നടനും ബിജെപി നേതാവുമായ കൃഷ്‌ണ കുമാര്‍ Krishna Kumar, ബിജെപി വിടുന്നു എന്ന പ്രചരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായുണ്ട്. അടുത്തിടെ സിനിമാരംഗത്തെ ഏതാനും പ്രമുഖര്‍ ബിജെപി BJP, വിട്ടിരുന്നു. സംവിധായകൻ രാജസേനൻ Rajasenan, സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍ (അലി അക്ബര്‍) Ramasimhan Aboobakker, നടൻ ഭീമൻ രഘു Bheeman Raghu എന്നിവര്‍ ഈ അടുത്തിടെയാണ് പാര്‍ട്ടി വിട്ടത്. അഭിപ്രായം സ്വതന്ത്രമായി രേഖപ്പെടുത്താൻ വേണ്ടിയാണ് താന്‍ രാജിവച്ചതെന്നാണ് രാമസിംഹൻ പ്രതികരിച്ചത്. അതേസമയം രാജസേനനും ഭീമന്‍ രഘുവും സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും അറിയിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് നടന്‍ കൃഷ്‌ണ കുമാറും ബിജെപി വിടുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. എന്നാലിപ്പോള്‍ വാര്‍ത്തകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കൃഷ്‌ണ കുമാര്‍. ബിജെപിയോട് താന്നെന്നും പ്രതിജ്ഞാബദ്ധനായിരിക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി കൊണ്ടായിരുന്നു നടന്‍റെ പ്രതികരണം. ഒരു സമർപ്പിത ബിജെപി പ്രവർത്തകനെന്ന നിലയിൽ, തിരുവനന്തപുരത്തിന്‍റെയും അവിടത്തെ ജനങ്ങളുടെയും പുരോഗതിക്കായി താന്‍ നിസ്വാർഥമായി പ്രവർത്തിച്ചുവരികയാണെന്നും അത് തുടരുമെന്നും അദ്ദേഹം കുറിച്ചു.
ഫേസ്‌ബുക്കിലൂടെയായിരുന്നു കൃഷ്‌ണ കുമാറിന്‍റെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ചിത്രത്തിനൊപ്പം ദീര്‍ഘമായൊരു കുറിപ്പുമാണ് താരം പങ്കുവച്ചിരിക്കുന്നത്. 'നമസ്‌കാരം സഹോദരങ്ങളേ, ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഞാനുമായി ബന്ധപ്പെട്ട് ചില ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും സമൂഹമാധ്യമങ്ങളിൽ കറങ്ങി നടക്കുന്നത് കാണാനിടയായി.
പാർട്ടിയുടെ ദേശീയ കൗൺസിൽ അംഗമെന്ന നിലയ്ക്ക് കേന്ദ്ര നേതൃത്വത്തിനെ ഞാന്‍ എന്‍റെ നിലപാടുകൾ അറിയിച്ചുകഴിഞ്ഞു. പക്ഷേ ഒരു കലാകാരനും രാഷ്ട്രീയക്കാരനും എന്ന നിലയിൽ എന്‍റെ ഏറ്റവും പ്രാഥമികമായ കടമ, എന്നെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന നിങ്ങള്‍ ഓരോരുത്തരോടും എന്‍റെ നിലപാടുകൾ അർധശങ്കയില്ലാത്തവണ്ണം ചുരുങ്ങിയ വാക്കുകളിൽ വിശദീകരിക്കുകയെന്നത് തന്നെയാണ്. കാരണം നിങ്ങളാണ് എന്‍റെ ശബ്‌ദം. തിരുവനന്തപുരവും, പിന്നെ നിങ്ങളെല്ലാവരും തന്നെയാണ് എനിക്കെന്നും മുഖ്യം.
അതിനാൽ തന്നെ എന്‍റെ നിലപാട് നിങ്ങളോട് നേരിട്ട് അറിയിക്കേണ്ടത് അത്യാവശ്യമാണ്. എന്തുകൊണ്ടാണ് ഞാൻ ബിജെപിയിൽ അംഗമായത് എന്ന് പറഞ്ഞുകൊണ്ടുതന്നെ ആരംഭിക്കാം. 2021ലാണ് ഞാൻ പാർട്ടിയിൽ വന്നതെങ്കിലും ചെറുപ്പം മുതൽ തന്നെ, ശാഖകളിൽ നിന്ന് പകർന്നുകിട്ടിയ ദേശീയ ബോധവും അച്ചടക്കവും സേവന മനോഭാവവും ഞാനെന്ന വ്യക്തിയെ രൂപപ്പെടുത്തുന്നതിൽ നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട്. അതിന്‍റെ സ്വാഭാവികമായ തുടർച്ചയായിട്ടാണ് ബിജെപിയുടെ പ്രത്യയ ശാസ്ത്രവുമായി മാനസികമായി എനിക്ക് ഐക്യപ്പെടാനായത്.
പക്ഷേ നരേന്ദ്ര മോദി എന്ന ഐതിഹാസിക വ്യക്തിത്വവും അദ്ദേഹത്തിന്‍റെ നേതൃത്വ പാടവവുമാണ് എന്നെ ഏറ്റവുമധികം അതിശയിപ്പിച്ചതും സ്വാധീനിച്ചതും. അദ്ദേഹത്തിന്‍റെയും പാർട്ടിയുടെയും വിജയത്തിന് വേണ്ടി പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിച്ചു. എനിക്കേറ്റവും പ്രിയപ്പെട്ട തിരുവനന്തപുരത്തിന് വേണ്ടി പ്രവർത്തിക്കാൻ വലിയൊരവസരം വന്നപ്പോൾ ഞാന്‍ ആ വലിയ തീരുമാനം എടുത്തു. അന്നുമുതൽ ഇന്നീ നിമിഷം വരെ ആ തീരുമാനത്തിൽ ഞാൻ അഭിമാനിക്കുന്നു, അടിയുറച്ച് വിശ്വസിച്ച് പ്രവർത്തിക്കുന്നു.