എറണാകുളം:ഇന്ദ്രജാലം പോലെ തന്നെ അത്ഭുതപ്പെടുത്തുന്ന കാഴ്‌ച വിസ്‌മയം ഒരുക്കുന്ന കരകൗശല രൂപങ്ങളിൽ ഒന്നാണ് കൈനറ്റിക് സ്‌കൾപ്ച്ചറുകൾ. ചലിക്കുന്ന ത്രിമാന ശിൽപ നിർമാണത്തിൽ ഉൾപ്പെടുന്ന ഇത്തരം കലാരൂപങ്ങൾ കേരളത്തിൽ അങ്ങോളം ഇങ്ങോളം നിരവധി പേർ നിർമ്മിക്കുന്നുണ്ടെങ്കിലും കൊച്ചിക്കാർക്ക് ഏറെ സുപരിചിതം ധനൂപിനെയാണ്.
വർഷങ്ങൾക്കു മുമ്പ് ഇത്തരം ഒരു കലാസൃഷ്‌ടി ഒരു വിദേശ യൂട്യൂബ് വീഡിയോയിൽ നിന്ന് കണ്ടു മനസിലാക്കുകയും സ്വയം സൃഷ്‌ടിക്കുകയും ചെയ്‌ത വ്യക്തിയാണ് ധനൂപ് (Kinetic artist dhanoop kochi Kinetic sculpture). ധനൂപിന്‍റെ ത്രിമന ശിൽപങ്ങൾ കാണാൻ അക്കാലത്ത് ധാരാളം പേർ കടന്നുവന്നെങ്കിലും ഇതൊരു ബിസിനസ് ആയി വളർത്താൻ ആ കാഴ്‌ചക്കാർ മാത്രം മതിയായിരുന്നില്ല. കുടുംബത്തിന്‍റെ ചുമതല സ്വന്തം തോളിൽ ആയതോടെ വീടിന് മുന്നിലെ ചുവരിലെ ഇത്തരം അത്ഭുത ശിൽപങ്ങളിൽ മാറാല കയറി തുടങ്ങി.
മുൻപ് നിർമിച്ചവയിൽ പലതും ഇപ്പോൾ പ്രവർത്തിക്കുന്നതു പോലുമില്ല. ഇത്തരമൊരു കലാസൃഷ്‌ടി ഉണ്ടാക്കിയെടുക്കുന്നതിന് മൂന്ന് - നാല് ദിവസത്തെ അധ്വാനം ആവശ്യമാണെന്ന് ധനൂപ് പറയുന്നു. കുറഞ്ഞത് 7000 രൂപ എങ്കിലും വേണം സൃഷ്‌ടി പൂർത്തിയാകാൻ. ധനൂപിനെ തേടിയെത്തുന്നവർ കാഴ്‌ചയുടെ കൗതുകം അനുഭവിച്ച് ആനന്ദപുളകിതരായി തിരികെ പോയി. അതുകൊണ്ടുതന്നെ തുടർന്നുള്ള ശിൽപ നിർമ്മാണം ധനൂപ് അവസാനിപ്പിച്ചു.