ഷാരൂഖ് ഖാന്‍ ദീപിക പദുകോണ്‍ ചിത്രം 'പഠാനി'ലെ ആദ്യ ഗാനം 'ബേഷരം രംഗ്' വിമർശകർക്കിടയിൽ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഗാനരംഗത്തില്‍ ദീപിക ധരിച്ച കാവി വേഷം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിരവധി രാഷ്‌ട്രീയ വൃത്തങ്ങൾ രംഗത്തെത്തിയിരുന്നു. 'പഠാന്‍' ഗാനം ഹിന്ദുത്വ സമുദായത്തെ വൃണപ്പെടുത്തിയെന്നാരോപിച്ചും ഒരു കൂട്ടര്‍ രംഗത്തെത്തിയിരുന്നു.
സിനിമയ്‌ക്കെതിരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങള്‍ അലയടിക്കുകയാണിപ്പോള്‍. ഈ സാഹചര്യത്തില്‍ 'പഠാന്‍' സിനിമയേയും ടീമിനെയും പിന്തുണച്ച് സിനിമ മേഖലയിലെ നിരവധി പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഷാരൂഖ് ചിത്രത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് കന്നഡ നടിയും മുന്‍ ലോക്‌സഭാംഗവുമായ രമ്യ.
സ്‌ത്രീകൾക്കെതിരെയുള്ള അതിരു കടന്ന സ്‌ത്രീ വിരുദ്ധതക്കെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് താരം. ട്വിറ്ററിലൂടെയാണ് രമ്യ പ്രതികരിച്ചിരിക്കുന്നത്. സമൂഹത്തിൽ വേരൂന്നിയ സ്‌ത്രീ വിരുദ്ധർക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി പോരാടാന്‍ ആഹ്വാനം ചെയ്‌തു കൊണ്ടുള്ള ശക്തമായ കുറിപ്പാണ് രമ്യ പങ്കുവച്ചിരിക്കുന്നത്. ദീപികയ്‌ക്ക് സമാനമായുള്ള അനുഭവങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്ന ബോളിവുഡ് ടോളിവുഡ് നടിമാരുടെ ഉദാഹരണം സഹിതമായിരുന്നു രമ്യയുടെ ട്വീറ്റ്.