മുംബൈ: ഇബ്രാഹിം അലി ഖാൻ്റെ ജന്മദിനത്തിൽ ആശംസകൾ അറിയിച്ച് ബോളിവുഡ് നടി കരീന കപൂർ ഖാൻ. ഇബ്രാഹിം അലി ഖാൻ്റെ രണ്ടാനമ്മയാണ് കരീന കപൂർ. പഴയ കുടുംബചിത്രം തൻ്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ് കരീന ഇബ്രാഹിമിന് ആശംസകൾ നേർന്നത്. ഇബ്രാഹിം അലി ഖാന് ഇന്ന് 22 വയസ് തികഞ്ഞിരിക്കുകയാണ്. ഇതിനെ തുടർന്ന് പട്ടൗഡി രാജകുടുംബത്തിലെ നിരവധി കുടുംബാംഗങ്ങൾ ഇബ്രാഹിമിന് ജന്മദിനാശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ എത്തി.
ഒരു കുടുംബ ചിത്രം തൻ്റെ ഇൻസ്റ്റഗ്രാമിലെ സ്റ്റോറി വിഭാഗത്തിൽ പോസ്റ്റ് ചെയ്‌തുകൊണ്ട് "ഏറ്റവും സുന്ദരനും സുമുഖനുമായ ആൺകുട്ടിക്ക് ജന്മദിനാശംസകൾ" ലവ് യു എന്നെഴുതിയ പിങ്ക് ഹാർട്ട് ഇമോജിയും സഹിതം കരീന ഇബ്രാഹിമിനെ ഇൻസ്റ്റഗ്രാമിൽ ടാഗ് ചെയ്യുകയും ചെയ്‌തു. കഴിഞ്ഞ വർഷം സെയ്‌ഫ് അലി ഖാൻ്റെ മുംബൈയിലെ വീട്ടിൽ നടന്ന ജന്മദിനാഘോഷത്തിൽ നിന്നുള്ളതാണ് ചിത്രങ്ങൾ. സ്റ്റോറിയിൽ എഡിറ്റ് ചെയ്‌ത് ഇബ്രാഹിമിൻ്റെ തലയിൽ 'ബർത്ത്‌ഡേ ബോയ്' എന്നെഴുതിയ ഒരു തൊപ്പി വച്ചുകൊടുക്കാനും കരീന മറന്നില്ല.
സെയ്‌ഫ് അലി ഖാൻ്റെയും അമൃത സിംഗിൻ്റെയും മകനാണ് ഇബ്രാഹിം അലി ഖാൻ. ബോളിവുഡ് ദിവ എന്നറിയപ്പെടുന്ന കരീന പങ്കുവച്ച ചിത്രം ആരാധകരിൽ ഏറെ കൗതുകമുളവാക്കി. ചിത്രത്തിൽ ഇബ്രാഹിമിനൊപ്പം ഇടതുവശത്ത് സെയ്‌ഫ് അലി ഖാൻ നിൽക്കുന്നത് കാണാം. കരീനയുടെ മക്കളായ തൈമൂർ (5), ജെഹ് (2) എന്നിവരെ തൻ്റെ രണ്ട് കൈകൾകൊണ്ട് ചേർത്തു പിടിക്കാൻ ശ്രമിക്കുന്ന ഇബ്രാഹിമിനേയും ചിത്രത്തിൽ കാണാൻ സാധിക്കും.