കശ്‌മീര്‍ ഫയല്‍സ് സിനിമയ്‌ക്ക് എതിരെ നടന്‍ പ്രകാശ് രാജ് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ വിവേക് അഗ്‌നി ഹോത്രി. പ്രകാശ് രാജിനെ അര്‍ബൻ നക്‌സല്‍ എന്ന് വിശേഷിപ്പിച്ച വിവേക് അഗ്നിഹോത്രി തന്‍റെ ചിത്രം നക്‌സലുകള്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാണ് സമ്മാനിക്കുന്നതെന്നും ട്വിറ്ററില്‍ കുറിച്ചു. ട്വിറ്ററില്‍ പ്രകാശ് രാജിന്‍റെ വിവാദ പരാമര്‍ശം നടത്തിയ വീഡിയോ പങ്ക് വച്ചായിരുന്നു വിവേക് അഗ്നിഹോത്രിയുടെ പ്രതികരണം.
പ്രതികരണവുമായി അഗ്നിഹോത്രി:താന്‍ സംവിധാനം ചെയ്‌ത കശ്‌മീര്‍ ഫയല്‍സ് എന്ന ചിത്രം കാണുന്നവരെ കുരയ്‌ക്കുന്ന നായ്‌ക്കള്‍ എന്ന് പ്രകാശ് രാജ് വിളിച്ചെന്നും വിവേക് അഗനിഹോത്രി ട്വിറ്ററില്‍ ആരോപിച്ചു. ജനങ്ങളുടെ കൊച്ചു ചിത്രമാണ് കശ്‌മീര്‍ ഫയല്‍സ് എന്ന് പറഞ്ഞ വിവേക് പ്രകാശ് രാജിനെ അന്ധകാര്‍ രാജെന്നും വിളിച്ചു. ഈ ചെറിയ ചിത്രമായ കശ്‌മീര്‍ ഫയല്‍സ് ഒരു കൊല്ലത്തിനപ്പുറവും അര്‍ബണ്‍ നക്‌സലുകളുടെയും അവരുടെ പിടിയാളികള്‍ക്ക് ഉറക്കമില്ലാത്ത രാത്രിയാണ് സമ്മാനിക്കുന്നത്. എനിക്ക് എങ്ങനെയാണ് 'ഭാസ്‌കര്‍' കിട്ടുക. അവളും അവനും എല്ലാം നിങ്ങള്‍ക്കാണ് എന്നെന്നും വിവേക് അഗ്നിഹോത്രി ട്വിറ്ററില്‍ കുറിച്ചു.
പ്രകാശ് രാജിന്‍റെ വിമര്‍ശനം:തിരുവനന്തപുരത്ത് നടന്ന സാഹിത്യ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് കശ്‌മീര്‍ ഫയല്‍സിനെ വിമര്‍ശിച്ചത്. ഇതിന് പുറമെ ഷാരൂഖ് ഖാന്‍റെ പഠാന്‍ ചിത്രത്തിന്‍റെ ബഹിഷ്‌കരണ ആഹ്വാനത്തെയും വിമര്‍ശിച്ചിരുന്നു. 'കശ്‌മീര്‍ ഫയല്‍സ് ഒരു പ്രോപ്പഗാണ്ട ചിത്രമാണ്. മാത്രമല്ല ഞാന്‍ ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും മോശം ചിത്രം കൂടിയാണിതെന്നും 'പ്രകാശ് രാജ് പറഞ്ഞിരുന്നു.
ഇതാര് നിര്‍മിച്ചതാണെന്ന് നമുക്ക് അറിയാമെന്നും അന്താരാഷ്‌ട്ര ജൂറി തന്നെ അതിന്‍റെ മുഖത്തേക്ക് തുപ്പിയെന്നും പ്രകാശ് രാജ് കുറ്റപ്പെടുത്തിയിരുന്നു. എന്ത് കൊണ്ടാണ് താന്‍ ഓസ്‌കാറിന് അര്‍ഹനാകാത്തതെന്നാണ് സംവിധായകന്‍ ചോദിക്കുന്നത്. 2000 കോടിയാണ് ഇത്തരമൊരു ചിത്രം ഒരുക്കാന്‍ മാറ്റി വച്ചതെന്നും നിങ്ങള്‍ക്ക് എപ്പോഴും എല്ലാവരെയും വിഡ്ഢിയാക്കാന്‍ കഴിയില്ലെന്നും വിവേക് അഗ്നിഗോത്രിയെ പരിഹരിക്കുകയും ചെയ്‌തിരുന്നു പ്രകാശ് രാജ്. ഇതിനെതിരെയാണ് മറുപടിയുമായി വിവേക് അഗ്‌നിഹോത്രി എത്തിയത്.
കശ്‌മീര്‍ ഫയല്‍സ്: അനുപം ഖേറിനെയും മിഥുന്‍ ചക്രബര്‍ത്തിയെയും പ്രധാന കഥാപാത്രങ്ങളാക്കി വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്‌ത ചിത്രമാണ് കശ്‌മീര്‍ ഫയല്‍സ്. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിവേക് അഗ്നിഹോത്രി തന്നെയാണെന്നതാണ് പ്രത്യേകത. കശ്‌മീരി പണ്ഡിറ്റികളുടെ യഥാര്‍ഥ ജീവിതവും യാതനകളും പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്ന് കാട്ടുകയാണ് ചിത്രത്തിലൂടെ വിവേക്.
കശ്‌മീരിലെ യഥാര്‍ഥ സംഭവ വികാസങ്ങളെ അടിസ്ഥാനമാക്കി ചെയ്‌ത ചിത്രത്തിനെതിരെ വിവാദങ്ങളും വിമര്‍ശനങ്ങളുമായി നിരവധി മതമൗലിക വാദികളും ഇടത് ബുദ്ധി ജീവികളും രംഗത്തെത്തിയിരുന്നു. സിനിമയെ പ്രൊപ്പഗണ്ട ചിത്രമാണെന്ന് പറഞ്ഞ് മാറ്റി നിര്‍ത്താന്‍ നിരവധി പേര്‍ ശ്രമിച്ചു. സിനിമ ലോകത്തും ഇന്ത്യന്‍ രാഷ്‌ട്രീയ പശ്ചാത്തലത്തിലും സമൂഹത്തിലും ഏറെ വിവാദങ്ങള്‍ സൃഷ്‌ടിച്ച ചിത്രം 2022 മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തി. വിവാദങ്ങള്‍ക്കിടയിലും ചിത്രം റിലീസായെന്ന് മാത്രമല്ല 200 കോടി രൂപയിലേറെ കളക്ഷന്‍ സ്വന്തമാക്കാനും ചിത്രത്തിനായി. വിവാദങ്ങള്‍ക്കിടയിലും സംവിധായകന്‍ വിവേക് അഗ്നിഹോത്രി ചിത്രത്തിന്‍റെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചു.