കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പദ്‌മിനി'. 'തിങ്കളാഴ്‌ച നിശ്ചയം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍റെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിന്‍റെ പ്രതീക്ഷയേറ്റുന്ന ലിറിക്കൽ വീഡിയോ ഗാനവും ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
'ലൗ യൂ മുത്തേ....' എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. കുഞ്ചാക്കോ ബോബന്‍റെ ആലാപനം തന്നെയാണ് ഗാനത്തെ 'സ്‌പെഷ്യലാ'ക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഗാനം ആരാധകർ നെഞ്ചേറ്റി കഴിഞ്ഞു.
വിദ്യാധരൻ മാസ്റ്റർക്കൊപ്പമാണ് കുഞ്ചാക്കോ ബോബൻ പാടിത്തിമർക്കുന്നത്. ഇതാദ്യമായാണ് ഒരു ചിത്രത്തിനുവേണ്ടി കുഞ്ചാക്കോ ബോബൻ ഗാനം ആലപിക്കുന്നത്. 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിനായി നേരത്തേ അദ്ദേഹം നൃത്തസംവിധാനം നിർവഹിച്ചിരുന്നു. ഇപ്പോഴിതാ ഗായകന്‍റെ റോളും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയ താരം ചാക്കോച്ചൻ.
ജേക്‌സ് ബിജോയ് ആണ് ഹൃദയഹാരിയായ ഗാനത്തിന്‍റെ സംഗീതത്തിന് പിന്നില്‍. മനു മഞ്ജിത്തിന്‍റേതാണ് വരികൾ. 'കുഞ്ഞിരാമായണം, എബി, കൽക്കി, കുഞ്ഞെൽദോ' എന്നീ ചിത്രങ്ങൾക്കുശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്‍റെ ബാനറിൽ സുവിൻ കെ. വർക്കി, പ്രശോഭ് കൃഷ്‌ണ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിർമാണം.
അപർണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ, വിൻസി അലോഷ്യസ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. ഇവർക്ക് പുറമെ ഗണപതി, ആരിഫ് സലിം, സജിൻ ചെറുകയിൽ, ആനന്ദ് മന്മഥൻ, ഗോകുലൻ, ജെയിംസ് ഏലിയാ, മാളവിക മേനോൻ, സീമ ജി നായർ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.