ഐശ്വര്യ ലക്ഷ്‌മിയെ കേന്ദ്ര കഥാപാത്രമാക്കി നിര്‍മ്മല്‍ സഹദേവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കുമാരി. ചിത്രത്തിന്‍റെ പ്രൊമോഷന്‍ തിരക്കുകളിലാണ് അണിയറ പ്രവര്‍ത്തകര്‍. ഇതിനിടയില്‍ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് കുമാരി ടീം.
സിനിമയുടെ ട്രെയിലര്‍ ലോഞ്ചില്‍ പങ്കെടുക്കാന്‍ ആരാധകര്‍ക്ക് അവസരം ഒരുക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 'പണ്ട് രാത്രി ആയിക്കഴിഞ്ഞാല്‍ അമ്മമാരുടെയും മുത്തശ്ശിമാരുടെയും മടിയില്‍ കിടന്ന് കേട്ട കഥകളൊക്കെ നിങ്ങള്‍ക്ക് ഓര്‍മയില്ലേ, ഒരിടത്തൊരിടത്ത് എന്ന് തുടങ്ങുന്ന കെട്ടുകഥകള്‍.. ഓരോ നാടിനും പറയാനുണ്ടാകും അതുപോലെ ചില കഥകള്‍.
അത്തരത്തിലുള്ള കെട്ടു കഥകള്‍ കൊണ്ട് കെട്ടിപ്പടുത്ത ഒരു ലോകം ഞങ്ങളുമായി പങ്കുവക്കൂ... #Oridathoridathu #KumariContest എന്നീ ഹാഷ്‌ടാഗുകള്‍ ഉപയോഗിച്ച് ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെയോ ഫേസ്‌ബുക്ക് കുറിപ്പിലൂടെയോ നിങ്ങള്‍ക്ക് 3 മിനിറ്റില്‍ കവിയാത്ത ഒരു കഥ പറയാം...ഏറ്റവും കൂടുതല്‍ ലൈക്‌സ് കിട്ടുന്ന പത്ത് കഥകളുടെ എഴുത്തുകാര്‍ക്ക് ഞങ്ങളോടൊപ്പം കുമാരിയുടെ ട്രെയിലര്‍ ലോഞ്ചില്‍ പങ്കെടുക്കാം.. അവിടെ വച്ച് നിങ്ങളുടെ കഥകള്‍ പറയാന്‍ ഒരു അവസരവും...Last Date: 15th October 2022,' കുമാരി ടീം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഭയവും ആകാംക്ഷയും നിറഞ്ഞ ത്രില്ലര്‍ ചിത്രമാണ് കുമാരി. ഐശ്വര്യ ലക്ഷ്‌മിക്കൊപ്പം ഷൈന്‍ ടോം ചാക്കോ, ശങ്കര്‍ രാമകൃഷ്‌ണന്‍, സ്‌ഫടികം ജോര്‍ജ്, സുരഭി ലക്ഷ്‌മി, സ്വാസിക തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. സംവിധായകന്‍ നിര്‍മ്മല്‍ സഹദേവനും ഫസല്‍ ഹമീദും ചേര്‍ന്നാണ് കുമാരിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുപ്രിയ മേനോനാണ് ചിത്രം അവതരിപ്പിക്കുന്നത്. ദ ഫ്രെഷ് ലൈം സോഡാസിന്‍റെ ബാനറില്‍ ജിജു ജോണ്‍, നിര്‍മ്മല്‍ സഹദേവന്‍, ശ്രീജിത്ത് സാരംഗ്, ജേക്‌സ് ബിജോയ് തുടങ്ങിയവരാണ് ചിത്രം നിര്‍മിക്കുന്നത്.