തമിഴകത്തിന്റെ പ്രിയതാരം കാർത്തി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ജപ്പാൻ' (Karthi Starrer Japan Movie). തെന്നിന്ത്യൻ സിനിമാലോകം ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ പുതിയ ടീസർ ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന ടീസർ 21 ലക്ഷത്തിലധികം പേരാണ് ഇതിനോടകം യൂട്യൂബിൽ കണ്ടത് (Karthi's Japan Movie new Teaser).
കാർത്തി വേറിട്ട രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് 'ജപ്പാൻ'. ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് രാജു മുരുഗനാണ് (Raju Murugan). നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ ആദ്യ ടീസർ മികച്ച പ്രതികരണം നേടിയിരുന്നു. ഏറെ നിഗൂഢതകൾ ഒളിപ്പിച്ചുവച്ചു കൊണ്ട് അവസാനിച്ച ടീസറിൽ കാർത്തിയുടെ വ്യത്യസ്‌തമായ ലുക്ക് തന്നെയായിരുന്നു ഹൈലൈറ്റ് (Japan movie teaser).
ഇപ്പോഴിതാ 'ജപ്പാന്‍റെ' പുതിയ ടീസറും കയ്യടി നേടുകയാണ്. തമിഴിന് പുറമെ മലയാളം, തെലുഗു, കന്നഡ എന്നീ ഭാഷകളിലും 'ജപ്പാൻ' റിലീസ് ചെയ്യുന്നുണ്ട്. ചിത്രത്തിന്‍റെ മലയാളം ടീസറും അണിയറക്കാർ പുറത്തു വിട്ടു. തമിഴകത്ത് വിജയ തുടര്‍ച്ചയില്‍ നില്‍ക്കുന്ന കാര്‍ത്തി 'ജപ്പാനി'ലും വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
നിയമ പാലകരും ജപ്പാനും തമ്മിലുള്ള കടുത്ത പോരാട്ടമാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചന നല്‍കിയാണ് ടീസർ അവസാനിക്കുന്നത്. 'ദൈവത്തിന്‍റെ അതിശയ സൃഷ്‌ടികളിൽ ജപ്പാൻ ഹീറോയാണ്, എന്നാൽ നിയമത്തിന് മുന്നിൽ കുറ്റവാളിയും. നാലു സംസ്ഥാനങ്ങളിലെ പൊലീസും അന്വേഷിക്കുന്ന പെരും കള്ളനാണ് ജപ്പാൻ...'- ഇങ്ങനെയെല്ലാമാണ് ടീസർ ജപ്പാനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത്.