'കോശിച്ചായന്‍റെ പറമ്പ്' എന്ന ചിത്രത്തിന് ശേഷം സാജിർ സദഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പട്ടാപ്പകൽ'. കൃഷ്‌ണ ശങ്കർ, കിച്ചു ടെല്ലസ്, സുധി കോപ്പ എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഇപ്പോഴിതാ സിനിമയിലെ ആദ്യ ഗാനം പുറത്തുവന്നിരിക്കുകയാണ്.
'പഞ്ചവർണ്ണ കിളിയേ...' എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത് (Panchavarna Kiliye Video Song from Pattaapakal movie). ഷാൻ റഹ്മാൻ്റെ സംഗീതത്തിൽ ജാസി ഗിഫ്‌റ്റ് ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. മ്യൂസിക് 247ന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ഗാനം മികച്ച പ്രതികരണമാണ് നേടുന്നത്. കോമഡി എന്‍റർടെയിനർ ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രം പ്രേക്ഷകനെ തിയേറ്ററുകളിൽ പൊട്ടിച്ചിപ്പിക്കുമെന്ന സൂചനയും ഗാനം തരുന്നു.
രമേഷ് പിഷാരടി, ജോണി ആന്‍റണി, ഗോകുലൻ, ഫ്രാങ്കോ ഫ്രാൻസിസ്, പ്രശാന്ത് മുരളി, വിനീത് തട്ടിൽ, രഞ്ജിത്ത് കൊങ്കൽ, രഘുനാഥ്, നന്ദൻ ഉണ്ണി, ഡോ. രജിത് കുമാർ, ഗീതി സംഗീത, ആമിന, സന്ധ്യ തുടങ്ങിയവർ ഈ ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീ നന്ദനം ഫിലിംസിന്‍റെ ബാനറിൽ എൻ നന്ദകുമാർ ആണ് പട്ടാപ്പകലിന്‍റെ നിർമാണം. പി എസ് അർജുനാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.