തമിഴ് സിനിമയിലെ യുവതാരനിരയിൽ ശ്രദ്ധേയനാണ് കാർത്തി(Karthi). മണിരത്നം അണിയിച്ചൊരുക്കിയ 'പൊന്നിയിൻ സെൽവനി'ൽ മിന്നും പ്രകടനം കാഴ്‌ചവച്ച് കയ്യടി നേടിയ കാർത്തിയുടേതായി നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇപ്പോഴിതാ തന്‍റെ ഇൻസ്റ്റഗ്രാമിൽ കാർത്തി പങ്കുവച്ച ഒരു ചിത്രം വാർത്തകളിൽ നിറയുകയാണ്.
ഡബ്ല്യു ഡബ്ല്യു ഇ താരം ജോൺ സെനയോടൊപ്പമുള്ള ചിത്രമാണ് കാർത്തി ആരാധകരുമായി പങ്കുവച്ചത് (Karthi poses with John Cena). മനം കവരുന്ന കുറിപ്പിനൊപ്പമാണ് കാർത്തി ഫോട്ടോ പോസ്റ്റ് ചെയ്‌തത്. താൻ ഏറെ ആരാധിക്കുന്ന ഒരാളെ കാണാനായതിലുള്ള സന്തോഷം താരത്തിന്‍റെ വാക്കുകളിൽ വ്യക്തമാണ്.
ജോൺ സെനയെ കണ്ടുമുട്ടിയതിൽ അതിയായ സന്തോഷമുണ്ടെന്ന് താരം കുറിച്ചു. റെസ്ലിങ് താരത്തെ മെൻഷൻ ചെയ്യാനും കാർത്തി മറന്നില്ല. 'കണ്ടുമുട്ടിയതിൽ അതിയായ സന്തോഷമുണ്ട്. വളരെയധികം ദയയും ഊഷ്‌മളതയും കാണിച്ചതിന് നന്ദി. പരിചയപ്പെടുന്ന ഓരോരുത്തർക്കും കുറഞ്ഞ മിനിറ്റുകൾക്കുള്ളിൽ സ്‌പെഷ്യൽ എന്നുതോന്നിക്കാൻ നിങ്ങൾക്ക് കഴിയുന്നു എന്നത് അതിശയകരമാണ്'- കാർത്തി കുറിച്ചു. ആ കുറഞ്ഞ സമയത്തിനകം തന്നെ വിശ്വസ്‌തതയും ബഹുമാനവുമെല്ലാം അനുഭവപ്പെട്ടുവെന്നും കാർത്തി വ്യക്തമാക്കി.
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ വച്ചാണ് ലോകത്തെമ്പാടും ആരാധകരുള്ള ജോൺ സെനയെ കാർത്തി കണ്ടുമുട്ടിയത്. ഹൈദരാബാദിൽ നടക്കുന്ന ഡബ്ല്യു ഡബ്ല്യു ഇ സൂപ്പർസ്റ്റാർ സ്‌പെക്‌റ്റക്കിൾ 2023മായി ബന്ധപ്പെട്ട, പ്രമോഷണൽ പരിപാടിയുടെ ഭാഗമായാണ് ഈ കൂടിക്കാഴ്‌ച എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സൂപ്പർസ്റ്റാർ സ്‌പെക്‌റ്റക്കിൾ 2023ൽ സേത്ത് റോളിൻസ്, ജിന്ദർ മഹൽ, നതാലിയ, ഡ്രൂ മക്കിന്‍റൈർ, ഗുന്തർ എന്നിവരുൾപ്പടെ പ്രശസ്‌തരായ റസ്‌ലിങ് താരങ്ങളാണ് പങ്കെടുക്കുന്നത്.