവമായിരുന്ന അദ്ദേഹം പിന്നീട് മലയാള സിനിമയില്‍ അരങ്ങേറ്റത്തിനൊരുങ്ങി. 1963ല്‍ കുഞ്ചാക്കോയുടെ 'കടലമ്മ' എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചു. ഈ സിനിമയിലെ അരങ്ങേറ്റം മുതല്‍ മരണം വരെ അദ്ദേഹം മലയാള സിനിമയുടെ അഭിവാജ്യ ഘടകമായി മാറിയിരുന്നു.
ചങ്കരാടിയില്‍ നിന്നും ശങ്കരാടിയിലേക്ക്: ചന്ദ്രശേഖരന്‍ മേനോന്‍ വെള്ളിത്തിരയില്‍ എത്തിയപ്പോള്‍ ശങ്കരാടി ആയി. സിനിമാ ജീവിതത്തിലുടനീളം തന്‍റെ വീട്ടു പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. വീട്ടുപേരിലെ ചങ്കരാടിയില്‍ നിന്നും 'യില്‍' ഉപേക്ഷിച്ച് 'ചങ്കരാടി' എന്നതില്‍ നിന്നും 'ശങ്കരാടി' എന്നാക്കി മാറ്റി, തന്‍റെ അമ്മയുടെ പരമ്പരാഗത കുടുംബ നാമത്തില്‍ നിന്നും ശങ്കരാടി എന്ന തിരശ്ശീല നാമം അദ്ദേഹം എന്നന്നേയ്‌ക്കുമായി സ്വീകരിച്ചു.
പ്രേം നസീറിനൊപ്പം 300ലധികം സിനിമകള്‍:1968ൽ പി വേണു സംവിധാനം ചെയ്‌ത മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള ഹാസ്യ ചിത്രമായ 'വിരുതൻ ശങ്കു'വിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്‌ചവച്ചു. പിന്നീട് പ്രേംനസീറിനൊപ്പം 300ലധികം സിനിമകളിൽ അഭിനയിച്ചതിന്‍റെ റെക്കോഡും അദ്ദേഹം സ്വന്തമാക്കി. ഫാസിൽ സംവിധാനം ചെയ്‌ത 'ഹരികൃഷ്‌ണൻസ്' ആയിരുന്നു അവസാന ചിത്രം.
പ്രേം നസീറിനൊപ്പം സജീവമായ ശങ്കരാടിയുടെ 70കള്‍:1970കളിലാണ് ശങ്കരാടി സിനിമയില്‍ സജീവമാകുന്നത്. 70കളില്‍ മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന പ്രേം നസീറിനൊപ്പമായിരുന്നു ശങ്കരാടിയുടെ മിക്ക ചിത്രങ്ങളും. എന്നാല്‍ ഈ കാലയളവില്‍ സത്യന്‍, സോമന്‍, മധു എന്നിവര്‍ക്കൊപ്പവും ശങ്കരാടി അഭിനയിച്ചു.
ത്രിവേണി, വാഴ്‌വേ മായം, നിഴലാട്ടം, രക്തപുഷ്‌പം, നാഴികക്കല്ല്, എഴുതാത്ത കഥ, അഭയം, ഭീകര നിമിഷങ്ങള്‍, ലോട്ടറി ടിക്കറ്റ്, അരനാഴികനേരം, മറുനാട്ടില്‍ ഒരു മലയാളി, വിലയ്‌ക്ക് വാങ്ങിയ വീണ, പൂമ്പാറ്റ, അനന്ത ശില്‍പ്പങ്ങള്‍, ഒരു പെണ്ണിന്‍റെ കഥ, ബോബനും മോളിയും, സിന്ദൂരച്ചെപ്പ്, അനുഭവങ്ങള്‍ പാളിച്ചകള്‍, ലങ്കാ ദഹനം, സുമംഗലി, വിത്തുകള്‍, കരക്കാണാകടല്‍, ഓമന, മായ, സംഭവാമി യുഗേ യുഗേ, ബ്രഹ്മചാരി, ചെമ്പരത്തി, തൊട്ടാവാടി, തനിനിറം, അയലത്തെ സുന്ദരി, അയല്‍ക്കാരി, ചിരിക്കുടുക്ക, സമുദ്രം, ഊഞ്ഞാല്‍, ഇതാ ഇവിടെ വരെ, കുടുംബം നമുക്ക് ശ്രീകോവില്‍, മുദ്ര മോതിരം, നിവേദ്യം, നീയോ ഞാനോ, ഇവിടെ കാറ്റിന് സുഗന്ധം, പുതിയ വെളിച്ചം തുടങ്ങിയവയാണ് എഴുപതുകളിലെ ശങ്കരാടിയുടെ പ്രധാന സിനിമകള്‍.
മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പമുള്ള ശങ്കരാടിയുടെ 80കള്‍:എഴുപതുകളില്‍ പ്രേം നസീറിനൊപ്പം ആയിരുന്നെങ്കില്‍ 1980കളില്‍ മലയാള സിനിമയുടെ താര രാജാക്കന്‍മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പമായിരുന്നു ശങ്കരാടി. 'അകലങ്ങളില്‍ അഭയം' ആണ് എണ്‍പതുകളിലെ ശങ്കരാടിയുടെ ആദ്യ ചിത്രം. പിന്നീട് ഏദന്‍ തോട്ടം, ഇഷ്‌ടമാണ് പക്ഷേ, അധികാരം, പ്രളയം, അരങ്ങും അണിയറയും, മൂര്‍ഖന്‍, ഇത്തിക്കര പക്കി, അങ്ങാടി, ഒരു വിളിപാടകലെ, തടവറ, താറാവ്, താരാട്ട്, വയല്‍, തീക്കനല്‍, മരുപ്പച്ച, കര്‍ത്തവ്യം, സൂര്യന്‍, താളം തെറ്റിയ താരാട്ട്, പരസ്‌പരം, മഴ നിലാവ്, മനസ്സറിയാതെ, അടിയൊഴുക്കുകള്‍, കൂടും തേടി, അകലത്തെ അമ്പിളി, നായകന്‍, ജനകീയ കോടതി, ഒരു യുഗ സന്ധ്യ, സുഖമോദേവി, കാലം മാറി കഥ മാറി, ചെപ്പ്, നാടോടിക്കാറ്റ്, അടിമകള്‍ ഉടമകള്‍, തൂവാനത്തുമ്പികള്‍, മൃഗയ, കിരീടം, റാംജി റാവു സ്‌പീക്കിംഗ് എന്നിവയാണ് 1980കളില്‍ ശങ്കരാടി മികച്ച പ്രകടനം കാഴ്‌ച മലയാള സിനിമകള്‍.
1990കളിലെ ശങ്കരാടി ചിത്രങ്ങള്‍:മിണ്ടാപ്പൂച്ചയ്‌ക്ക് കല്യാണം, കളിക്കളം, കൗതുക വാര്‍ത്തകള്‍, ഹിസ് ഹൈനസ് അബ്‌ദുള്ള, സസ്‌നേഹം, തലയണമന്ത്രം, താഴ്‌വാരം, പൂക്കാലം വരവായി, കിഴക്കുണരും പക്ഷി, ഉള്ളടക്കം, അങ്കിള്‍ ബന്‍, ആകാശ കോട്ടയിലെ സുല്‍ത്താന്‍, ഗോഡ്‌ഫാദര്‍, മുഖ ചിത്രം, നയം വ്യക്തമാക്കുന്നു, എന്നും നന്മകള്‍, സന്ദേശം, നെറ്റിപ്പട്ടം, ജോണി വാക്കര്‍, വിയറ്റ്‌നാം കോളനി, ആയുഷ്‌കാലം, പപ്പയുടെ സ്വന്തം അപ്പൂസ്, ചെങ്കോല്‍, ആയിരപ്പറ, ദേവാസുരം, കാബൂളിവാല, മിഥുനം, മിന്നാരം, പിന്‍ഗാമി, തേന്‍മാവിന്‍ കൊമ്പത്ത്, ആലഞ്ചേരി തമ്പ്രാക്കള്‍, മഴയെത്തും മുമ്പേ, സ്‌പടികം, ദി കിംഗ്, കാലാപാനി, ഒരാള്‍ മാത്രം, അനിയത്തിപ്രാവ്, ആറാം തമ്പുരാന്‍, മീനത്തില്‍ താലികെട്ട്, കുസൃതിക്കുറുപ്പ്, സുന്ദരക്കില്ലാടി, ഹരികൃഷ്‌ണന്‍സ്, മലബാറില്‍ നിന്നൊരു മണിമാരന്‍ തുടങ്ങിയവയാണ് 90കളില്‍ ശങ്കരാടി പകര്‍ന്നാടിയ മലയാള സിനിമകള്‍.
കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം
1970 - മികച്ച രണ്ടാമത്ത നടന്‍ - വാഴ്‌വേ മായം, എഴുതാത്ത കഥ
1971 - മികച്ച രണ്ടാമത്ത നടന്‍ - നിരവധി സിനിമകള്‍
Also Read:ദൃശ്യകലയിലെ ശില്‍പ്പഭദ്രത ; ഓര്‍മകളില്‍ ഭരതന്‍, വിയോഗത്തിന് കാല്‍നൂറ്റാണ്ട്