ആസിഫ് അലി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിബി മലയില്‍ ചിത്രം കൊത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രേക്ഷക പിന്തുണയേറെ പിടിച്ചുപറ്റിയ അയ്യപ്പനും കോശിയും, നായാട്ട് എന്നിവയുടെ നിര്‍മാതാക്കളില്‍ നിന്ന് എന്നു തുടങ്ങുന്ന രണ്ടുമിനിറ്റിലധികം ദൈര്‍ഘ്യം വരുന്ന ട്രെയിലറിന് ഇതിനോടകം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇടതുപക്ഷ രാഷ്‌ട്രീയവും, പ്രാസ്ഥാനിക പ്രവര്‍ത്തനങ്ങളും പ്രതിഫലിക്കുന്ന ട്രെയിലറില്‍ പ്രധാന താരങ്ങളെല്ലാം എത്തുന്നുമുണ്ട്. സെപ്‌റ്റംബര്‍ 23 നാണ് ചിത്രം തിയേറ്ററുകളിലെത്തുക.
തന്നെ പോറ്റിയതും വളര്‍ത്തിയതും ഉമ്മയും ഉപ്പയുമല്ലെന്നും, പാര്‍ട്ടിയാണെന്നും പറയുന്ന ആസിഫലിയുടെ ഡയലോഗില്‍ അവസാനിക്കുന്ന ട്രെയിലര്‍ യൂട്യൂബില്‍ ഏറെ കാഴ്‌ചക്കാരെ നേടി മുന്നേറുകയാണ്. മലയാളത്തിന്‍റെ പ്രിയ സംവിധായകരിലൊരാളായ സിബി മലയില്‍ നീണ്ട ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം അണിയിച്ചൊരുക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് കൊത്തിന്. മാത്രമല്ല, അപൂര്‍വരാഗം, വയലിന്‍, ഉന്നം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നീണ്ട ഇടവേള കഴിഞ്ഞാണ് സിബി മലയിലും ആസിഫ് അലിയും വീണ്ടുമൊന്നിക്കുന്നതും. പ്രേക്ഷകരും ആരാധകരും ഒരുപോലെ പ്രതീക്ഷ അര്‍പ്പിക്കുന്ന ചിത്രത്തില്‍ ആസിഫ് അലിയോടൊപ്പം റോഷൻ മാത്യുവും പ്രധാന വേഷത്തിലെത്തുന്നുണ്ട്. നിഖില വിമലാണ് ചിത്രത്തില്‍ ആസിഫിന്‍റെ നായിക.
സംവിധായകന്‍ രഞ്‌ജിത്തിന്‍റെയും പിഎം ശശിധരന്‍റെയും ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചറിന്‍റെ ബാനറിലാണ് സിനിമയെത്തുന്നത്. നിര്‍മാതാവായി രഞ്‌ജിത്തും സഹനിര്‍മാതാവായി മകന്‍ അഗ്നിവേശ് രഞ്ജിത്തും വീണ്ടുമെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. കൊത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഹേമന്ദ് കുമാറാണ്. പ്രശാന്ത് രവീന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റര്‍ രതിന്‍ രാധാകൃഷ്‍ണനാണ്. ഗിരീഷ് മാരാര്‍ (ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍), കൈലാസ് മേനോന്‍ (സംഗീതം), ജേക്‌സ് ബിജോയ് (പശ്ചാത്തല സംഗീതം), ബാദുഷ (പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍), അഗ്നിവേശ് രഞ്‌ജിത്ത് (എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍), പ്രശാന്ത് മാധവ് (പ്രൊഡക്ഷന്‍ ഡിസൈനര്‍), ഗണേഷ് മാരാര്‍ (സൗണ്ട് ഡിസൈന്‍) എന്നിവരാണ് കൊത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍.
സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്‌ജിത്ത് ഈ വര്‍ഷമാദ്യം ജനുവരിയിലാണ് ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടത്. കൊത്തില്‍ രഞ്ജിത്തും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രഖ്യാപന വേള മുതല്‍ തന്നെ സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് കൊത്ത്. അടുത്തിടെയുളള പരാജയ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫിന്‍റെ ഗംഭീര തിരിച്ചുവരവാകും കൊത്തിലൂടെയെന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നു.