നാലുപതിറ്റാണ്ടായി തുടരുന്ന സംഗീത ജീവിതത്തില്‍ വിവിധ ഭാഷകളിലായി 25,000ല്‍ അധികം ഗാനങ്ങള്‍. സിനിമ പാട്ടുകള്‍ക്ക് പുറമെ 7,000 ഗാനങ്ങള്‍ വേറെയും. പാടിപ്പതിഞ്ഞത് മലയാളം, തമിഴ്, ഇംഗ്ലീഷ്, ലാറ്റിന്‍, ഫ്രഞ്ച്, സിംഹളീസ് തുടങ്ങി നിരവധി ഭാഷകളില്‍. കെഎസ് ചിത്രയെന്ന മെലഡി ക്വീന്‍ പാട്ടിലൂടെ വിസ്‌മയിപ്പിച്ച് ഇപ്പോള്‍ 60ന്‍റെ നിറവിലാണ്.
പദ്‌മശ്രീ, പദ്‌മ ഭൂഷണ്‍, ആറ് ദേശീയ പുരസ്‌കാരങ്ങള്‍, 16 സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍, 36 മറ്റ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ തുടങ്ങി അംഗീകാരങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെയുണ്ട് ഈ പ്രിയ ഗായികയുടെ പേരില്‍. നാല് പതിറ്റാണ്ടിനിടെ നിരവധി പ്രമുഖ സംഗീത സംവിധായകര്‍ക്കൊപ്പവും പിന്നണി ഗായകര്‍ക്കൊപ്പവും പാടി. അതില്‍ പ്രധാനികളാണ് കെജെ യേശുദാസ്, എസ്‌പി ബാല സുബ്രഹ്മണ്യം, ഇളയരാജ, എആര്‍ റഹ്‌മാന്‍ തുടങ്ങിയവര്‍.
കെജെ യേശുദാസ്, എംജി ശ്രീകുമാര്‍ എന്നിവര്‍ക്കൊപ്പമാണ് ചിത്ര ഏറ്റവും കൂടുതല്‍ യുഗ്മ ഗാനങ്ങള്‍ പാടിയത്. യേശുദാസിനൊപ്പം ഇന്ത്യയിലും വിദേശത്തുമായി നിരവധി കച്ചേരികളും അവതരിപ്പിച്ചു. സംഗീതാസ്വാദകര്‍ നിത്യേന കേള്‍ക്കുന്ന അനേകം ചിത്രപ്പാട്ടുകളുണ്ട്. അവര്‍ക്ക് ദേശീയ സംസ്ഥാന അംഗീകാരങ്ങള്‍ നേടിക്കൊടുത്തവയും പുറമെ ജനപ്രീതിയില്‍ മുന്നിട്ടുനില്‍ക്കുന്നതുമായവ. എന്നാല്‍ ചിലരുടെയെങ്കിലും ശ്രദ്ധയില്‍ അത്രമേല്‍ പതിയാത്ത അവരുടെ ചില ഉജ്വല ഗാനങ്ങളുണ്ട്. വിട്ടുപോകരുതാത്ത ആ പാട്ടുകള്‍ ഇവയാണ്.
1) ശാരദേന്ദു നെയ്‌തു : 1998ൽ മഞ്ജു വാര്യർ അഭിനയിച്ച 'ദയ' എന്ന സിനിമയ്‌ക്കുവേണ്ടി ചിത്ര പാടിയ 'ശാരദേന്ദു നെയ്‌തു' എന്ന ഗാനം അവരുടെ ആലാപനമാധുര്യത്താല്‍ സവിശേഷമാണ്. മലയാളികളുടെ പ്രിയ കവി ഒഎന്‍വിയുടെ രചനയില്‍ വിശാല്‍ ഭരദ്വാജ് ആണ് പാട്ടിന് ഈണമിട്ടിരിക്കുന്നത്.