ഹൈദരാബാദ് : ബൈക്ക് അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ കന്നട നടന്‍ സുരാജ് കുമാറിന്‍റെ കാല്‍ മുറിച്ചുമാറ്റിയതായി റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ശനിയാഴ്‌ച(24.06.2023) മൈസൂര്‍- ഗുണ്ട്ലൂപ്പർ ദേശീയ പാതയില്‍ സഞ്ചരിക്കവെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ നടനെ മൈസൂരിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വലതുകാലില്‍ പരിക്കേറ്റ നടന്‍ ഗുരുതരാവസ്ഥ തരണം ചെയ്‌തു. സുരാജിന്‍റെ ജീവന്‍ രക്ഷിക്കുവാന്‍ അദ്ദേഹത്തിന്‍റെ വലതുകാല്‍ നിര്‍ഭാഗ്യവശാല്‍ മുറിച്ചുമാറ്റേണ്ടതായി വന്നുവെന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞു. ബൈക്ക് റൈഡിങ്ങില്‍ അതീവ താത്പര്യവും സാമര്‍ഥ്യവും ഉള്ള വ്യക്തിയായിരുന്നു സുരാജ്.
അപകടം സംഭവിച്ചത് ഇങ്ങനെ : ഊട്ടിയില്‍ നിന്ന് മൈസൂരിലേക്ക് സഞ്ചരിക്കുന്ന സമയത്താണ് നടന് അപകടം സംഭവിച്ചത്. ബൈക്കില്‍ സഞ്ചരിക്കവെ മുന്നിലുള്ള ട്രാക്‌ടറിനെ മറികടക്കാന്‍ ശ്രമിച്ച സമയം വാഹനത്തിന്‍റെ നിയന്ത്രണം നഷ്‌ടപ്പെടുകയും എതിരെ വന്ന ടിപ്പര്‍ ലോറിയില്‍ ഇടിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സുരാജിന്‍റെ കാല്‍മുട്ടിന് താഴെവച്ചാണ് മുറിച്ചുമാറ്റിയത്. കന്നട സിനിമ നിര്‍മാതാവ് എസ് എ ശ്രീനിവാസിന്‍റെ മകനാണ് സുരാജ്. കൂടാതെ ഡോ. രാജ്‌കുമാറിന്‍റെ ഭാര്യയുടെ അനന്തരവനുമാണ്.
പരിക്കേറ്റ സുരാജിനെ സൂപ്പര്‍താരം ശിവരാജ് കുമാറും ഭാര്യയും ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. അനൂപ് ആന്‍റണി സംവിധാനം ചെയ്‌ത ഭഗവാന്‍ ശ്രീ കൃഷ്‌ണ പരമാനന്ദയിലൂടെയാണ് സുരാജ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. എന്നാല്‍, ചില കാരണങ്ങളാല്‍ ചിത്രം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. രഥം എന്ന സിനിമയുടെ ചിത്രീകരണത്തിന്‍റെ തിരക്കിലായിരുന്നു നടന്‍. മാത്രമല്ല, ഇതുവരെ പേരിടാത്ത പ്രിയ പ്രകാശ് വാര്യര്‍ നായികയാകുന്ന ചിത്രത്തില്‍ നായക വേഷത്തിലും സുരാജ് കരാറൊപ്പിട്ടിരുന്നു.
പൃഥ്വിരാജിന്‍റെ ശസ്‌ത്രക്രിയ ഇന്ന് :അതേസമയം, സിനിമ ഷൂട്ടിങ്ങിനിടെ പരിക്കേറ്റ നടന്‍ പൃഥ്വിരാജിന്‍റെ ശസ്‌ത്രക്രിയ ഇന്ന് നടക്കും. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ശസ്‌ത്രക്രിയ നടക്കുക. കഴിഞ്ഞ ദിവസം ഇടുക്കിയിലെ മറയൂരില്‍ വച്ച് 'വിലായത്ത് ബുദ്ധ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടന് പരിക്കേറ്റത്.
കെഎസ്‌ആര്‍ടിസി ബസില്‍ സംഘട്ടന രംഗത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കി ഇറങ്ങുമ്പോള്‍ തെന്നി വീണായിരുന്നു അപകടം സംഭവിച്ചത്. കാലില്‍ പരിക്കേറ്റ നടനെ ഉടന്‍ തന്നെ മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്‌ധ ചികിത്സയ്‌ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
മറയൂരിലെ ആശുപത്രിയില്‍ വച്ച് എക്‌സ് റേയും സ്‌കാനിങ്ങും എടുത്ത് വൈകീട്ടോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാലിലെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
അതേസമയം, സിനിമ ആസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വിലായത്ത് ബുദ്ധ'. ജി ആര്‍ ഇന്ദുഗോപന്‍റെ 'വിലായത്ത് ബുദ്ധ' എന്ന നോവലിനെ ആധാരമാക്കിയുള്ള ഈ സിനിമ സംവിധാനം ചെയ്യുന്നത് ജയന്‍ നമ്പ്യാര്‍ ആണ്. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ അവസാന ചിത്രമായ 'അയ്യപ്പനും കോശിയും' സിനിമയുടെ അസോസിയേറ്റ് ഡയറക്‌ടറായിരുന്നു ജയന്‍ നമ്പ്യാര്‍.