കൃഷ്‌ണ ശങ്കർ നായകനായി പുതിയ ചിത്രം വരുന്നു. സാജിർ സദഫ് സംവിധാനം ചെയ്യുന്ന 'പട്ടാപ്പകൽ' എന്ന സിനിമയിലാണ് കൃഷ്‌ണ ശങ്കർ പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്‍റെ സെക്കന്‍റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു (Pattappakal Movie second look poster out).
സുധി കോപ്പ, കിച്ചു ടെല്ലസ്, ജോണി ആന്‍റണി, രമേഷ് പിഷാരടി തുടങ്ങിയവരാണ് 'പട്ടാപ്പകലി'ൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൃഷ്‌ണ ശങ്കർ, കിച്ചു ടെല്ലസ്, സുധി കോപ്പ എന്നിവരാണ് ഇപ്പോൾ പുറത്തുവന്ന പോസ്റ്ററിൽ അണിനിരക്കുന്നത്. കോമഡി എന്‍റർടെയിനറായി അണിയിച്ചൊരുക്കിയ ചിത്രത്തിന്‍റെ വരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാസ്വാദകർ.
'കോശിച്ചായന്‍റെ പറമ്പ്' എന്ന ചിത്രത്തിന് ശേഷം സാജിർ സദഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് 'പട്ടാപ്പകൽ'. ശ്രീ നന്ദനം ഫിലിംസിന്‍റെ ബാനറിൽ എൻ നന്ദകുമാർ ആണ് ഈ ചിത്രം നിർമിക്കുന്നത്. നർമത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന പട്ടാപ്പകലിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് അർജുനാണ്.
ഗോകുലൻ, ഫ്രാങ്കോ ഫ്രാൻസിസ്, പ്രശാന്ത് മുരളി, വിനീത് തട്ടിൽ, രഞ്ജിത്ത് കൊങ്കൽ, രഘുനാഥ്, നന്ദൻ ഉണ്ണി, ഡോ. രജിത് കുമാർ, ഗീതി സംഗീത, ആമിന, സന്ധ്യ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. കണ്ണൻ പട്ടേരിയാണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രസംയോജനം ജസൽ സഹീറും കൈകാര്യം ചെയ്യുന്നു.