അമാനുഷിക കഴിവുകളുള്ള സാഹസികനായ മഹാമാന്ത്രികന്‍ കടമറ്റത്ത് കത്തനാരുടെ (Kadamattathu Kathanaar) ജീവിതം പറയുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കത്തനാര്‍: ദി വൈല്‍ഡ് സോര്‍സറര്‍' (Kathanar The Wild Sorcerer). സിനിമയുടെ ആദ്യ ഗ്ലിംപ്‌സ് (Kathanar First Glimpse) അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കത്തനാരുടെ അദ്‌ഭുത ലോകത്തേക്കാണ് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോകുന്നത്.
ഫാന്‍റസിയും ഹൊററും ഉദ്വേഗജനകമായ നിരവധി മുഹൂര്‍ത്തങ്ങളുമാണ് ആദ്യ ഗ്ലിംപ്സില്‍ കാണാനാവുക. ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന ലുക്കും ഫീലുമാണ് കത്തനാരുടെ ആദ്യ ഗ്ലിംപ്‌സിന്. ഇത് അദ്‌ഭുതങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനുള്ള സമയം (Time to witness the fantacy) എന്ന ടാഗ്‌ലൈനോടു കൂടിയാണ് അണിയറപ്രവര്‍ത്തകര്‍ ഗ്ലിംപ്‌സ് പുറത്തുവിട്ടത്.
ജയസൂര്യയാണ് (Jayasurya) ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ കത്തനാരായി വേഷമിടുന്നത്. ജയസൂര്യയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറപ്രവര്‍ത്തകര്‍ 'കത്തനാരു'ടെ ആദ്യ ഗ്ലിംപ്‌സ് പുറത്തുവിട്ടത്. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ക്യാന്‍വാസില്‍ ഒരുക്കുന്ന ചിത്രം കൂടിയാണിത്.
Also Read:Jayasurya on Farmers Problem : 'വിമർശനത്തിൽ ഉറച്ചുനിൽക്കുന്നു, രാഷ്‌ട്രീയം കലർത്തണ്ട' ; തന്‍റേത് കർഷക പക്ഷമെന്ന് ജയസൂര്യ
'ഹോം', 'ജോ ആന്‍ഡ് ദി ബോയ്', 'ഫിലിപ്‌സ് ആന്‍ഡ് ദി മങ്കിപെന്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താര സുന്ദരി അനുഷ്‌ക ഷെട്ടിയാണ് (Anushka Shetty) നായികയായി എത്തുന്നത്. അനുഷ്‌ക ഷെട്ടിയുടെ ആദ്യ മലയാള ചിത്രം (Anushka Shetty s Malayalam debut) കൂടിയാണ് 'കത്തനാര്‍'.
ഫാന്‍റസി ഹൊറര്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രം 2024ല്‍ തിയേറ്ററുകളില്‍ എത്തും. ഈ വര്‍ഷം ഏപ്രിലിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് (Kathanar The Wild Sorcerer shooting starts). 43 ദിവസം നീണ്ടുനിന്ന ചിത്രീകരണത്തിനൊടുവില്‍ സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായിരുന്നു.
ജയസൂര്യ നായകനായി എത്തുന്ന ചിത്രത്തില്‍ കുല്‍പ്രീത് യാദവ്, സനൂപ് സന്തോഷ്, കിരണ്‍ അരവിന്ദാക്ഷന്‍ തുടങ്ങിയവരും സുപ്രധാന വേഷങ്ങളില്‍ എത്തും. മറ്റ് ഭാഷകളിലെ മുന്‍നിര താരങ്ങളും സിനിമയില്‍ സുപ്രധാന വേഷങ്ങളില്‍ എത്തും. നിരവധി വിദേശ ചിത്രങ്ങളുടെ ആക്ഷന്‍ രംഗങ്ങള്‍ സംവിധാനം ചെയ്‌തിട്ടുള്ള കൊറിയന്‍ വംശജനായ ജെജെ പാര്‍ക്ക് ആണ് 'കത്തനാരു'ടെ സ്‌റ്റണ്ട് കൊറിയോഗ്രാഫര്‍.
നൂതന സാങ്കേതിക വിദ്യയായ വിഎഫ്‌എക്‌സ് വിര്‍ച്വല്‍ പ്രൊഡക്ഷന്‍ ടെക്നോളജിയിലൂടെയാണ് സിനിമയുടെ ചിത്രീകരണം. 'കത്താനാര്‍'ക്ക് വേണ്ടി പടകൂറ്റന്‍ സെറ്റാണ് എറണാകുളം പൂക്കാട്ടുപടിയില്‍ ഒരുക്കിയിരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമകളിലൂടെ ശ്രദ്ധേയനായ മലയാളി രാജീവന്‍ ആണ് 'കത്തനാരു'ടെ സെറ്റ് രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്.
ആര്‍. രാമാനന്ദ് ആണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നീല്‍- ഛായാഗ്രഹണം. രാഹുല്‍ സുബ്രഹ്‌മണ്യന്‍ സംഗീതവും ഒരുക്കും. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് സിനിമയുടെ നിര്‍മാണം.
Also Read:Jayasurya Criticized State Government 'പിന്നെങ്ങനെ പുതുതലമുറ കൃഷിയിലേക്ക് വരും'; മന്ത്രിമാരുടെ സാന്നിധ്യത്തിൽ വിമർശനവുമായി ജയസൂര്യ