കേരളം

kerala

ETV Bharat / entertainment

'അന്ന് എനിക്കുവേണ്ടി അദ്ദേഹം ആ പാട്ടുപാടി, മറക്കാനാകാത്ത അനുഭവം, വലിയ അംഗീകാരം'; എസ്‌പിബിയെക്കുറിച്ച് കെഎസ് ചിത്ര - renowned singer

മലയാളത്തിന്‍റെ വാനമ്പാടി കെഎസ് ചിത്ര അറുപതിലേക്ക്. ഈ വേളയില്‍ വിഖ്യാത ഗായകന്‍ എസ്‌പി ബാലസുബ്രഹ്‌മണ്യത്തിനൊപ്പമുള്ള അനുഭവം ഇടിവി ഭാരതിനോട് പങ്കുവയ്ക്കുകയാണ് അവര്‍.

ks chithra about Sp balasubrahmanyam
'അന്ന് എനിക്കുവേണ്ടി സാര്‍ ആ പാട്ടുപാടി, മറക്കാനാകാത്ത അനുഭവം, വലിയ അംഗീകാരം' ; എസ്‌പിബിയെക്കുറിച്ച് കെഎസ് ചിത്ര

By

Published : Jul 26, 2023, 3:07 PM IST

Updated : Jul 27, 2023, 6:52 AM IST

എസ്‌പിബിയെ അനുസ്‌മരിച്ച് കെഎസ് ചിത്ര

ചെന്നൈ : പാട്ടൊഴുക്കിന്‍റെ പവിത്രാധ്യായങ്ങള്‍ പിന്നിട്ട് കെഎസ് ചിത്ര അറുപതിലേക്ക് പ്രവേശിക്കുകയാണ്. അനേകം അവിസ്‌മരണീയ ഗാനങ്ങളിലൂടെ അനുവാചകരുടെ ഉള്ളുതൊട്ട ഗായികയാണ് മലയാളിയുടെ വാനമ്പാടി. രാഗമാധുര്യത്തിലൂടെ നമ്മുടെ ഉള്ളുണര്‍ത്തിയ, ഓര്‍മകളുടെ വസന്തം വിരിയിച്ച, നൊമ്പരങ്ങളുടെ കനല്‍ നീറ്റിയ പാട്ടുകളെത്ര.

മലയാളത്തിനു പുറമെ തമിഴ്, കന്നട, തെലുഗു, ഹിന്ദി തുടങ്ങിയ ഭാഷകളിലും പിന്നണിപ്പാട്ടുരംഗത്ത് വിസ്മയമായി കെഎസ് ചിത്രയുണ്ട്. ഇളയരാജ, എആര്‍ റഹ്മാന്‍, കീരവാണി, രവീന്ദ്രന്‍, ജോണ്‍സണ്‍ മാസ്റ്റര്‍, ഔസേപ്പച്ചന്‍ തുടങ്ങി വിഖ്യാത സംഗീതജ്ഞരുടെ ഈണങ്ങള്‍ അത്രമേല്‍ ഭാവാര്‍ദ്രമായി അവര്‍ നമ്മിലേക്ക് ഒഴുക്കിവിട്ടു. യേശുദാസ്, ഹരിഹരന്‍, എസ്‌പി ബാലസുബ്രഹ്മണ്യം, എംജി ശ്രീകുമാര്‍ തുടങ്ങിയ ഗായകരുടെ വൈവിധ്യനിരയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാനും അവര്‍ക്ക് സാധിച്ചിട്ടുണ്ട്. തന്‍റെ പാട്ടുവഴിയിലെ അനുഭവങ്ങള്‍ ഇടിവി ഭാരതിനോട് പങ്കുവയ്ക്കുകയാണ് കെഎസ് ചിത്ര. വിഖ്യാത ഗായകന്‍ എസ്‌പി ബാലസുബ്രഹ്മണ്യത്തിന്‍റെ വിയോഗത്തില്‍ ഉലഞ്ഞുപോയിരുന്നു അവര്‍. അദ്ദേഹവുമൊത്തുള്ള അനുഭവം അവര്‍ പങ്കുവയ്ക്കുന്നതിങ്ങനെ.

'കൊവിഡ് സമയത്ത് സംഭവിച്ച ഏറ്റവും വലിയ നഷ്ടമാണ് എസ്‌പിബി സാറിന്‍റെ വിയോഗം. അത് ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തായിപ്പോയി. ലോങ് ലൈഫായിരിക്കുമെന്ന് സാര്‍ എപ്പോഴും പറയുമായിരുന്നു. കാരണം അദ്ദേഹത്തിന്‍റെ കുടുംബത്തില്‍ മിക്കവാറും പേര്‍ കുറഞ്ഞത് 90 വയസ്സുവരെയങ്കിലും ജീവിച്ചിട്ടുണ്ട്. പക്ഷേ തീരെ അപ്രതീക്ഷിതമായിപ്പോയി സാറിന്‍റെ മരണം. കൂടെ പാടുന്നവരെ അത്രയും പ്രോത്സാഹിപ്പിക്കുമായിരുന്നു അദ്ദേഹം. അഞ്ചുവയസുള്ള കുട്ടിയാണ് കൂടെ പാടുന്നതെങ്കിലും അങ്ങനെ തന്നെ. ഓര്‍ക്കസ്ട്ര വായിക്കുന്നവര്‍ക്കും എല്ലാ പിന്തുണയും കൊടുക്കും.

പേഴ്സണലി എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ പോലും മുന്നോട്ടുവരുന്ന വ്യക്തിത്വമായിരുന്നു. എനിക്ക് മറക്കാനാവാത്ത ഒന്നു, രണ്ട് അനുഭവങ്ങളുണ്ട്. മലേഷ്യയില്‍ ഒരു ഷോയ്ക്ക് പോകുമ്പോള്‍ എനിക്ക് സുഖമില്ലായിരുന്നു. 'അഞ്ജലീ അഞ്ജലീ' എന്ന ഹൈ റേഞ്ചിലുള്ള പാട്ട് ലിസ്ററിലുണ്ട്. തൊണ്ട അടഞ്ഞിരിക്കുന്നതുകൊണ്ട് അത്രയും മേലെ നോട്ട് റീച്ചാകാന്‍ ബുദ്ധിമുട്ടായിരിക്കും എന്ന് പറഞ്ഞപ്പോള്‍ നിനക്ക് അത് ചെയ്യാന്‍ കഴിയുമെന്ന് പലതവണ പറഞ്ഞ് അദ്ദേഹം കൂടെ നിന്നത് ഇന്നും എന്‍റെ കണ്ണിന്‍റെ മുന്‍പിലുണ്ട്. അന്ന് അത്രയ്ക്കും എന്നെ പാടാന്‍ അദ്ദേഹം പ്രോത്സാഹിപ്പിച്ചു.

ഒരു അമേരിക്കന്‍ ടൂറില്‍ ഞാനും എസ്‌പിബി സാറും ശൈലജയും ചരണും ഒരുമിച്ചുണ്ടായിരുന്നു. ഓരോ ദിവസം ഓരോ ലാംഗ്വേജ് കോണ്‍സേര്‍ട്‌സായിരുന്നു. കുറേ കോറസും പഠിക്കാനുണ്ടായിരുന്നു. ഞാനും ശൈലജയും കൂടിയായിരുന്നു കോറസ് ഒക്കെ പഠിച്ചുകൊണ്ടിരുന്നത്. എസ്‌പിബി സാറാണെങ്കില്‍ കൂടെ നിന്ന് അതെല്ലാം പഠിപ്പിച്ചുതന്ന് ഓര്‍ക്കസ്ട്രയ്ക്കും എല്ലാം കറക്ട് ചെയ്ത് കൊടുത്ത് രാവിലെ മുതല്‍ രാത്രിവരെ ഞങ്ങളുടെ കൂടെ നിന്നു. അങ്ങനെയാണ് ആ ഷോ നന്നായി ചെയ്തത്.

ആ ഷോയില്‍ കോറസ് ആവശ്യമായവയ്‌ക്കെല്ലാം ഞാന്‍ പാടിയതിന് സാര്‍ നന്ദി സൂചകമായി എനിക്കുവേണ്ടി 'ഉയിരേ' എന്ന പാട്ടും പാടി. എന്നോട് ആ പാട്ടുപാടാന്‍ ഓരോ ദിവസവും ആളുകള്‍ ആവശ്യപ്പെടുമായിരുന്നു. പക്ഷേ കൂടെ പാടാന്‍ ആളില്ലാത്തതിനാല്‍ എനിക്കതിന് കഴിഞ്ഞിരുന്നില്ല. എനിക്കുവേണ്ടി അദ്ദേഹം അത് പഠിച്ച് പാടിയത് ഒരിക്കലും മറക്കാന്‍ പറ്റാത്ത, എന്നെ വല്ലാതെ ടച്ചു ചെയ്ത അനുഭവമാണ്. ഇത്രയും സീനിയറായ ഒരാള്‍ എനിക്കുവേണ്ടി അങ്ങനെ ചെയ്തത് വലിയ അവാര്‍ഡിന് തുല്യമായാണ് ഞാന്‍ കാണുന്നത്' - ചിത്ര പറഞ്ഞുനിര്‍ത്തി...

Last Updated : Jul 27, 2023, 6:52 AM IST

ABOUT THE AUTHOR

...view details