പ്രേക്ഷക - നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ചിത്രമായിരുന്നു മാരി സെൽവരാജ് അണിയിച്ചൊരുക്കിയ 'മാമന്നൻ'. ദലിത് സ്വാഭിമാനത്തിന്‍റെ സങ്കീർണമായ വെല്ലുവിളികളെ ജനാധിപത്യത്തിൽ കാലുറപ്പിച്ചുകൊണ്ട് വിശകലനത്തിന് വിധേയമാക്കിയ ചിത്രം കൂടിയായിരുന്നു 'മാമന്നൻ'. വടിവേലു, ഫഹദ് ഫാസിൽ എന്നിവരുടെ മികച്ച പ്രകടനവും കയ്യടി നേടി. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ആരോഗ്യ മന്ത്രിയും എംഎൽഎയുമായ കെകെ ശൈലജ ടീച്ചർ.
ഫേസ്‌ബുക്കിലൂടെ ആയിരുന്നു എംഎൽഎയുടെ പ്രതികരണം. ഇന്ത്യയിൽ സമൂഹത്തെ ഏറ്റവും കൂടുതൽ വ്രണപ്പെടുത്തുന്നതും പിന്നോട്ട് നയിക്കുന്നതുമായ ഒന്നാണ് ജാതിവ്യവസ്ഥയെന്ന് ശൈലജ ടീച്ചർ പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ജാതിപരമായ വിവേചനങ്ങൾ തുടച്ചുനീക്കാൻ ഭരണാധികൾ ശ്രമിച്ചില്ലെന്നും കേരളത്തിൽ നാം നടത്തിയ ബോധപൂർവമായ ഇടപെടലുകൾ പ്രകടമായ ജാതിവിവേചനം ഇല്ലാതാക്കിയിട്ടുണ്ടെങ്കിലും മനുഷ്യമനസുകളിൽ നിന്ന് ജാതിബോധവും ഉച്ചനീചത്വ ബോധവും പൂർണമായും പറിച്ചെറിയാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്നും കെകെ ശൈലജ ടീച്ചർ പറയുന്നു.
ജാതി വിവേചനത്തെ തുറന്നുകാട്ടുന്ന പ്രമേയമാണ് മാരി സെൽവരാജ് 'മാമന്നനി'ലൂടെ അവതരിപ്പിക്കുന്നതെന്നും രത്‌നവേൽ എന്ന ജാതിക്കുശുമ്പനായ വില്ലനെ ഫഹദ് ഫാസിൽ അവതരിപ്പിച്ച രീതി ഏറെ പ്രകീർത്തിക്കപ്പെട്ടിട്ടുണ്ടെന്നും അവർ കുറിച്ചു. ജാതി മത വർഗീയതയെ അരക്കിട്ടുറപ്പിക്കാൻ വർഗീയ വാദികൾ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന വർത്തമാന കാലത്തിൽ ഏറെ പ്രസക്തിയുള്ളതാണ് സിനിമയുടെ പ്രമേയയെന്നും എംഎൽഎ കെകെ ശൈലജ ടീച്ചർ കുറിച്ചു.
ഫേസ്‌ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം: 'കഴിഞ്ഞ ദിവസമാണ് 'മാമന്നൻ' കാണാൻ കഴിഞ്ഞത്. ഇന്ത്യയിൽ സമൂഹത്തെ ഏറ്റവും കൂടുതൽ വ്രണപ്പെടുത്തുന്നതും പിന്നോട്ട് നയിക്കുന്നതുമായ ഒന്നാണ് ജാതിവ്യവസ്ഥ. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ജാതിപരമായ വിവേചനങ്ങൾ തുടച്ചുനീക്കാൻ ഭരണാധികൾ ശ്രമിച്ചില്ല.