പുരി (ഒഡീഷ): ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കര്‍ ലോകത്തോട് വിട പറഞ്ഞിട്ട് ഒരു വര്‍ഷം. ലതാ മങ്കേഷ്‌കറുടെ ഓര്‍മ ദിനത്തില്‍ കലയിലൂടെ ആദരാഞ്ജലി അര്‍പ്പിച്ചിരിക്കുകയാണ് പ്രശസ്‌ത സാന്‍ഡ് ആര്‍ട്ടിസ്റ്റായ സുദര്‍ശന്‍ പട്‌നായിക്. ഒഡീഷയിലെ പുരി ബീച്ചില്‍ തന്‍റെ ഇഷ്‌ട ഗായികയ്ക്കായി സുദര്‍ശന്‍ ഒരു മണല്‍ ശില്‍പം തീര്‍ത്തു.
ആറടിയോളം വലിപ്പത്തിലാണ് സുദര്‍ശന്‍ ഇന്ത്യയുടെ മഹാഗായികയ്‌ക്ക് ആദരവ് അര്‍പ്പിച്ച് മണല്‍ ശില്‍പം ഒരുക്കിയത്. എന്നിട്ട്, അതില്‍ തന്‍റെ ഇഷ്‌ടഗാനത്തിന്‍റെ വരികളായ 'മേരി ആവാസ് ഹി പെഹചാന്‍ ഹേ....' എന്ന് ആലേഖനവും ചെയ്‌തു. കൂടാതെ ട്രിബ്യൂട്ട് ടു ലതാജി എന്നും ശില്‍പ്പത്തിനരികിലായി എഴുതി ചേര്‍ത്തു.
കേട്ടും താളമിട്ടും, ഒപ്പം പാടിയും ആസ്വദിച്ച ശബ്‌ദമാധുര്യം:ഏഴ് നൂറ്റാണ്ടിലേറെക്കാലം, നാല്‍പ്പതിനായിരത്തോളം പാട്ടുകളാണ് ഇന്ത്യയുടെ വാനമ്പാടിയുടെ ശബ്‌ദത്തില്‍ രാജ്യത്തിനകത്തും പുറത്തും കേട്ടത്. ഇന്ത്യയുടെ വാനമ്പാടി എന്നതിന് പുറമെ, 'മെലഡികളുടെ രാജ്ഞി', 'വോയിസ് ഓഫ് ദി മില്ലേനിയം', വോയിസ് ഓഫ് ദി നേഷന്‍ തുടങ്ങിയ വിശേഷണങ്ങളും ലത മങ്കേഷ്‌കറിനുണ്ടായിരുന്നു. അഭിനയ രംഗത്ത് നിന്നെത്തിയാണ് ലത പിന്നീട് സംഗീത ലോകത്ത് മായാജാലം തീര്‍ത്തത്.
മറാത്ത നാടക വേദികളിലെ ഗായകന്‍ ദീനനാഥ് മങ്കേഷ്‌കറുടെയും ശേവന്തിയുടെയും ആറ് മക്കളില്‍ മൂത്തയാളായി ഇന്‍ഡോറില്‍ 1929 സെപ്‌തംബര്‍ 28നാണ് ഇതിഹാസ ഗായികയുടെ ജനനം. ഹേമ എന്നായിരുന്നു ആദ്യ പേര്. അച്ഛന്‍ ദീനനാഥിന്‍റെ ഭാവ്ബന്ധന്‍ നാടകത്തിലെ കഥാപാത്രം ലതികയുടെ പേരുമായി ബന്ധപ്പെടുത്തിയപ്പോള്‍ ഹേമ, ലതയായി മാറി.