മികച്ച നടനുള്ള സംസ്ഥാന അവാർഡിന്‍റെ പട്ടികയിലുണ്ടായിരുന്നത് അഞ്ച് നടന്മാർ... അവസാന ഘട്ടത്തിലെത്തിയപ്പോഴേക്കും മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും തമ്മിൽ കടുത്ത മത്സരം.. കുഞ്ചാക്കോ ബോബന്‍റെ കൊഴുമ്മൽ രാജീവനും മമ്മൂട്ടിയുടെ ജെയിംസും/സുന്ദരവും തമ്മിലുള്ള പോരാട്ടം.. ഒരു നിശബ്‌ദതയ്‌ക്കൊടുവിൽ ആ പേര് മുഴങ്ങി... മികച്ച നടൻ.. മമ്മൂട്ടി..അതെ, മലയാളത്തിന്‍റെ മഹാനടൻ അറാമതും സംസ്ഥാനത്തെ മികച്ച നടനായി...
മമ്മൂട്ടി എട്ട് തവണയാണ് സംസ്ഥാന പുരസ്‌കാരത്തിന് അർഹനായത്. അതിൽ ആറ് തവണ മികച്ച നടനുള്ള അവാർഡ് സ്വന്തമാക്കി. 1981ൽ പുറത്തിറങ്ങിയ അഹിംസ എന്ന ചിത്രത്തിന് മികച്ച രണ്ടാമത്തെ നടനുള്ള അവാർഡ് നേടിയായിരുന്നു മമ്മൂട്ടി എന്ന അഭിനയ പ്രതിഭയുടെ സംസ്ഥാന പുരസ്‌കാര യാത്രയുടെ തുടക്കം. ചിത്രത്തിലെ വാസു എന്ന കഥാപാത്രമായിരുന്നു താരത്തിന് പുരസ്‌കാരം നേടിക്കൊടുത്തത്.
1984ൽ അടിയൊഴുക്കുകൾ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടിക്ക് ആദ്യമായി സംസ്ഥാന തലത്തിലെ മികച്ച നടൻ എന്ന അംഗീകാരം ലഭിക്കുന്നത്. സുഹൃത്ത് കുമാരനുവേണ്ടി ജയിലിൽ പോയ കരുണൻ.. ജയിലിൽ നിന്ന് തിരികെ എത്തുമ്പോൾ താൻ സ്‌നേഹിച്ച പെണ്ണിനെപ്പോലും നഷ്‌ടങ്ങളുടെ പട്ടികയിൽ എഴുതിച്ചേർക്കേണ്ടി വന്നു അയാള്‍ക്ക്. തന്നെ ചതിച്ച ഉറ്റസുഹൃത്തിനെ കൊല്ലാനായി കരുണന്‍ തീരുമാനിക്കുകയാണ്. ഒടുവിൽ കൊല്ലാൻ കത്തിയെടുക്കുമ്പോള്‍ കുമാരന്‍റെ കുഞ്ഞിന്‍റെ കരച്ചിൽ കേട്ട് ആ ശ്രമം അയാള്‍ ഉപേക്ഷിക്കുന്നു. കരുണനായുള്ള മമ്മൂട്ടിയുടെ പകർന്നാട്ടത്തിൽ സിനിമ പ്രേക്ഷകർ അമ്പരന്നു.
1985ൽ യാത്ര, നിറക്കൂട്ട് എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങൾക്കും മമ്മൂട്ടി പ്രത്യേക ജൂറി പരാമർശനത്തിന് അർഹനാക്കി. ജയിൽ വാസത്തിനൊടുവിൽ തന്‍റെ പ്രണയിനിയായ തുളസിയെ കാണാൻ 'യാത്ര' തിരിക്കുന്ന ഉണ്ണികൃഷ്‌ണൻ. തുളസി ജീവിച്ചിരിപ്പുണ്ടെങ്കിൽ തനിക്കായി ഒരു ദീപം തെളിയിക്കണമെന്ന് പറയുന്നതും തിരികെയെത്തുന്ന ഉണ്ണികൃഷ്‌ണനായി തുളസി ഒരായിരം ദീപങ്ങൾ തെളിച്ചുവച്ചതും പ്രേക്ഷകരുടെ മനം നിറച്ചു. തടവറയിലെ വിലങ്ങിട്ട ജീവിതവും അതിനിടയിലെ കുഞ്ഞുപ്രതീക്ഷയായ ഉണ്ണികൃഷ്‌ണന്‍റെ പ്രണയവുമൊക്കെ മമ്മൂട്ടി എന്ന നടന്‍റെ പകർന്നാട്ടമായിരുന്നു. അതിന് സാക്ഷിയായി പ്രേക്ഷകന്‍രുടെ കണ്ണീരും.. 'മേഴ്‌സി.. അവൾ എന്‍റെ എല്ലാമായിരുന്നു..'കണ്‌ഠമിടറി രവി വർമ്മ പറഞ്ഞു.. നിറക്കൂട്ടിലെ രവി വർമ്മ എന്ന മമ്മൂട്ടിയുടെ മറ്റൊരു ഗംഭീര വേഷം.. നിറക്കൂട്ട്.. എല്ലാം തികഞ്ഞ പത്തരമാറ്റ് മമ്മൂട്ടി ചിത്രം.
1989ൽ ഒരു വടക്കൻ വീരഗാഥ, മൃഗയ, മഹായാനം എന്നീ ചിത്രങ്ങളിലൂടെ വീണ്ടും പുരസ്‌കാര നിറവിൽ മമ്മൂട്ടി.. മലയാളത്തിന്‍റെ ക്ലാസിക് ചിത്രമായ ഒരു വടക്കൻ വീരഗാഥയിലെ 'ചതിയൻ' ചന്തുവിനെ മലയാളികൾ നെഞ്ചോട് ചേർത്തു. സ്വന്തം മരണത്തിലൂടെ മറ്റുള്ളവരെ തോൽപ്പിച്ച ചന്തുവിനെ പ്രേക്ഷകർ വിസ്‌മയത്തോടെ കണ്ടു. എന്നാൽ മൃഗയയിലെ വാറുണ്ണിയെ സിനിമയുടെ ആദ്യഭാഗത്ത് അനിഷ്‌ടത്തോടെ കണ്ടിരുന്ന പ്രേക്ഷകൻ കഥ അവസാനിക്കുമ്പോൾ അവനെ ഒരു നോവോടെയാണ് കണ്ടത്.. വാറുണ്ണിയും പുലിയും തമ്മിലുള്ള സംഘർഷ രംഗങ്ങളും പ്രേക്ഷകരെ ഞെട്ടിച്ചു.. മഹായാനത്തിലെ ട്രക്ക് ഡ്രൈവറായ ചന്ദ്രനും മമ്മൂട്ടി എന്ന നടനിൽ ഭദ്രമായിരുന്നു.