ചെന്നൈ: വിജയ്, പൂജ ഹെഗ്‌ഡെ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ആക്ഷൻ എന്‍റർടെയ്‌നർ ബീസ്റ്റിന്‍റെ റിലീസിനായി ദളപതി ആരാധകർ ആകാംക്ഷയോടെ കാത്തിരിപ്പാണ്. എന്നാൽ നെൽസൺ ദിലീപ്‌കുമാറിന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം കുവൈറ്റിൽ നിരോധിച്ചതായുള്ള വാർത്തകളാണ് പുറത്തുവരുന്നത്. ചിത്രത്തിന് കുവൈറ്റ് ഇൻഫർമേഷൻ മന്ത്രാലയം വിലക്കേർപ്പെടുത്തിയെന്ന് മേഖലയിലെ ചിലർ അവകാശപ്പെടുന്നുണ്ടെങ്കിലും നിരോധനത്തിന്‍റെ കാരണം വ്യക്തമല്ല.
വിജയ് ചിത്രം ബീസ്റ്റിന് വിലക്കേർപ്പെടുത്തി കുവൈറ്റ് - വിജയ് ബീസ്റ്റ്
ചിത്രത്തിന് കുവൈറ്റ് ഇൻഫർമേഷൻ മന്ത്രാലയം വിലക്കേർപ്പെടുത്തിയെന്ന് മേഖലയിലെ ചിലർ അവകാശപ്പെടുന്നുണ്ടെങ്കിലും നിരോധനത്തിന്‍റെ കാരണം വ്യക്തമല്ല.
പാകിസ്ഥാൻ, ഭീകരവാദം, അക്രമം എന്നിവയുടെ ചിത്രീകരണം ഉൾപ്പെടെയുള്ള ചില കാരണങ്ങളാണ് സിനിമ നിരോധിച്ചതിന് കാരണമെന്നാണ് അവർ സംശയമുന്നയിക്കുന്നത്. കുവൈത്തിൽ നിരോധിക്കപ്പെടുന്ന ആദ്യ സിനിമയല്ല ബീസ്റ്റ്. നേരത്തെ ദുൽഖർ സൽമാൻ നായകനായ കുറുപ്പ്, തമിഴ് ചിത്രം എഫ്ഐആർ എന്നിവക്കും കുവൈത്തിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു.
വീരരാഘവൻ എന്ന സ്‌പൈ കാരക്‌ടറിനെയാണ് ബീസ്റ്റിൽ വിജയ് അവതരിപ്പിക്കുന്നത്. മാളിനുള്ളിൽ അരങ്ങേറുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. അടുത്തിടെ ചിത്രത്തിന്‍റെ ട്രെയ്‌ലർ പുറത്തിറങ്ങിയിരുന്നു. വൻ സ്വീകാര്യതയാണ് ട്രെയ്‌ലറിന് ലഭിച്ചത്. ഏപ്രിൽ 13ന് തിയേറ്ററുകളിൽ റിലീസാകുന്ന ചിത്രത്തിന് അനിരുദ്ധാണ് സംഗീതം നൽകിയിരിക്കുന്നത്.