ഹൈദരാബാദ് :ആരാധക ബലത്തിൽ മറ്റ് ബോളിവുഡ് താരങ്ങളേക്കാൾ ബഹുദൂരം മുന്നിലാണ് കിംഗ് ഖാൻ എന്നറിയപ്പടുന്ന ഷാരൂഖ് ഖാൻ. അദ്ദേഹത്തിന്‍റെ ഓരോ ജന്മദിനത്തിലും പെരുന്നാളിലും മുംബൈയിലെ വസതിയായ മന്നത്തിന് മുന്നിലേക്ക് ഒഴുകിയെത്തുന്ന ആരാധക സാഗരം മാത്രം മതി ഇക്കാര്യം സ്ഥിരീകരിക്കാൻ. ആരാധകരോടുള്ള കരുതലിൽ താരം ഒട്ടും പിന്നിലുമല്ല.
അവർ നൽകുന്ന സ്‌നേഹം പതിൻമടങ്ങായി തിരിച്ചുനൽകാൻ താരവും ശ്രമിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു വാർത്തയാണ് ഇന്ന് സൈബർ ലോകത്ത് നിറയുന്നത്. വർഷങ്ങളായി മാരകമായ ക്യാൻസർ രോഗത്തോട് പോരാടുന്ന തന്‍റെ കടുത്ത ആരാധികയുടെ ഏറെ നാളത്തെ ആഗ്രഹം നിറവേറ്റിയാണ് താരം ഏവരുടെയും കണ്ണ് നനയിക്കുന്നത്. മരിക്കുന്നതിന് മുൻപ് ഷാരൂഖിനെ കാണണം എന്നായിരുന്നു കൊൽക്കത്തയിൽ നിന്നുള്ള ആരാധിക ശിവാനി ചക്രവർത്തിയുടെ ആഗ്രഹം.
അമ്മയുടെ ആഗ്രഹം മകളായ പ്രിയ ചക്രവർത്തി വീഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഷാരൂഖിനെയും ടീമിനെയും ടാഗ് ചെയ്യാനും പ്രിയ മറന്നില്ല. പിന്നാലെ ഷാരൂഖ് ഖാൻ അമ്മയെയും മകളെയും ബന്ധപ്പെടുകയായിരുന്നു.
ഷാരൂഖ് ഇവരുമായി വീഡിയോ കോളിൽ സംസാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. സംസാരത്തിനിടെ താരം ഇവർക്ക് ധനസഹായം വാഗ്‌ദാനം ചെയ്യുന്നതും കാണാം. മകളുടെ വിവാഹത്തിൽ താൻ പങ്കെടുക്കുമെന്നും ഷാരൂഖ് ശിവാനിക്ക് വാക്ക് നൽകുന്നുണ്ട്.
അരമണിക്കൂറോളമാണ് താരം ശിവാനിയുമായി വീഡിയോ കോളിൽ സംസാരിച്ചത്. അടുത്ത തവണ കൊൽക്കത്തയിൽ വന്നാൽ തനിക്ക് മീൻ പാകം ചെയ്‌ത് തരാനും സ്‌നേഹപൂർവം താരം അഭ്യർഥിക്കുന്നുണ്ട്.
അതേസമയം അറ്റ്‌ലി കുമാർ സംവിധാനം ചെയ്യുന്ന 'ജവാനി'ലാണ് കിംഗ് ഖാൻ അടുത്തതായി അഭിനയിക്കുക. രാജ്‌കുമാർ ഹിരാനിയുടെ സോഷ്യൽ - കോമഡി ചിത്രം 'ഡങ്കി'യിലും ഷാരൂഖ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കും. യാഷ് രാജ് ഫിലിംസിന്‍റെ സ്‌പൈ യൂണിവേഴ്‌സിന്‍റെ ഭാഗമായ സൽമാൻ ഖാൻ ചിത്രം 'ടൈഗർ 3'-യിൽ 'പഠാൻ' ആയി ഷാരൂഖ് തിരിച്ചെത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
ഇന്ത്യൻ സിനിമാലോകവും കിങ് ഖാന്‍റെ ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന 'ജവാന്‍റെ' റിലീസ് തിയതി അടുത്തിടെ നീട്ടിയിരുന്നു. ഈ വർഷം ജൂൺ രണ്ടിന് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ സെപ്റ്റംബർ ഏഴിന് സിനിമ റിലീസ് ചെയ്യുമെന്നാണ് പുതിയ അറിയിപ്പ്.
ചിത്രത്തിന്‍റെ പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. എന്നാല്‍ പോസ്റ്ററിൽ തങ്ങളുടെ പ്രിയ താരത്തിന്‍റെ മുഖം കാണാനാകുന്നില്ലെന്ന പരാതിയുമായി ആരാധകർ പിന്നാലെയെത്തി. തുടർന്ന് ആരാധകരുടെ പരാതി തീർക്കാൻ കിങ് ഖാൻ തന്നെ രംഗത്തെത്തി.
ബ്ലാക്ക് ആൻഡ് വൈറ്റ് ഫ്രെയിമിൽ അലസമായ തലമുടിയുമായി ചുമരിനടുത്ത് നിൽക്കുന്ന തന്‍റെ ഒരു മോണോക്രോം ചിത്രമാണ് താരം ആരാധർക്കായി നൽകിയത്. 'എല്ലാവർക്കും നന്ദി, ചിലർ പറഞ്ഞു പോസ്റ്ററിൽ എന്‍റെ മുഖം വ്യക്തമല്ലെന്ന്. അതുകൊണ്ട് ഞാൻ എന്‍റെ മുഖം ഇവിടെ പോസ്റ്റ് ചെയ്യുന്നു. ഡയറക്‌ടറോടും പ്രൊഡ്യൂസറിനോടും പറയരുത്. സെപ്റ്റംബർ ഏഴിന് തിയേറ്ററിൽ കാണാം എന്ന് പ്രതീക്ഷിക്കുന്നു' - രസകരമായ അടിക്കുറിപ്പും താരം ചിത്രത്തിന് നൽകിയിരുന്നു.