53-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നതിന് തൊട്ട് മുമ്പ് വരെയും മികച്ച നടനുള്ള പുരസ്‌കാരത്തിനായി രണ്ട് പേരുകളായിരുന്നു ഉയര്‍ന്ന് കേട്ടിരുന്നത്. മമ്മൂട്ടിയുടെയും കുഞ്ചാക്കോ ബോബന്‍റെയും. അവസാന നിമിഷം വരെ പുരസ്‌കാരത്തിനായി കടുത്ത മത്സരമായിരുന്നു നടന്നത്.
ഒടുവില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ മികച്ച നടനായി മമ്മൂട്ടിയെ പ്രഖ്യാപിച്ചതോടെ ആ സസ്‌പെന്‍സ് അവസാനിച്ചു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‌ത 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന സിനിമയിലെ അഭിനയ മികവിനാണ് മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരത്തിന് അര്‍ഹനായത്.
രതീഷ് ബാലകൃഷ്‌ണന്‍ പൊതുവാള്‍ സംവിധാനം ചെയ്‌ത 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയിലെ പ്രകടനത്തിന് കുഞ്ചാക്കോ ബോബന് മികച്ച നടനുള്ള പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നെങ്കിലും അത് കിട്ടാതെ പോയതില്‍ നടന് വിഷമമില്ല. എന്നാല്‍ ഈ സിനിമയിലെ അഭിനയ മികവിന് ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് കുഞ്ചാക്കോ ബോബന്‍ അര്‍ഹനായി.
ഈ സാഹചര്യത്തില്‍ കുഞ്ചോക്കോ ബോബന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുകയാണ്. സിനിമകള്‍ മാത്രം സ്വപ്‌നം കാണുന്ന വ്യക്തിയായി മാറിയിരിക്കുന്നു താന്‍ എന്നാണ് താരം പറയുന്നത്.
'അവാര്‍ഡ് ജേതാക്കളെ ഭൂരിഭാഗം പേരെയും വ്യക്തിപരമായി അറിയാം. അതിന്‍റെ ഒരു സന്തോഷവും ഉണ്ട്. എല്ലാവരും വളരെ അടുത്ത സുഹൃത്തുക്കളാണ്. അതുകൊണ്ട് തന്നെ എല്ലാവരുടെയും അംഗീകാരം എനിക്കും ഉള്ളതാണ്. ഒരുപാട് സന്തോഷവും അഭിമാനവും ഉണ്ട്.
മലയാളത്തില്‍ നിന്നും ഒട്ടനവധി ക്വാളിറ്റിയുള്ള സിനിമകള്‍, കലാമൂല്യമുള്ളത് ഉണ്ടാകുന്നു. മലയാളത്തിന്‍റെ സുവര്‍ണ വര്‍ഷമാണ് 2021. മലയാളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണ് 'ന്നാ താന്‍ കേസ് കൊട്'. സാമൂഹ്യപരവും രാഷ്‌ട്രീയപരവുമായ കാഴ്‌ചപ്പാടുകളില്‍ നോക്കിയാലും സിനിമ ചര്‍ച്ചയായി. അതില്‍ ചില വിവാദങ്ങള്‍ ഉണ്ടായെങ്കിലും അതിന്‍റെ യാഥാര്‍ഥ്യം മനസിലാക്കി കണ്ട പ്രേക്ഷ സമൂഹം, അല്ലെങ്കില്‍ രാഷ്‌ട്രീയ പ്രബുദ്ധതയുള്ള ആള്‍ക്കാരാണ് നമ്മുടെ കൂട്ടത്തില്‍ ഉള്ളത്.
അതിനാല്‍ ഒരുപാട് അഭിമാനവും സന്തോഷവും ഉണ്ട്. വിവാദങ്ങള്‍ നമ്മുടെ മാര്‍ക്കറ്റിങ് സ്‌ട്രാറ്റജിയായിട്ട് സിനിമയില്‍ സംഭവിക്കാറുണ്ട്. അത് ചിലപ്പോള്‍ അറിഞ്ഞു കൊണ്ടാകാം. അറിയാതെയും ആകാം. എല്ലാം നല്ലതിന് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍' -കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കി.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. ജനപ്രീതിയും കലാമേന്മയും ഉള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാര്‍ഡും ഈ ചിത്രത്തിനാണ്. സംവിധായകന്‍ രതീഷ് ബാലകൃഷ്‌ണനാണ് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം ലഭിച്ചത്.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ വിന്‍സി അലോഷ്യസാണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. 'രേഖ' എന്ന ചിത്രത്തിലെ അഭിനയ മികവിനാണ് വിന്‍സിയ്‌ക്ക് പുരസ്‌കാരം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നന്‍പകല്‍ നേരത്ത് മയക്കം' ആണ് മികച്ച ചിത്രം. മഹേഷ് നാരായണന്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരവും നേടി.
Also Read:സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മികച്ച നടന്‍ മമ്മൂട്ടി, നടി വിന്‍സി അലോഷ്യസ്, നന്‍പകല്‍ നേരത്ത് മയക്കം മികച്ച ചിത്രം