ഉലകനായകന്‍ കമല്‍ഹാസന്‍റെ 'വിക്രം' തരംഗം തിയേറ്ററുകളില്‍ തുടരുകയാണ്. ഒരിടവേളയ്‌ക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് ബിഗ് ബജറ്റ് ചിത്രത്തിലൂടെ കമല്‍ഹാസന്‍ കാഴ്‌ചവച്ചിരിക്കുന്നത്. റിലീസിന് മുന്‍പ് വലിയ ഹൈപ്പുണ്ടായിരുന്ന വിക്രം മിക്കവരുടെയും പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നുവെന്ന് തന്നെയാണ് പ്രതികരണങ്ങള്‍ വന്നത്. മികച്ച പ്രേക്ഷക പ്രശംസകള്‍ നേടിയ ലോകേഷ് കനകരാജ് ചിത്രം ബോക്‌സോഫീസ് കലക്ഷന്‍റെ കാര്യത്തിലും നേട്ടമുണ്ടാക്കിയാണ് മുന്നേറുന്നത്.
ഉലകനായകനൊപ്പം ഫഹദ് ഫാസില്‍, വിജയ് സേതുപതി, നരേന്‍, കാളിദാസ് ജയറാം ഉള്‍പ്പെടെയുളള താരങ്ങളുടെ പ്രകടനത്തെയും എല്ലാവരും പ്രശംസിക്കുന്നു. ഒരു ഫാന്‍ബോയ് പടമാണ് വിക്രം എന്നാണ് സിനിമ കണ്ടവരെല്ലാം അഭിപ്രായപ്പെട്ടത്. സിനിമാപ്രേമികള്‍ക്കൊപ്പം തന്നെ താരങ്ങളും സിനിമയെ പുകഴ്‌ത്തി രംഗത്തെത്തുന്നുണ്ട്.
എറ്റവുമൊടുവിലായി ഇതില്‍ നടന്‍ കാര്‍ത്തിയുടെതായി വന്ന ട്വീറ്റാണ് ശ്രദ്ധേയമാവുന്നത്. ലോകേഷ് കനകരാജിന്‍റെ മുന്‍ചിത്രമായ കൈദിയില്‍ പെര്‍ഫോന്‍സ് കൊണ്ട് പ്രേക്ഷകരെ കാര്‍ത്തി വിസ്‌മയിപ്പിച്ചിരുന്നു. കൈദി റഫറന്‍സുകള്‍ ഉള്‍പ്പെടുത്തിയാണ് സംവിധായകന്‍ വിക്രം ഒരുക്കിയത്. കൂടാതെ വിക്രം കാണുന്നതിന് മുന്‍പ് കൈദി ഒരു തവണ കണ്ടിരിക്കണമെന്ന് ലോകേഷ് പ്രേക്ഷകരോട് ആവശ്യപ്പെട്ടിരുന്നു.
വിക്രം കണ്ട ത്രില്ലില്‍ സിനിമയുടെ അണിയറപ്രവര്‍ത്തകരെ അഭിനന്ദിച്ച് ട്വിറ്ററിലാണ് കാര്‍ത്തി എത്തിയത്. 'വിക്രം'; എല്ലാവരും പറയുന്നത് പോലെ ഈ സിനിമ ഞങ്ങളുടെ കമല്‍ഹാസന്‍ സാറിന്‍റെ ആഘോഷമാണ്. അദ്ദേഹത്തെ ഒരു കൊടുങ്കാറ്റ് പോലെ കാണാന്‍ സാധിക്കുന്നത് ആവേശമുണ്ടാക്കുന്ന കാര്യമാണ്. കൗതുകരമായ ബന്ധപ്പെടുത്തലുകളോടെയും സര്‍പ്രൈസുകളോടെയുമുളള രംഗങ്ങളും ആക്ഷനും എല്ലാം മികച്ചതായിരുന്നു.
ഫഹദ് ഫാസില്‍ തന്‍റെ തീവ്രതയ്‌ക്ക് ഒരു മാറ്റവും വരുത്തിയിട്ടില്ല. വിജയ് സേതുപതിയില്‍ ഒരു പുതിയ തരം വില്ലനെയാണ് കാണാനായത്. അനിരുദ്ധ്! എന്തൊരു പശ്ചാത്തല സംഗീതമാണ് നിങ്ങളുടേത്. ഭയത്തെ വളരെ വലുതായും രക്ഷകനെ വളരെ ശക്തനായും തോന്നിപ്പിക്കുന്ന രീതിയിലാണ് ബിജിഎം ഒരുക്കിയിരിക്കുന്നത്. അവസാനമായി റോളെക്‌സ് സര്‍! നിങ്ങള്‍ ശരിക്കും ഭയമുണ്ടാക്കി. ലോകേഷ് നിങ്ങളുടെ ഫാന്‍ബോയ് ആവേശം നിങ്ങള്‍ പൂര്‍ണമായും പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുണ്ട്', കാര്‍ത്തി ട്വിറ്ററില്‍ കുറിച്ചു.
അതേസമയം വിക്രമില്‍ ശബ്‌ദ സാന്നിദ്ധ്യത്തില്‍ കാര്‍ത്തിയുടെ ഡില്ലിയും എത്തുന്നുണ്ട്. വിക്രം മൂന്നാം ഭാഗത്തില്‍ കമല്‍ഹാസനും സൂര്യയ്‌ക്കുമൊപ്പം കാര്‍ത്തിയും ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 2019ലാണ് കാര്‍ത്തി-ലോകേഷ് കനകരാജ് കൂട്ടുകെട്ടില്‍ കൈതി പുറത്തിറങ്ങിയത്. ആക്ഷന്‍ ത്രില്ലര്‍ ചിത്രം തിയേറ്ററുകളില്‍ ബ്ലോക്ക്‌ബസ്റ്റര്‍ ഹിറ്റായി മാറി. കാര്‍ത്തിക്കൊപ്പം നരേന്‍, അര്‍ജുന്‍ ദാസ്, ഹരീഷ് ഉത്തമന്‍, ധീന, രമണ, ഹരീഷ് പേരടി ഉള്‍പ്പെടെയുളള താരങ്ങളാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.