ന്യൂഡല്‍ഹി: വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്‌ത 'ദ കശ്‌മീർ ഫയൽസ്' ചിത്രത്തിനെതിരായ ഐഎഫ്എഫ്ഐ ജൂറി മേധാവിയും ഇസ്രയേല്‍ സംവിധായകനുമായ നദവ് ലാപിഡിയുടെ പരാമര്‍ശത്തിനെതിരെ കേസ്. സുപ്രീം കോടതി അഭിഭാഷകന്‍ വിനീത് ജിൻഡാല്‍ ഗോവ പൊലീസിലാണ് ഇതുസംബന്ധിച്ച പരാതി നല്‍കിയത്. ചിത്രം അശ്ലീലവും പ്രത്യേക ഉദ്ദേശ്യത്തോടുകൂടി ഉള്ളതെന്നുമായിരുന്നു ലാപിഡിയുടെ ആരോപണം.
ഒരു സാമൂഹിക പ്രവർത്തകനും ഹിന്ദുവും എന്ന നിലയില്‍, ഈ പ്രസ്‌താവന തന്‍റെ മതവികാരം വ്രണപ്പെടുത്തിയെന്നും ഗോവ ഡിജിപിയ്‌ക്ക് നല്‍കിയ പരാതിയിൽ വിനീത് പറയുന്നു. 'കശ്‌മീരി പണ്ഡിറ്റുകള്‍ക്കെതിരായ അതിക്രമവും അവരുടെ പലായനവും പ്രമേയമാക്കിയ 'ദ കശ്‌മീര്‍ ഫയൽസിനെതിരെ ഈ പരാമര്‍ശം നടത്തിയതിലൂടെ, കശ്‌മീരിലെ ഹിന്ദുക്കളുടെ ത്യാഗത്തെ അധിക്ഷേപിക്കുകയാണ് അദ്ദേഹം ചെയ്‌തത്. ഹിന്ദു സമൂഹത്തെയാകെ അവഹേളിക്കുന്ന വാക്കുകളാണ് ലാപിഡി ഉപയോഗിച്ചത്. രാജ്യത്തെ ആളുകളെ രണ്ടുചേരിയിലാക്കുന്നതാണ് ഈ പരമാര്‍ശം', വിനീത് ജിൻഡാല്‍ പരാതിയില്‍ പറയുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 121, 153, 153 എ, ബി, 295, 298, 505 എന്നീ വകുപ്പുകൾ പ്രകാരമാണ് പരാതി. 2022 മാര്‍ച്ച് 11ന് പുറത്തിറങ്ങിയ കശ്‌മീര്‍ ഫയല്‍സ് ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രമുഖരുടെ വിലയിരുത്തലുകള്‍ വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇതേക്കുറിച്ച് ധാരാളം ചര്‍ച്ചകളും ഉയര്‍ന്നിരുന്നു.
'കശ്‌മീര്‍ ഫയല്‍സ് മത്സര വിഭാഗത്തിന് യോജിച്ചതല്ല':'ദ കശ്‌മീർ ഫയൽസ്' എന്ന ചിത്രത്തിൽ ഐഎഫ്എഫ്ഐ ജൂറി അതൃപ്‌തരും അസ്വസ്ഥരുമാണെന്നും നദവ് ലാപിഡി പറഞ്ഞിരുന്നു. മേളയിലുണ്ടായിരുന്ന 14 അന്താരാഷ്‌ട്ര സിനിമകളും സിനിമാറ്റിക് നിലവാരമുള്ളവയായിരുന്നു. എന്നാൽ, 15-ാമത്തെ ചിത്രമായ ' ദ കശ്‌മീർ ഫയൽസ്' ഇത്തരമൊരു അഭിമാനകരമായ ചലച്ചിത്ര മേളയുടെ കലാപരമായ മത്സര വിഭാഗത്തിന് യോജിച്ചതായിരുന്നില്ല.